| Sunday, 17th December 2023, 7:05 pm

മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടം; ഇത് രാഹുലിന് മാത്രമുള്ളത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പരയില്‍ മുമ്പിലെത്തിയിരിക്കുകയാണ്. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം 200 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ ഫൈഫറും ആവേശ് ഖാന്റെ ഫോര്‍ഫറും സൗത്ത് ആഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയിട്ടപ്പോള്‍ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയെ അതിവേഗം വിജയത്തിലെത്തിച്ചു.

അര്‍ഷ്ദീപ് സിങ് പത്ത് ഓവര്‍ പന്തെറിഞ്ഞ് 37 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എട്ട് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് ആവേശ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.

അരങ്ങേറ്റ ഏകദിനത്തില്‍ തന്നെയാണ് ഗുജറാത്ത് ടൈറ്റന്‍സ് താരം കൂടിയായ സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറി നേടിയത്. 43 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് താരം നേടിയത്. 45 പന്തില്‍ 52 റണ്‍സാണ് ശ്രേയസ് അയ്യരിന്റെ സമ്പാദ്യം.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി.

ഇന്ത്യയുടെ ഈ പടുകൂറ്റന്‍ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ തേടിയെത്തിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കക്കെതിരായ പിങ്ക് ഏകദിനം വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്.

ബ്രെസ്റ്റ് ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായാണ് സൗത്ത് ആഫ്രിക്കന്‍ ടീം പിങ്ക് ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങുന്നത്.

ടീമിന്റെ ഭാഗ്യ ജേഴ്‌സി കൂടിയാണിത്. പിങ്ക് ജേഴ്‌സിയില്‍ ഇതിന് മുമ്പ് 11 മത്സരം കളിച്ച സൗത്ത് ആഫ്രിക്ക ഇതില്‍ ഒമ്പതിലും വിജയിച്ചിരുന്നു.

ഇതിന് പുറമെ ക്യാപ്റ്റന്‍സിയേറ്റെടുത്ത് തുടര്‍ച്ചയായ പത്താം മത്സരത്തിലാണ് രാഹുല്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നത് എന്ന പ്രത്യേകതയും ഈ ജോഹനാസ്‌ബെര്‍ഗ് ഏകദിനത്തിനുണ്ട്.

മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങാന്‍ സാധിച്ചില്ലെങ്കിലും വിക്കറ്റിന് പുറകില്‍ നിന്ന് രണ്ട് ഡിസ്മിസ്സലുകള്‍ക്ക് വഴിയൊരുക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. ടോണി ഡി സോര്‍സിയെയും ഡേവിഡ് മില്ലറിനെയുമാണ് രാഹുല്‍ ക്യാച്ചെടുത്ത് പുറത്താക്കിയത്.

ഡിസംബര്‍ 19നാണ് പരമ്പരയിലെ രണ്ടാം മത്സരം. സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദി.

Content Highlight: KL Rahul becomes the first Indian captain to win a Pink ODI

We use cookies to give you the best possible experience. Learn more