| Thursday, 4th April 2024, 9:06 am

ഇത് കൊല്‍ക്കത്തക്കും ഗംഭീറിനും സ്‌പെഷ്യല്‍ വിജയം; ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്ക് ഇതുവരെ ഇല്ലാത്തതും നേടി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടര്‍ച്ചയായ മൂന്നാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 106 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 17.2 ഓവറില്‍ 166 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ആയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ 277 റണ്‍സ് മറികടക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ലെങ്കിലും മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് ഇതിന് പിന്നാലെ പിറവിയെടുത്തത്. ആദ്യമായാണ് കൊല്‍ക്കത്ത ഒരു ഐ.പി.എല്‍ സീസണില്‍ തുടര്‍ച്ചയായ മൂന്ന് വിജയം സ്വന്തമാക്കുന്നത്. കൊല്‍ക്കത്തയുടെ ഈ നേട്ടത്തിന് പിന്നില്‍ ടീം മെന്റര്‍ ഗൗതം ഗംഭീറിന്റെ സാനിധ്യത്തെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല.

സ്വന്തം ഫ്രാഞ്ചൈസിക്ക് വേണ്ടി രണ്ട് കിരീടങ്ങള്‍ നേടിക്കൊടുത്ത ഗംഭീര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടോപ് ഓര്‍ടര്‍ ലൈന്‍ അപ് തന്നെ മാറ്റി മറിക്കുകയായിരുന്നു. കരുത്തനായ സുനില്‍ നരേനെ ഓപ്പണിങ് കൊണ്ട് വന്നത് മുതല്‍ നിരവധി മാറ്റങ്ങള്‍ ഗംഭീര്‍ ടീമില്‍ വരുത്തിയിട്ടുണ്ട്.

കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ 39 പന്തില്‍ 85 റണ്‍സ് നേടിയാണ് സുനില്‍ നരേന്‍ തകര്‍ത്തടിച്ചു. ഏഴു വീതം ഫോറുകളും സിക്സുകളും ആണ് വെസ്റ്റ് ഇന്‍ഡീസ് താരം അടിച്ചെടുത്തത്. അന്‍ക്രിഷ് രഖുവംശി 27 പന്തില്‍ 54 റണ്‍സും ആന്ദ്രേ റസല്‍ 19 പന്തില്‍ 41 റണ്‍സും റിങ്കു സിങ് എട്ട് പന്തില്‍ 26 റണ്‍സും നേടി മിന്നിത്തിളങ്ങിയപ്പോള്‍ കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.

ക്യാപ്പിറ്റല്‍സ് ബൗളിങ്ങില്‍ ആന്റിച്ച് നോര്‍ട്ട്‌ജെ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ വൈഭവ് അറോര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മൂന്നു വീതം വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടം നടത്തിയപ്പോള്‍ ക്യാപിറ്റല്‍സ് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.

ദല്‍ഹി ബാറ്റിങ്ങില്‍ നായകന്‍ റിഷബ് പന്ത് 25 പന്തി 55 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്സ് 32 പന്തില്‍ 54 റണ്‍സും നേടി നിര്‍ണായകമായെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

Content Highlight: KKR Owned Special Win

We use cookies to give you the best possible experience. Learn more