| Monday, 20th July 2015, 10:26 am

'കെ.എല്‍.പത്ത്' കോയിക്കോട് നിന്നും കണ്ണൂരിലേക്കുള്ള ഒരു യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആണും-പെണ്ണും മാത്രമായിരിക്കുമ്പോള്‍ ഇടയില്‍ വരുന്നത് ഇബ്ലീസാണെന്ന പൗരോഹിത്യത്തിന്റെ തത്വം “കെ.എല്‍.പത്തി”ല്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്. സദാചാരപോലീസിങ്ങിന്റെ കാലത്ത് പൗരോഹിത്യമാണ് സദാചാരത്തിന്റെ ഇടങ്ങള്‍ പണിയാന്‍ മണ്ണൊരുക്കുന്നതെന്ന് പറയാതെ പറയാന്‍ ശ്രമിക്കുന്നുണ്ട് സിനിമ.



സിനിമാ റിവ്യൂ: പി.ജിംഷാര്‍


റേറ്റിങ് :
ചിത്രം: കെ.എല്‍.പത്ത്
സംവിധാനം: മുഹ്‌സിന്‍ പെരാരി
നിര്‍മാണം: അലക്‌സാണ്ടതര്‍ മാത്യു, സതീഷ് മോതഹന്‍, എല്‍.ജെ ഫിലിംസ്‌
അഭിനേതാക്കള്‍: ഉണ്ണി മുകുന്ദന്‍, മാമുക്കോയ,ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അഹമ്മദ് സിദ്ദീഖ് മുതലായവര്‍
സംഗീതം: ബിജിലാല്‍
ഛായാഗ്രഹണം: വിഷ്ണു നാരായണ്‍

കേരളത്തില്‍ ഏറ്റവും നിഗൂഢമായ സ്ഥലരാശിയാണ് മലപ്പുറം. ബോംബിന്റേയും മതാന്തതയുടേയും നാടായാണ് പൊതുബോധവും മലയാളസിനിമയും മലബാറിനെ പ്രത്യേകിച്ച് മലപ്പുറത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്. “കെ.എല്‍.പത്ത്” എന്ന മലപ്പുറം രജിസ്‌ട്രേഷനിലുള്ള വണ്ടി സെല്ലുലോയ്ഡിന്റെ രാജവീഥിയിലൂടെ ഓടുമ്പോള്‍ തികച്ചും രാഷ്ട്രീയമായ ചില ചോദ്യങ്ങളേയും ഉത്തരങ്ങളേയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

ഗന്ധര്‍വ്വനും പുണ്യാളനും ഒരുക്കുന്ന ഫാന്റസി മാത്രമല്ല ഫാന്റസിയെന്നും ജിന്നുകള്‍ക്കും സിനിമാഭൂപടത്തില്‍ സ്ഥാനമുണ്ടെന്ന് മുഹ്‌സിന്‍ പെരാരി പ്രഖ്യാപിക്കുകയാണ് “കെ.എല്‍.പത്തി”ല്‍. അടിസ്ഥാനപരമായി “കെ.എല്‍.പത്ത”് ഒരു ഫാന്റസിയില്‍ പൊതിഞ്ഞ പ്രണയകഥയാണ്.

ബീഫ് നിരോധനവും വിബ്ജിയോറിലെ ഫാസിസ്റ്റ് ആക്രമണവും അടക്കം കേരളം കഴിഞ്ഞകാലത്ത് നേരിടേണ്ടി വന്ന ഫാസിസ്റ്റ് ആക്രമണത്തേയും മുസ്‌ലിം അപരവല്‍ക്കരണ രാഷ്ട്രീയത്തേയും കൂട്ടില്‍ കയറ്റി നിറുത്തി വിചാരണ ചെയ്യുന്നുണ്ട് ഈ സിനിമ. കേവലമൊരു പ്രണയകഥയ്ക്കപ്പുറം രാഷ്ട്രീയമായ ചിലചോദ്യങ്ങള്‍ക്ക് കൂടി മുഹ്‌സിന്‍ “കെ.എല്‍.പത്തി”നകത്ത് ഇടംനല്‍കുന്നു.

