ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം സീസണിന് തിരശീല വീണിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് കിരീടം ചൂടിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ കൊല്‍ക്കത്തയുടെ മൂന്നാം കിരീടനേട്ടമാണിത്.
ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ കിരീടനേട്ടത്തിന് പിന്നാലെ ഒരു റെക്കോഡ് സ്വന്തമാക്കാനും കൊല്‍ക്കത്തക്ക് സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം നേടുന്ന രണ്ടാമത്തെ ടീമായി മാറാനാണ് കൊല്‍ക്കത്തക്ക് സാധിച്ചത്. 79 ശതമാനമാണ് ഈ സീസണില്‍ കൊല്‍ക്കത്ത വിജയശതമാനമായി രേഖപ്പെടുത്തിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും മൂന്നു തോല്‍വിയും അടക്കം 20 പോയിന്റ് ഒന്നാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് മുന്നറിയത്. ഒന്നാം ക്വാളിഫയറും ഫൈനലും ഉള്‍പ്പെടെ ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 11 വിജയങ്ങളാണ് കൊല്‍ക്കത്ത ശ്രേയസ് അയ്യറിന്റെ കീഴില്‍ നേടിയെടുത്തത്. ഇതില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള അവസാന മത്സരം മഴ മൂലം മുടങ്ങുകയും ചെയ്തിരുന്നു.
ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം സ്വന്തമാക്കിയ ടീം രാജസ്ഥാന്‍ റോയല്‍സാണ്. ഐ.പി.എല്ലിന്റെ ആദ്യ സീസണായ 2008ല്‍ 81 ശതമാനമായിരുന്നു രാജസ്ഥാന്‍ നേടിയെടുത്തത്.
ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ നിന്നും 11 വിജയവും മൂന്നു തോല്‍വിയും അടക്കം 22 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. ആ സീസണില്‍ തന്നെ സെമിയിലെയും ഫൈനലിലെയും വിജയങ്ങള്‍ അടക്കം 13 മത്സരങ്ങളാണ് രാജസ്ഥാന്‍ ജയിച്ചത്.
2022 സീസണില്‍ 75 ശതമാനം വിജയം സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് ആണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ആ സീസണില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ 16 മത്സരങ്ങളില്‍ നിന്നും 12 മത്സരങ്ങളാണ് ഗുജറാത്ത് വിജയിച്ചത്.
Content Highlight: KKR Great record in IPL 2024