ഇത് ഏഷ്യാ കപ്പിലെ തന്നെ ചരിത്രം! രാഹുല്‍-വിരാട് ക്ലാസ് ആന്‍ഡ് മാസ് കോമ്പോ!
Asia cup 2023
ഇത് ഏഷ്യാ കപ്പിലെ തന്നെ ചരിത്രം! രാഹുല്‍-വിരാട് ക്ലാസ് ആന്‍ഡ് മാസ് കോമ്പോ!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th September 2023, 8:02 pm

പാകിസ്ഥാനെതിരെയുള്ള സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ മികച്ച ടോട്ടല്‍ നേടി. മഴ കാരണം റിസര്‍വ് ഡേയിലേക്ക് മാറ്റിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യക്കായി വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും സെഞ്ച്വറി നേടിയപ്പോള്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അര്‍ധസെഞ്ച്വറി സ്വന്തമാക്കി.

94 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറുമടക്കമാണ് വിരാട് തന്റെ ഇന്നിങ്‌സ് കെട്ടിപൊക്കിയത്. മധ്യ ഓവറുകള്‍ ആക്രമിച്ച് കളിച്ച രാഹുലിന്റെ ഇന്നിങ്‌സില്‍ 12 ഫോറും രണ്ട് സിക്‌സറുമുണ്ടായിരുന്നു. 147ന് രണ്ട് എന്ന നിലിയിലായിരുന്നു ഇന്നത്തെ മത്സരം ആരംഭിച്ചത്. മധ്യ ഓവറുകളില്‍ രാഹുല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ വിരാട് നങ്കൂരമിട്ട് ബാറ്റ് വീശി. എന്നാല്‍ അവസാന ഓവറുകളില്‍ വിരാട് തനിരൂപം പുറത്തെടുക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ 233 റണ്‍സിന്റെ കൂട്ടിക്കെട്ടാണ് വിരാടും മൂന്നാം വിക്കറ്റില്‍ ചേര്‍ത്തത്. പുതിയ റെക്കോഡാണ് ഈ പാര്‍ട്ണര്‍ഷിപ്പിലൂടെ ഇരുവരും സൃഷ്ടിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പാണ് ആ 233 റണ്‍സ്.

ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 17.5 ഓവറില്‍ 123 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ഇരുവരും ഒന്നിക്കുന്നത്. ഓപ്പണര്‍മാരായ രോഹിത്തും ഗില്ലും തന്ന തുടക്കം മുതലാക്കുന്നതോടൊപ്പം റണ്‍റേറ്റ് കുറയാതെ നോക്കേണ്ടതും ഇരുവരുടെയും ഉത്തരവാദിത്തമായിരുന്നു തുടക്കത്തില്‍ ശ്രദ്ധയോടെ ബാറ്റ് വീശിയ രാഹുലും വിരാടും മോശം ബോളുകള്‍ നോക്കി പ്രഹരിച്ചു അവസാന ഓവറുകളില്‍ കത്തികയറിയതോടെ പാകിസ്ഥാന്‍ ഉത്തരമില്ലാതെയായി.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പാകിസ്ഥാന്‍ ബൗളര്‍മാരെ നേരിടാന്‍ സാധിക്കില്ല എന്ന വാദം ഇതോടെ പൊളിച്ചടുക്കി കയ്യില്‍ കൊടുക്കുകയാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍.

Content Highlight: KL Rahul and Virat Kohli Creates Record Partnership In Asia Cup