ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം മാനേജ്‌മെന്റാണ് തന്നോട് വിക്കറ്റ് കീപ്പറാകാന്‍ ആവശ്യപ്പെട്ടതെന്ന് കെ.എല്‍. രാഹുല്‍. കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് പൊസിഷനില്‍ കളിക്കുന്നത് താന്‍ ആസ്വദിച്ചുവെന്നും താരം പറയുന്നു.
കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ കെ.എല്‍. രാഹുല്‍ മാത്രമായിരുന്നു അല്‍പമെങ്കിലും പിടിച്ചുനിന്നത്. 70 പന്തില്‍ നിന്നും 73 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്. രാഹുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
‘കഴിഞ്ഞ കുറേ നാളുകളായി നമ്മള്‍ അധികം ഏകദിന മത്സരങ്ങളൊന്നും തന്നെ കളിച്ചിരുന്നില്ല. എന്നാല്‍ 2020-21 സീസണ്‍ മുതല്‍ നോക്കുകയാണെങ്കില്‍ ഞാന്‍ ഏകദിനത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുകയും വിക്കറ്റ് കീപ്പറുടെ റോള്‍ നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്.
മാനേജ്‌മെന്റാണ് എന്നോട് വിക്കറ്റ് കീപ്പറാവാന്‍ ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് റിഷബ് പന്തിനെ റിലീസ് ചെയ്തതെന്നൊന്നും എനിക്കറിയില്ല. മെഡിക്കല്‍ ടീമിന് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ രാഹുല്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒറ്റ വിക്കറ്റിനായിരുന്നു ബംഗ്ലാ കടുവകളുടെ വിജയം.
ബംഗ്ലാദേശ് ബൗളിങ്ങിന് മുമ്പില്‍ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു. പത്ത് ഓവര്‍ പന്തെറിഞ്ഞ് കേവലം 36 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുന്‍ നായകന്‍ ഷാകിബ് അല്‍ ഹസനും 8.2 ഓവറില്‍ 47 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ എദാബോത് ഹുസൈനുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 186 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.
ഇന്ത്യയെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടെങ്കിലും ബംഗ്ലാദേശിനും ചെയ്‌സിങ് എളുപ്പമായിരുന്നില്ല.
ബാറ്റിങ്ങില്‍ ഇന്ത്യയുടെ ഹീറോയായ കെ.എല്‍. രാഹുല്‍ ഒറ്റയടിക്ക് ഇന്ത്യയുടെ വില്ലനാകുന്ന കാഴ്ചയായിരുന്നു ബംഗ്ലാദേശ് ഇന്നിങ്‌സില്‍ കണ്ടത്.
ബംഗ്ലാദേശ് ഇന്നിങ്‌സ് 155ല്‍ നില്‍ക്കവെ അവസാന വിക്കറ്റായ മെഹ്ദി ഹസന്റെ സിംപിള്‍ ക്യാച്ച് താരം താഴെയിടുകയായിരുന്നു. ആ ക്യാച്ച് കൈപ്പിടിയിലൊതുക്കിയിരുന്നുവെങ്കില്‍ മത്സരം ഇന്ത്യക്ക് അനുകൂലമാകുമായിരുന്നു.
ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ബംഗ്ലാദേശിന് സാധിച്ചു.
ഡിസംബര്‍ ഏഴിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഇതേ സ്റ്റേഡിയത്തില്‍ വെച്ച് തന്നെയാണ് മത്സരം നടക്കുന്നത്.
Content Highlight: KL Rahul about Wicket Keeping