കൊല്‍ക്കത്തയെ തകര്‍ക്കാന്‍ കഴിയില്ലെടോ....! റണ്‍സ് ഒഴുകുന്ന കടലിലേക്ക് ഒരു ബോണസ് റെക്കോഡ്
Sports News
കൊല്‍ക്കത്തയെ തകര്‍ക്കാന്‍ കഴിയില്ലെടോ....! റണ്‍സ് ഒഴുകുന്ന കടലിലേക്ക് ഒരു ബോണസ് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd May 2024, 11:34 am

2024 ഐ.പി.എല്‍ പ്ലേയോഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 19.3 ഓവറില്‍ 159 റണ്‍സിന് തകരുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 13.4 ഓവറില്‍ 164 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വെങ്കിടേഷ് അയ്യരുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലാണ് കൊല്‍ക്കത്ത വിജയം അനായാസം ആക്കിയത്.

28 പന്തില്‍ നിന്ന് നാല് സിക്സറും അഞ്ച് ഫോറും അടക്കം 51 റണ്‍സ് ആണ് വെങ്കി നേടിയത്. ശ്രേയസ്സും 5 ഫോറും സിക്സും അടക്കം 58 റണ്‍സാണ് പുറത്താകാതെ താരം നേടിയത്. ഇരുവര്‍ക്കും പുറമേ സുനില്‍ നരെയ്ന്‍ നാലു ഫോര്‍ ഉള്‍പ്പെടെ 16 പന്തില്‍ 21 റണ്‍സ് നേടി തുടക്കം കുറിച്ചപ്പോള്‍ റഹ്‌മാനുള്ള ഗുര്‍ബസ് 14 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറും നേടി 23 റണ്‍സ് അടിച്ചു.

ഇരുവരുടേയും തകര്‍പ്പന്‍ പ്രകടനത്തില്‍ ഹൈദരാബാദിനെതിരെ ആദ്യത്തെ 10 ഓവറിനുള്ളില്‍ തന്നെ കൊല്‍ക്കത്ത 100+ റണ്‍സ് നേടിയിരുന്നു. ഇതോടെ 2024 ഐ.പി.എല്ലില്‍ ഒരു തകര്‍പ്പന്‍ നേട്ടവും കൊല്‍ക്കത്ത സ്വന്തമാക്കിയിരിക്കുകയാണ്. ഈ സീസണില്‍ ആദ്യത്തെ 10 ഓവറില്‍ ഏറ്റവും കൂടുതല്‍ തവണ 100+ റണ്‍സ് നേടുന്ന ടീമാകാനാണ് കൊല്‍ക്കത്തക്ക് സാധിച്ചത്. ഒമ്പത് തവണയാണ് ടീം ഈ നേട്ടം കൈവരിച്ചത്.

2024 ഐ.പി.എല്ലില്‍ ആദ്യത്തെ 10 ഓവറില്‍ ഏറ്റവും കൂടുതല്‍ തവണ 100+ റണ്‍സ് നേടുന്ന ടീം, എണ്ണം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 9*

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് – 6

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 5

ഇന്ന് ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി ഹൈദരാബാദിന് ഒരു മത്സരം കൂടെ അവശേഷിക്കുന്നുണ്ട്. ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന നിര്‍ണായകമായ മത്സരമാണിത്.

 

Content Highlight: KKR In Record Achievement In 2024 IPL History