| Wednesday, 22nd May 2019, 11:29 am

മൂക്കിന് പകരം ഓപ്പറേഷന്‍ വയറില്‍; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേരി: ആറുവയസുകാരന് നടത്തേണ്ട ശസ്ത്രക്രിയ വയറില്‍ നടത്തിയ സംഭവത്തില്‍ ഡോക്ടറെ നടത്തിയ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. മഞ്ചേരി മെഡിക്കല്‍ കോളെജിലാണ് മൂക്കിലെ ദശയുടെ ഓപ്പറേഷന് വന്ന കുട്ടിയുടെ വയറില്‍ ഓപ്പറേഷന്‍ നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു.

കരുവാരകുണ്ട് തയ്യില്‍ മജീദ്-ജഹാന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ദാനിഷിനെയാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തിരികെ വാര്‍ഡിലേക്ക് കൊണ്ടുവന്ന കുട്ടിയുടെ വയറ്റില്‍ സ്റ്റിച്ച് മാര്‍ക്ക് കണ്ട് രക്ഷിതാക്കള്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, കുട്ടിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചപ്പോള്‍ ഹെര്‍ണിയ കണ്ടെത്തിയെന്നും അതിനാലാണ് ഓപ്പറേഷന്‍ നടത്തിയതെന്നുമായിരുന്നു ഇതിന് അധികൃതരുടെ വിശദീകരണമെന്ന് രക്ഷിതാക്കള്‍ പറയുന്നു. തുടര്‍ന്ന് വീണ്ടും മൂക്കിന് ശസ്ത്ര്ക്രിയ നടത്തുകയും ചെയ്തു.

വയറിലെ ശസ്ത്രക്രിയ നടത്തിയത് വിവാദമായതോടെ വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നും വയറിലെ ശസ്ത്രക്രിയക്ക് തങ്ങളുടെ അനുമതി വാങ്ങിയിട്ടില്ലെന്നും ദാനിഷിന്റെ രക്ഷിതാക്കള്‍ പറഞ്ഞു.

വയറില്‍ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന കുട്ടിയുടെ പേരും വയസുമായുള്ള സാമ്യമാണ് ദാനിഷിനെ ആളുമാറി ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടി വന്നതെന്നാണ് അധികൃതര്‍ പറയുന്നത്. മണ്ണാര്‍ക്കാട് സ്വദേശികളായ ഉണ്ണികൃഷ്ണന്‍- കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകന്‍ ധനുഷിനായിരുന്നു യഥാര്‍ത്ഥത്തില്‍ വയറില്‍ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. ഇതാണ് പേര് മാറി ദാനിഷിന് ശസ്ത്രക്രിയ നടത്തിയത്. മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വന്നത്.

We use cookies to give you the best possible experience. Learn more