ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നതിനെ എന്തിനാണ് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നത്: കെ.എല്‍. രാഹുല്‍
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനാണ് ഇന്ത്യയൊരുങ്ങുന്നത് കളിച്ച എല്ലാ മത്സരത്തിലും വിജയിച്ച ഇന്ത്യ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയാണ് നേരിടാനൊരുങ്ങുന്നത്. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലാണ് ഇന്ത്യ – ഇംഗ്ലണ്ട് മത്സരം.
ഐ.പി.എല്ലില്‍ കെ.എല്‍. രാഹുലിന്റെ ഹോം സ്‌റ്റേഡിയമാണ് എകാന. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം നിരവധി വിജയങ്ങള്‍ നേടിയ രാഹുല്‍ ഇംഗ്ലണ്ടിനെതിരെയും വിജയിക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്.
എന്നാല്‍ അവസാനമായി ലഖ്‌നൗ സ്റ്റേഡിയത്തില്‍ കളിച്ചപ്പോഴായിരുന്നു രാഹുലിന് പരിക്കേറ്റതും ഏറെ നാളത്തേക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതും.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗ്രൗണ്ടിനെ കുറിച്ചും അന്നത്തെ പരിക്കുകളെ കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു. ഇതിന് രാഹുല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘ഞാനത് മറക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങളത് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ്,’ എന്നാണ് ചിരിച്ചുകൊണ്ട് രാഹുല്‍ മറുപടി നല്‍കിയത്.
‘അത് എന്റെ മനസിലില്ല എന്ന് പറയാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസം ഞാന്‍ ഇവിടെയെത്തിയപ്പോള്‍ അന്ന് വീണ് പരിക്കേറ്റതിനെ കുറിച്ചാണ് എനിക്ക് ഓര്‍മ വന്നത്. അതാണ് ഈ ഗ്രൗണ്ടിനെ കുറിച്ചുള്ള എന്റെ അവസാന ഓര്‍മ. അത് മറക്കാനുള്ള ഒരുപിടി മികച്ച ഓര്‍മകള്‍ സ്വന്തമാക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്.
ആ പരിക്ക് എന്നെ നാലഞ്ച് മാസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും മാറ്റി നിര്‍ത്തി. അത് എന്ന സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പരിക്കേറ്റ് സര്‍ജറി ചെയ്യേണ്ടി വന്ന ഏതെങ്കിലും താരത്തോട് പരിക്കിനെ കുറിച്ച് ചോദിക്കുകയാണെങ്കില്‍ അതില്‍ നിന്നും കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് എത്രത്തോളം കഠിനകരമായിരുന്നുവെന്ന് അവര്‍ പറയും. കഠിനാധ്വാനവും ക്ഷമയും എല്ലാം ഇതിന് വേണം, ഒട്ടും എളുപ്പമുള്ള കാര്യമല്ല,’ രാഹുല്‍ പറഞ്ഞു.
നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന രാഹുലിന് എകാനയിലും ആ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ വിജയിച്ചാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം.
അതേസമയം, ഒറ്റ ജയം മാത്രം നേടി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്ന ഇംഗ്ലണ്ടിന് മത്സരം നിര്‍മായകമാണ്. ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ക്യാമ്പെയ്ന്‍ ഏറെക്കുറെ അവസാനിക്കും.
Content highlight: KL Rahul about his Injuries