ഐ.പി.എല്‍ 2023ലെ 30ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിലവിലെ ചാമ്പ്യന്‍മാരെ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. സ്വന്തം തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയപ്രതീക്ഷയോടെയാണ് ലഖ്‌നൗ ബാറ്റ് വീശുന്നത്.
ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിങ്ങിനിറങ്ങിയ ലഖ്‌നൗ ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ക്രുണാല്‍ പാണ്ഡ്യ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ മാര്‍ക്കസ് സ്‌റ്റോയിനിസും ഗംഭീരമാക്കി. ഇരുവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നവീന്‍ ഉള്‍ ഹഖും അമിത് മിശ്രയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റെയ്‌നിങ് ചാമ്പ്യന്‍മാര്‍ 20 ഓവറില്‍ 135 റണ്‍സിലൊതുങ്ങി.
ടൈറ്റന്‍സിനായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും വൃദ്ധിമാന്‍ സാഹയും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. പാണ്ഡ്യ 50 പന്തില്‍ നിന്നും 66 റണ്‍സ് നേടിയപ്പോള്‍ സാഹ 37 പന്തില്‍ നിന്നും 47 റണ്‍സും സ്വന്തമാക്കി.
136 റണ്‍സിന്റെ താരതമ്യനേ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ലഖ്‌നൗവിനായി ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 38 പന്തില്‍ നിന്നും 50 റണ്‍സ് നേടിയ രാഹുല്‍ ബാറ്റിങ് തുടരുകയാണ്.
ഗുജറാത്തിനെതിരായ മത്സരത്തില്‍ സെന്‍സിബിള്‍ ഇന്നിങ്‌സാണ് കളിക്കുന്നതെങ്കില്‍ കൂടിയും ടി-20യിലെ ഒരു തകര്‍പ്പന്‍ നേട്ടം രാഹുലിനെ തേടിയെത്തിയിരുന്നു. ടി-20യിലെ വെടിക്കെട്ട് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചാണ് താരം കരുത്ത് കാട്ടിയത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 7,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് താരം ഒന്നാമതെത്തിയത്. പട്ടികയിലെ മറ്റ് താരങ്ങളെല്ലാം തന്നെ 200ലധികം ഇന്നിങ്‌സ് കളിച്ചപ്പോഴാണ് ഈ റെക്കോഡ് സ്വന്തമായതെങ്കില്‍ തന്റെ 197ാം മത്സരത്തിലാണ് രാഹുല്‍ ഈ റെക്കോഡിലേക്ക് നടന്നുകയറിയത്.
ടി-20യില്‍ ഏറ്റവും വേഗത്തില്‍ 7,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങള്‍
(താരം – കളിച്ച ഇന്നിങ്‌സ് എന്ന ക്രമത്തില്‍)
കെ. എല്‍. രാഹുല്‍ – 197
വിരാട് കോഹ്‌ലി – 212
ശിഖര്‍ ധവാന്‍ – 246
സുരേഷ് റെയ്‌ന – 251
രോഹിത് ശര്‍മ – 258
അതേസമയം, 15 ഓവര്‍ പിന്നിടുമ്പോള്‍ ലഖ്‌നൗ 106 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. കൈല്‍ മയേഴ്‌സിന്റെയും ക്രുണാല്‍ പാണ്ഡ്യയുടെയും വിക്കറ്റുകളാണ് ലഖ്‌നൗവിന് നഷ്ടമായത്. 47 പന്തില്‍ നിന്നും 59 റണ്‍സുമായി രാഹുലും റണ്‍സൊന്നും നേടാതെ നിക്കോളാസ് പൂരനുമാണ് ക്രീസില്‍.
Content highlight: KL Rahul becomes the fastest Indian batter to score 7000 T20 runs