| Saturday, 22nd April 2023, 9:25 pm

എങ്ങനെ തോറ്റെന്ന് ഒരു പിടിയും ഇല്ല, ആര്‍ക്കാണ് തെറ്റ് പറ്റിയെന്നും അറിയില്ല; മത്സരശേഷം നിരാശ വ്യക്തമാക്കി രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോ സ്‌കോറിങ് ത്രില്ലറുകളിലൊന്നിനാണ് ശനിയാഴ്ച എകാന സ്‌പോര്‍ട്‌സ് സിറ്റി സാക്ഷ്യം വഹിച്ചത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിക്കാനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഞെട്ടിക്കുന്ന തോല്‍വി സമ്മാനിച്ചാണ് ഗുജറാത്ത് വിലപ്പെട്ട രണ്ട് പോയിന്റ് സ്വന്തമാക്കിയത്.

വിജയം ഉറപ്പിച്ചിടത്ത് നിന്നുമായിരുന്നു ലഖ്‌നൗ പരാജയത്തിലേക്ക് വഴുതി വീണത്. 135 എന്ന താരതമ്യേന ചെറിയ സ്‌കോര്‍ ചെയ്‌സ് ചെയ്തിറങ്ങിയ ലഖ്‌നൗ, വിജയിക്കുമെന്ന് അവസാന നിമിഷം വരെ ആരാധകരെ കൊണ്ട് തോന്നിപ്പിച്ചാണ് പരാജയം ചോദിച്ചുവാങ്ങിയത്.

ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നത്തേയും പോലെ സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച അര്‍ധ സെഞ്ച്വറി നേടിയെങ്കിലും വിജയം മാത്രം അകന്നുനിന്നു.

ഒരുവേള എട്ട് വിക്കറ്റ് കയ്യിലിരിക്കെ 30 പന്തില്‍ നിന്നും ലഖ്‌നൗവിന് വിജയിക്കാന്‍ 30 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ 22 റണ്‍സ് മാത്രമാണ് ശേഷിക്കുന്ന 30 പന്തില്‍ സൂപ്പര്‍ ജയന്റ്‌സിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

മത്സരശേഷം തോല്‍വിയിലെ നിരാശ വ്യക്തമാക്കുകയാണ് ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുല്‍. എവിടെയാണ് പിഴച്ചതെന്ന് അറിയില്ലെന്നും വിലപ്പെട്ട രണ്ട് പോയിന്റ് നഷ്ടമായെന്നും താരം പറഞ്ഞു. പോസ്റ്റ് മാച്ച് പ്രസന്റേഷനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ അത് സംഭവിച്ചു. എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചൂണ്ടിക്കാണിക്കാന്‍ പോലും എനിക്ക് സാധിക്കില്ല. വിലപ്പെട്ട രണ്ട് പോയിന്റ് ഞങ്ങള്‍ക്ക് നഷ്ടമായി. ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് ഞങ്ങള്‍ നടത്തിയതെന്നാണ് ഞാന്‍ കരുതുന്നത്.

ബാറ്റിങ്ങില്‍ മികച്ച രീതിയില്‍ തന്നെയാണ് ഞങ്ങള്‍ തുടങ്ങിയത്. പക്ഷേ തുടര്‍ന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്, ഞങ്ങളതിന്റെ ഉത്തരവാദിത്വമേറ്റെടുക്കണം. എന്നാല്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഏഴ് മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണ് ഞങ്ങള്‍ക്കുള്ളത്. ഇന്നത്തെ മത്സരം ഞങ്ങള്‍ക്കനുകൂലമായില്ല,’ രാഹുല്‍ പറഞ്ഞു.

നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവും മൂന്ന് തോല്‍വിയുമായി എട്ട് പോയിന്റാണ് ലഖ്‌നൗവിനുള്ളത്. ഈ മത്സരം തോറ്റെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് തുടരാനും ലഖ്‌നൗവിനായി.

ഏപ്രില്‍ 28നാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. മൊഹാലിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.

Content Highlight: KL Rahul about the loss against Gujarat Titans

We use cookies to give you the best possible experience. Learn more