ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 98 റണ്‍സിന്റെ വമ്പന്‍ വിജയം. എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് ആണ് നേടിയത്.
സുനില്‍ നരെയ്ന്‍ കാഴ്ചവച്ച മിന്നും പ്രകടനത്തിലാണ് കൊല്‍ക്കത്ത വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗ 16.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
235 റണ്‍സിന്റെ വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയതോടെ കൊല്‍ക്കത്തക്ക് ഐ.പി.എല്ലിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനാണ് സാധിച്ചത്.
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ 200+ റണ്‍സ് നേടിയ ടീമാകാനാണ് കൊല്‍ക്കത്തക്ക് സാധിച്ചത്. ഈ തകര്‍പ്പന്‍ റെക്കോഡില്‍ മുംബൈ ഇന്ത്യസിനൊപ്പം ചേരാനും കൊല്‍ക്കത്തക്ക് സാധിച്ചിരിക്കുകയാണ്.
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ 200+ റണ്‍സ് നേടുന്ന ടീം, എണ്ണം, വര്‍ഷം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 6* – 2024
മുംബൈ ഇന്ത്യന്‍സ് – 6 – 2023
സണ്‍റൈസേഴ്‌സ് ഹൈദരബാദ് – 5 – 2024
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 5 – 2023
ഗുജറാത്ത് ടൈറ്റന്‍സ് – 5 – 2023
KKR equals MI’s tally. Can they surpass them? 🟣💪#LSGvKKR #CricketTwitter #IPL2024 pic.twitter.com/fzHaOAc0ZO
— Sportskeeda (@Sportskeeda) May 5, 2024
മത്സരത്തില്‍ കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്ന്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 39 പന്തില്‍ നിന്ന് 7 സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സ് ആണ് നരെയ്‌ന്റെ ബാറ്റില്‍ നിന്നും പിറന്നത്. കൊല്‍ക്കത്തയെ വിജയത്തില്‍ എത്തിച്ച സുനില്‍ തന്നെയായിരുന്നു കളിയിലെ താരവും.
നരെയ്‌ന് പുറമേ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 14 നിന്ന് 31 റണ്‍സ് നേടി ഗംഭീര പ്രകടനമാണ് തുടക്കത്തില്‍ കാഴ്ചവെച്ചത്. 228.57 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ പ്രകടനം. ശേഷം ഇറങ്ങിയ അന്‍കൃത് രഘുവാംശി 32 റണ്‍സ് നേടിയപ്പോള്‍ മധ്യനിരയില്‍ റിങ്കു സിങ് 25 റണ്‍സ് നേടി പുറത്താക്കാതെയും തിളങ്ങി. ലഖ്‌നൗവിന് വേണ്ടി നവീന്‍ ഉള്‍ ഹഖ് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് വേണ്ടി ക്യാപ്റ്റന്‍ രാഹുല്‍ 25 റണ്‍സിന് പുറത്തായതോടെ മാര്‍ക്കസ് സ്റ്റോയിനിസ് 36 റണ്‍സും നേടി കൂടാരം കയറി. ശേഷം ആഷ്ടണ്‍ ടര്‍ണര്‍ 16 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ ആര്‍ക്കും തന്നെ സാധിച്ചില്ല.
കൊല്‍ക്കത്തക്ക് വേണ്ടി ഹര്‍ഷിദ് റാണയും വരുണ്‍ ചക്രവര്‍ത്തിയും മൂന്നു വീതം വിക്കറ്റുകള്‍ നേടി തിളങ്ങി. റസലിന് രണ്ട് വിക്കറ്റുകളും നേടാന്‍ സാധിച്ചപ്പോള്‍ സുനിലും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റും വീഴ്ത്തി.
നിലവില്‍ പോയിന്റ് പട്ടികയില്‍ 16 പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ് കൊല്‍ക്കത്ത. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു ജയക്കുതിപ്പ് നടത്തിയത്.
Content highlight: KKR In New Record Achievement In IPL