| Saturday, 4th May 2024, 8:26 am

12 വര്‍ഷത്തെ പകതീര്‍ത്തു, വാംഖഡേയില്‍ ഇനി കൊല്‍ക്കത്തക്ക് തല ഉയര്‍ത്താം; പാണ്ഡ്യക്ക് തലയില്‍ മുണ്ടിട്ട് നടക്കാം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24 റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയെ 18.5 ഓവറില്‍ 145 റണ്‍സിനാണ് കൊല്‍ക്കത്ത പിഴുതെറിഞ്ഞത്.

ഇതോടെ ഒരു അഭിമാന നേട്ടമാണ് കൊല്‍ക്കത്തയെ തേടിയെത്തിയത്. 12 വര്‍ഷത്തെ ദുരഭിമാനത്തിന്റെ കണക്കാണ് വാഖഡേയില്‍ മുംബൈക്കെതിരെ കൊല്‍ക്കത്ത തിരുത്തിയത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുംബൈയുടെ തട്ടകത്തില്‍ കൊല്‍ക്കത്ത അവസാനമായി വിജയിച്ചത്. എന്നാല്‍ ഇന്നലെ നടന്ന മിന്നല്‍ പോരാട്ടത്തിനൊടുവില്‍ മുംബൈയുടെ അടിവേരിളക്കിയാണ് കൊല്‍ക്കത്ത പകരം വീട്ടിയത്.

ഇതോടെ മുംബൈയുടെ പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് വമ്പന്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്.

മുംബൈ ബാറ്റിങ്ങില്‍ 36 പന്തില്‍ 56 റണ്‍സ് നേടി സൂര്യകുമാര്‍ യാദവും 20 പന്തില്‍ 24 റണ്‍സ് നേടി ടിം ഡേവിഡും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീം പരാജയപ്പെടുകയായിരുന്നു. മറ്റുള്ള താരങ്ങള്‍ക്കൊന്നും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.

മത്സരത്തില്‍ രോഹിത് ശര്‍മ 12 പന്തില്‍ 11 റണ്‍സ് നേടിയാണ് പുറത്തായത്. സുനില്‍ നരേന്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ മനീഷ് പാണ്ട്യക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.

കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ മുംബൈ തകര്‍ന്നടിയുകയായിരുന്നു.

അതേസമയം ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 52 പന്തില്‍ 70 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യറുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് മികച്ച ടോട്ടലിലേക്ക് നീങ്ങിയത്. ആറ് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

31 പന്തില്‍ 42 റണ്‍സ് നേടിയ മനീഷ് പണ്ഡെയും കൊല്‍ക്കത്തയുടെ ഇന്നിങ്സില്‍ നിര്‍ണായകമായി. മുംബൈ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര എന്നിവര്‍ മൂന്നു വീതം വിക്കറ്റും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: KKR Historic Win Against MI

We use cookies to give you the best possible experience. Learn more