അപരവല്‍ക്കരിക്കപ്പെട്ട ദേശം എന്ന നിലയില്‍ നിന്നും മലപ്പുറത്തെ വീണ്ടെടുക്കുന്ന കലഹമുണ്ട് “കെ.എല്‍.പത്തി”ല്‍. അതുകൊണ്ട് തന്നെ, മഴ ഇവിടെ മയയായി പെയ്യുകയും, പുഴ പുയയായി ഒഴുകുകയും ചെയ്യുന്നു. പെണ്ണുങ്ങളില്ലാത്ത ആണുങ്ങളുടെ പൊന്നാപുരം കോട്ടയായ അറബിക്കോളേജും അവിടുത്തെ ആണിടങ്ങളുടെ പ്രശ്‌നങ്ങളും തീവ്രമായി തന്നെ പ്രശ്‌നവല്‍ക്കരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ആണും-പെണ്ണും മാത്രമായിരിക്കുമ്പോള്‍ ഇടയില്‍ വരുന്നത് ഇബ്‌ലീസാണെന്ന പൗരോഹിത്യത്തിന്റെ തത്വം “കെ.എല്‍.പത്തി”ല്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്. സദാചാരപോലീസിങ്ങിന്റെ കാലത്ത് പൗരോഹിത്യമാണ് സദാചാരത്തിന്റെ ഇടങ്ങള്‍ പണിയാന്‍ മണ്ണൊരുക്കുന്നതെന്ന് പറയാതെ പറയാന്‍ ശ്രമിക്കുന്നുണ്ട് സിനിമ. ഇതിനെല്ലാം പുറമെ മുസ്‌ലിം യുവാക്കളുടെ പ്രത്യേകിച്ച് മലപ്പുറത്തെ ചുള്ളന്മാരുടെ ജീവിത രീതികളെ സര്‍ഗാത്മകമായി അടയാളപ്പെടുത്തുന്നുണ്ട് “കെ.എല്‍.പത്ത്” .

ഫുട്‌ബോളും ഭക്ഷണവും രാഷ്ട്രീയവും പ്രണയവുമടക്കം മലബാറിന്റെ എല്ലാ തനിമകളേയും അപരവല്‍ക്കരണം കൂടാതെ മുഹ്‌സിന്‍ വെള്ളിത്തിരയിലേക്ക് പകര്‍ത്തിവെക്കുന്നു.

സ്ത്രീകളെ കണ്ടാല്‍, ലൈംഗിക ചിന്തകളെ അകറ്റാനായി “അസ്ത്തഹ്ഫിറുള്ളാ” എന്ന് ചൊല്ലാന്‍ കല്‍പ്പിക്കുന്ന പൗരോഹിത്യത്തിന്റെ നിലപാടുകള്‍ ചിരിയ്ക്കും ചിന്തയ്ക്കും വകനല്‍കുന്നുണ്ട്. മാപ്പിള ബാല്യങ്ങളില്‍ സ്ത്രീ ശരീരത്തെ കുറിച്ചുള്ള പാപബോധങ്ങളെ ആഴത്തില്‍ അരക്കിട്ടുറപ്പിക്കുന്ന പൗരോഹിത്യത്തിന്റെ മൂല്യബോധങ്ങള്‍ സിനിമയ്ക്കകത്ത് പുച്ഛരസം ഉല്‍പ്പാദിപ്പിക്കുന്നു. പെണ്‍മണം പോലുമില്ലാത്ത ഇടത്ത് ലൈലയുടേയും ഖൈസിന്റേയും പ്രണയത്തെ കുറിച്ച് വാചാലമാകുന്ന ഉസ്താദുമാരുടെ ഉപരിപ്ലവതയെ സിനിമ ചോദ്യം ചെയ്യുന്നു.

അറബിക്ക് കോളേജ് വിദ്യാര്‍ത്ഥിയും ഫുട്‌ബോള്‍ കളിക്കാരനുമായ അഹമ്മദ് എന്ന യുവാവിന് ആര്‍കിടെക്റ്റ് ആയ ഷാദിയയോട് തോന്നുന്ന പ്രണയവും ഒളിച്ചോട്ടവും ഒളിച്ചോട്ടാനന്തരമുള്ള ശുഭാന്ത്യവുമാണ് “കെ.എല്‍.പത്തി”ന്റെ പ്രധാന ആഖ്യാനത്തെ നിര്‍ണയിക്കുന്നത്. പതിവ് മലയാളസിനിമാ സങ്കല്‍പ്പങ്ങളെ പിന്‍പറ്റിക്കൊണ്ട് വെറുമൊരു കാഴ്ചക്കാരി മാത്രമായി പലപ്പോഴും ഷാദിയ മാറുന്നുണ്ട്. എന്നാല്‍, ആര്‍കിടെക്‌റ്റെന്ന നിലയില്‍ സ്വന്തം തൊഴില്‍ മേഖലയില്‍ കഴിവുതെളിയിച്ചവളാണ് ഷാദിയ എന്ന് ഏതാനും ഫ്രൈമുകളിലൂടെ ചുമ്മാ പറഞ്ഞുപോകുന്നത് എഴുതിവെച്ചാല്‍ ഷാദിയ ശരിക്കും അഹമ്മദിന് പ്രണയിക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയ വെറും ശരീരം മാത്രമാണ്.


