| Wednesday, 22nd May 2024, 8:53 am

ജയിച്ചത് കൊൽക്കത്ത, തിരിച്ചടി കിട്ടിയത് ബെംഗളൂരുവിനും; നഷ്ടപ്പെട്ടത് തിരിച്ചു കിട്ടാൻ ഇനി രാജസ്ഥാനെയും ഹൈദരാബാദിനെയും വീഴ്ത്തണം

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് 2024 ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിച്ചു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയത്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി 19.3 ഓവറില്‍ 150 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 13.4 ഓവറില്‍ എട്ടു വിക്കറ്റുകള്‍ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിക്കുന്ന മൂന്നാമത്തെ ടീം എന്ന നേട്ടമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. 2012, 2014, 2021, 2024 എന്നീ സീസണുകളിലാണ് കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചത്.

മൂന്ന് തവണ ഫൈനല്‍ കളിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ മറികടന്നു കൊണ്ടായിരുന്നു കൊല്‍ക്കത്തയുടെ മുന്നേറ്റം.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ച ടീം, ഫൈനലുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ചെന്നൈ സൂപ്പര്‍ കിങ്സ്-10

മുംബൈ ഇന്ത്യന്‍സ്-6

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-4*

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-3

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വെങ്കിടേഷ് അയ്യരുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിയുടെ കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. 28 പന്തില്‍ നാല് സിക്സറും അഞ്ച് ഫോറും അടക്കം പുറത്താക്കാതെ 51 റണ്‍സ് ആണ് വെങ്കിടേഷ് നേടിയത്. അഞ്ച് വീതം ഫോറുകളും സിക്‌സുകളും അടക്കം 58 റൺസും കൊല്‍ക്കത്ത ക്യാപ്റ്റന്‍ നേടിയത്.

കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിച്ചൽ സ്റ്റാര്‍ക്ക് മികച്ച പ്രകടമാണ് നടത്തിയത്. വരുണ്‍ ആരോണ്‍, ഹര്‍ഷിദ് റാണ, സുനില്‍ നരെയ്ന്‍, റസല്‍ തുടങ്ങിയവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഹൈദരാബാദിന് വേണ്ടി രാഹുല്‍ ത്രിപാഠി 35 പന്തില്‍ നിന്ന് 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഹെന്റിച്ച് ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 24 പന്തില്‍ 30 റണ്‍സും നേടി നിര്‍ണായകമായി

ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. മത്സരത്തിലെ വിജയികളാണ് മെയ് 24 നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിന്റെ എതിരാളികള്‍. ഈ മത്സരത്തിലെ വിജയികളായിരിക്കും മെയ് 26ന് ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയെ നേരിടുക.

Content Highlight: KKR Reach fourth time in IPL Final

We use cookies to give you the best possible experience. Learn more