|

അക്ഷരം തെറ്റാതെ വിളിക്കാം രാജസ്ഥാൻ മർദകനെന്ന്; സഞ്ജുപ്പടയെ അടിച്ചുതകർത്ത രാഹുലിന് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. 48 പന്തില്‍ 76 റണ്‍സ് നേടിയ നായകന്‍ കെ.എല്‍ രാഹുലിന്റെ കരുത്തിലാണ് ലഖ്നൗ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

എട്ട് ഫോറുകളും രണ്ട് സിക്‌സുകളും ആണ് ലഖ്‌നൗ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് രാഹുലിന് സാധിച്ചത്.

ഏഴു തവണയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ രാഹുല്‍ 50+ റണ്‍സ് നേടിയത്. ഇതോടെ ഇത്ര തന്നെ തവണ രാജസ്ഥാനെതിരെ 50+ റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ നേട്ടത്തിനൊപ്പമെത്താനും രാഹുലിന് സാധിച്ചു. ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസതാരം എ.ബി. ഡിവിയേഴ്‌സ് ആണ്. രാജസ്ഥാനെതിരെ 8 തവണയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ 50+ റണ്‍സ് നേടിയത്.

രാഹുലിന് പുറമേ ദീപക് ഹൂഡ 31 പന്തില്‍ 50 റണ്‍സും നേടി നിര്‍ണായകമായി. ഏഴ് ഫോറുകളാണ് ഹൂഡ അടിച്ചെടുത്തത്.

അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലഖ്‌നൗ തകരുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡികോക്കിനെ മടക്കി അയച്ചുകൊണ്ട് ട്രെന്റ് ബോള്‍ട്ടാണ് രാജസ്ഥാന് മികച്ച തുടക്കം നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ സന്ദീപ് ശര്‍മയും വിക്കറ്റ് നേടി. രണ്ടാം ഓവറിലെ അവസാന പന്തില്‍ മാര്‍ക്കസ് സ്റ്റോണിസിനെ ക്ലീന്‍ ബൗള്‍ഡ് ആക്കികൊണ്ടായിരുന്നു സന്ദീപ് നിര്‍ണായകമായത്. എന്നാല്‍ ഇവിടെ നിന്നും നായകന്റെ ചുമലിലേറി ലഖ്നൗ മികച്ച ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു.

രാജസ്ഥാന്‍ ബൗളിംഗ് സന്ദീപ് ശര്‍മ രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, ആര്‍.അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: Kl Rahul create a new record in ipl