സ്ത്രീകളെ കണ്ടാല്‍, ലൈംഗിക ചിന്തകളെ അകറ്റാനായി “അസ്ത്തഹ്ഫിറുള്ളാ” എന്ന് ചൊല്ലാന്‍ കല്‍പ്പിക്കുന്ന പൗരോഹിത്യത്തിന്റെ നിലപാടുകള്‍ ചിരിയ്ക്കും ചിന്തയ്ക്കും വകനല്‍കുന്നുണ്ട്. മാപ്പിള ബാല്യങ്ങളില്‍ സ്ത്രീ ശരീരത്തെ കുറിച്ചുള്ള പാപബോധങ്ങളെ ആഴത്തില്‍ അരക്കിട്ടുറപ്പിക്കുന്ന പൗരോഹിത്യത്തിന്റെ മൂല്യബോധങ്ങള്‍ സിനിമയ്ക്കകത്ത് പുച്ഛരസം ഉല്‍പ്പാദിപ്പിക്കുന്നു. പെണ്‍മണം പോലുമില്ലാത്ത ഇടത്ത് ലൈലയുടേയും ഖൈസിന്റേയും പ്രണയത്തെ കുറിച്ച് വാചാലമാകുന്ന ഉസ്താദുമാരുടെ ഉപരിപ്ലവതയെ സിനിമ ചോദ്യം ചെയ്യുന്നു.


കുടുംബത്തിന്റെ മാനംകാക്കാന്‍ ഭാര്യയെ തെരഞ്ഞെടുപ്പിന് നിര്‍ത്തുകയും ഇസ്തിരിയിടാത്ത കുപ്പായം കിട്ടുമ്പോള്‍ സ്ത്രീ ശാക്തീകരണത്തെ തള്ളിപ്പറയുകയും ചെയ്യുന്ന ഹാസ്യംകുറിക്ക് കൊള്ളുന്നുണ്ട്. റോഷന്‍ എന്ന യുവ ഇടതുപക്ഷ നേതാവിലൂടെ മലബാറില്‍ സി.പി.ഐ.എം പയറ്റുന്ന മതപ്രീണന രാഷ്ട്രീയത്തിന്റെ പൊള്ളത്തരത്തേയും സിനിമ തുറന്ന് കാണിക്കുന്നു.

കൊലപാതകത്തിനും വെട്ടുംകുത്തിനും പേരുകേട്ടവരാണ് കണ്ണൂരിലെ ഇടതുപക്ഷ രാഷ്ട്രീയക്കാരെന്ന സിനിമാ അപരവല്‍ക്കരണത്തേയും മാധ്യമബോധത്തേയും സിനിമ കളിയാക്കുന്നുണ്ട്. തല്ലിയാല്‍ തിരിച്ചുതല്ലും എന്ന രീതിയിലുള്ള റിങ്ങ് ടോണ്‍ ഫോണില്‍ സൂക്ഷിക്കുന്ന സുബീഷിന്റെ കഥാപാത്രം കണ്ണൂരിലെ സി.പി.ഐ.മ്മുകാരുടെ സ്‌നേഹത്തിന്റേയും സഹായത്തിന്റേയും രാഷ്ട്രീയത്തെ വ്യക്തമാക്കുന്നു. ഫ്യൂഡല്‍ കാര്‍ക്കശ്യത്തിനും പാര്‍ട്ടിവല്‍ക്കരിച്ച ശരീരത്തിനുമൊപ്പം പ്രണയവിവാഹങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും കൂടെ നില്‍ക്കാനുള്ള കണ്ണൂരുകാരുടെ സഹജമായ സ്‌നേഹത്തേയും സിനിമ ചേര്‍ത്തുവെക്കുന്നുണ്ട്.

മലപ്പുറത്ത് നിന്നും തുടങ്ങി കണ്ണൂരിലേക്ക് നീളുന്ന “കെ.എല്‍.പത്ത”് അപരവല്‍ക്കരിക്കപ്പെട്ട മലബാര്‍ രാഷ്ട്രീയത്തിന്റെ പൊളിച്ചെഴുത്ത് നടത്തുന്നുണ്ട്. സാംസ്‌കാരികമായും രാഷ്ട്രീയമായും ഇത്തരം ഒരുപൊളിച്ചെഴുത്തിന് ശ്രമിച്ചു എന്നത് തന്നെയാണ് “കെ.എല്‍.പത്തി”ന്റെ കാലികപ്രസക്തിയും.

