| Sunday, 12th November 2023, 8:04 pm

എന്തൊരു അടി, ലോകകപ്പിന്റെ ചരിത്രം പോലും വഴി മാറി; ഇതിഹാസനേട്ടവുമായി രാഹുലും അയ്യരും

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഇന്ത്യ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പുറത്തെടുത്തത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്.

ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത് സ്‌കോറാണ് ചിന്നസ്വാമിയില്‍ പിറന്നത്. 2007ല്‍ ബെര്‍മുഡക്കെതിരെ 413 റണ്‍സ് നേടിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ 400+ സ്‌കോര്‍ സ്വന്തമാക്കുന്നത്.

ശ്രേയസ് അയ്യരിന്റെയും കെ.എല്‍. രാഹുലിന്റെയും സെഞ്ച്വറിയും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ശ്രേയസ് അയ്യര്‍ 94 പന്തില്‍ നിന്നും പുറത്താകാതെ 128 റണ്‍സ് നേടിയപ്പോള്‍ 64 പന്തില്‍ 102 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. രോഹിത് ശര്‍മ 61 റണ്‍സടിച്ചപ്പോള്‍ ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും 51 റണ്‍സ് വീതവും നേടി.

ഇന്ത്യന്‍ സ്‌കോര്‍ 200ല്‍ നില്‍ക്കവെ വിരാട് കോഹ്‌ലി പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് നാലാം നമ്പറില്‍ കെ.എല്‍. രാഹുല്‍ ക്രീസിലെത്തുന്നത്. ശ്രേയസ് അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി.

ടീം സ്‌കോര്‍ 200ല്‍ നില്‍ക്കവെ ഒന്നിച്ച രാഹുല്‍-അയ്യര്‍ കോംബോ പിരിയുന്നത് ഇന്ത്യ 408 റണ്‍സെടുത്ത് നില്‍ക്കവെയാണ്. 208 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

ഈ നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഇന്ത്യയെ തേടിയെത്തിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ നാലാം നമ്പറില്‍ പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ കൂട്ടുകെട്ട് എന്ന നേട്ടമാണ് രാഹുലും അയ്യരും ചേര്‍ന്ന് സ്വന്തമാക്കിയത്.

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് പൊരുതുകയാണ്. നിലവില്‍ 22 ഓവര്‍ പിന്നിടുമ്പോള്‍ 91 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് നെതര്‍ലന്‍ഡ്‌സ്. 33 പന്തില്‍ 12 റണ്‍സ് നേടിയ സൈബ്രന്‍ഡ് എന്‍ഗല്‍ബ്രക്ടും 20 പന്തില്‍ പത്ത് റണ്‍സടിച്ച സ്‌കോട്ട് എഡ്വാര്‍ഡ്‌സുമാണ് ക്രീസില്‍.

വെസ്‌ലി ബെറാസി(5 പന്തില്‍ 4), മാക്‌സ് ഒ ഡൗഡ് (42 പന്തില്‍ 30), കോളിന്‍ അക്കര്‍മാന്‍ (32 പന്തില്‍ 35) എന്നിവരുടെ വിക്കറ്റാണ് ഡച്ച് പടയ്ക്ക് നഷ്ടമായത്.

Content highlight:KL Rahul and Sreyas Iyer creates highest partnership in No: 4

We use cookies to give you the best possible experience. Learn more