ബുദ്ധിജീവിയില്‍ നിന്നും പ്രണയനായകനിലേക്കുള്ള അഹമ്മദിന്റെ പകര്‍ന്നാട്ടം യാഥൊരു വിധത്തിലും ഏശുന്നില്ല എന്നത് പറയാതെ വയ്യ. ചിത്രത്തിന്റെ ന്യൂനതകളില്‍ ഒന്നായി അഹമ്മദെന്ന കഥാപാത്രമായി ഉണ്ണിമുകുന്ദന്‍ നടത്തിയ പ്രകടനം ശരാശരിയായി മാറുന്നു. നായകനും നായികയ്ക്കും കാര്യമായി ചെയ്യാനൊന്നുമില്ലാത്ത സിനിമയില്‍ പ്രേക്ഷകന്‍ അവരെ കാര്യമായി ശ്രദ്ധിക്കുന്നില്ല എന്നത് സിനിമയുടെ സാധ്യതയും പരിമിതിയുമായി മാറുന്നു.

അഹമ്മദിന്റെ ഒളിച്ചോട്ടത്തിന് പിറകെ പോകുന്ന ഇക്കാക്കയും സംഘവും തിരക്കഥയില്‍ പലയിടത്തായുമുള്ള കയ്യടക്കമില്ലായ്മയെ വെളിപ്പെടുത്തുകയും സിനിമയെ ദുര്‍ബലമാക്കുകയും ചെയ്യുന്നുണ്ട്. അജു വര്‍ഗ്ഗീസിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ സ്ഥിരം സിനിമകളുടെ ഒരു തുടര്‍ച്ചയായി മാറുന്നുണ്ട്. അഹമ്മദിനെ തിരക്കിയിറങ്ങുന്ന സംഘങ്ങളുടെ തമാശകള്‍ പലയിടത്തും വെറുപ്പിക്കലിലേക്ക് വഴിമാറുന്നുണ്ട്. ചിത്രത്തിന്റെ ആസ്വാദനത്തിന് വിലങ്ങുതടിയാകുന്നത് വലിച്ചു നീട്ടിയുള്ള ഈ യാത്ര തന്നെയാണ്. തമാശക്കായി തമാശ സൃഷ്ടിച്ച ഈ യാത്രയാണ് കെ.എല്‍.പത്തിന്റെ രസംകൊല്ലി എന്ന് വേണമെങ്കില്‍ പറയാം. അജു വര്‍ഗ്ഗീസും നീരജ് മാധവനും ചേര്‍ന്നുള്ള തമാശ രംഗങ്ങള്‍ തമാശയല്ലാതെ പോകുന്നത് ചിത്രത്തിന്റെ ആസ്വാദനത്തെ നെഗറ്റീവായി ബാധിക്കുന്നുണ്ട്.

തിരക്കഥയുടെ ദൗര്‍ബല്യത്തേയും വലിച്ചു നീട്ടിയ ആഖ്യാനത്തിനും അപ്പുറം ഈ സിനിയ്ക്ക് ജീവന്‍ നല്‍കുന്നത് സിനിമയില്‍ ഉടനീളം പ്രകടമാകുന്ന മാപ്പിളത്തമാണ്. മാപ്പിള ഈണങ്ങളും മാപ്പിള തമാശകളും “കെ.എല്‍.പത്തി”നെ സവിശേഷതയുള്ള ഒരു സിനിമയാക്കി മാറ്റുന്നു. കള്‍ച്ചറല്‍ ജോക്കുകളെന്ന് വിളിക്കാവുന്ന തരത്തില്‍ രൂപപ്പെട്ട തമാശകളും ഇത്തരം തമാശകള്‍ സൃഷ്ടിക്കുന്ന നൈസര്‍ഗികമായ ചിരിയുമാണ് “കെ.എല്‍.പത്തി”നെ പുതുമയുള്ള സിനിമയാക്കി മാറ്റുന്നത്.

മാപ്പിളത്ത്വം തീവ്രവാദത്തിന്റേയും ബോംബിന്റേയും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതെല്ലെന്ന പ്രഖ്യാപനം തന്നെയാണ് “കെ.എല്‍പത്ത്” മുന്നോട്ട് വെക്കുന്നത് “നേറ്റീവ് ബാപ്പ” എന്ന മുഹ്‌സിന്റെ തന്നെ മ്യൂസിക്കല്‍ വീഡിയോയുടെ ഒരു തുടര്‍ച്ചയായി തന്നെ വായിക്കപ്പെടാനുള്ള ചില സാധ്യതകള്‍ അവശേഷിപ്പിക്കുന്നുണ്ട് “കെ.എല്‍.പത്ത്”
കേവലമായ ഒരു പ്രണയചിത്രം എന്നതില്‍ നിന്നും “കെ.എല്‍.പത്തി”നെ വ്യത്യസ്തമാക്കുന്നത് ചിത്രം മുന്നോട്ടുവെക്കുന്ന അപരവല്‍ക്കരണത്തിനെതിരെയുള്ള രാഷ്ട്രീയവും അതിന്റെ രാഷ്ട്രീയ തമാശകളും തന്നെയാണ്.

We use cookies to give you the best possible experience. Learn more