ഹൃദ്രോഗ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് സജ്ജം; ചരിത്രപരമായ ചുവടുവെയ്‌പ്പെന്ന് കെ.കെ ശൈലജ
Health
ഹൃദ്രോഗ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് സജ്ജം; ചരിത്രപരമായ ചുവടുവെയ്‌പ്പെന്ന് കെ.കെ ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 8:46 pm

കോഴിക്കോട്: കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ഇനി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയെയോ മറ്റ് സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ടിവരില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം മുഴുവന്‍ സജ്ജീകരണങ്ങളോട് കൂടി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണെന്നും ഇതിന്റെ ആദ്യ പടിയെന്നോണം ഹൃദ്യം പദ്ധതിയിലൂടെ ഗുരുതര ഹൃദ്രോഗമുള്ള അഞ്ച് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയയും നടത്തി കഴിഞ്ഞുവെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കൊളേജിന്റെ ചരിത്രപരമായ ചുവടുവെയ്പ്പാണിതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നു.

‘ഹൃദ്രോഗവിഭാഗത്തിന്റെ പൂര്‍ണ സജ്ജീകരണത്തിനായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായും 6 ലക്ഷം രൂപയും ഉപകരണങ്ങള്‍ക്കായി 66.5 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കൂടാതെ വിദഗ്ധ പരിശീലനം നല്‍കി 6 സ്റ്റാഫ് നേഴ്സുമാരെ ഈ യൂണിറ്റിലേക്ക് ദേശീയ ആരോഗ്യ ദൗത്യം മുഖേന നിയമിച്ചിട്ടുണ്ട്. പീഡിയാട്രിക് ഇന്റന്‍സീവിസ്റ്റ്, പീഡിയാട്രിക് കാര്‍ഡിയാക് അനസ്തസ്റ്റിസ് എന്നിവരെ കൂടി നിയോഗിച്ച് ഈ യൂണിറ്റ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.’ ശൈലജ ടീച്ചര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്ക് മലബാറിൽ സൗകര്യമില്ലെന്ന പരാതിക്ക് പരിഹാരമാവുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം മുഴുവൻ സജ്ജീകരണങ്ങളോട് കൂടി പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി ഹൃദ്യം പദ്ധതിയിലൂടെ ഗുരുതര ഹൃദ്രോഗമുള്ള അഞ്ച് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഈ കഴിഞ്ഞ ജൂൺ 20, 21 തിയ്യതികളിലായി നടത്തി. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള 6 പേരടങ്ങുന്ന വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ ക്യാമ്പ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ചരിത്രപരമായ ചുവടുവെയ്പ്പാണിത്.

ഹൃദ്രോഗവിഭാഗത്തിന്റെ പൂർണ സജ്ജീകരണത്തിനായും നിർമാണ പ്രവർത്തനങ്ങൾക്കായും 6 ലക്ഷം രൂപയും ഉപകരണങ്ങൾക്കായി 66.5 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കൂടാതെ വിദഗ്ധ പരിശീലനം നൽകി 6 സ്റ്റാഫ് നേഴ്‌സുമാരെ ഈ യൂണിറ്റിലേക്ക് ദേശീയ ആരോഗ്യ ദൗത്യം മുഖേന നിയമിച്ചിട്ടുണ്ട്. പീഡിയാട്രിക് ഇന്റൻസീവിസ്റ്റ്‌, പീഡിയാട്രിക് കാർഡിയാക് അനസ്തസ്റ്റിസ് എന്നിവരെ കൂടി നിയോഗിച്ച് ഈ യൂണിറ്റ് കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ഇരുപത്തിമൂന്നാം തിയ്യതി ഈ യൂണിറ്റിനായി പ്രത്യേകം തയ്യാറാക്കിയ വാർഡ് ഞാൻ ഉദ്ഘാടനം ചെയ്തിരുന്നു.

ഹൃദ്രോഗസംബന്ധമായ അടിയന്തിര ശസ്ത്രക്രിയയ്ക്ക് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയെയോ മറ്റ് സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ടി വരുന്ന മലബാർ മേഖലയിലെ കുരുന്നുകൾക്കും അവരുടെ കുടുംബത്തിനും ഈ ചുവടുവെയ്പ്പ് ഏറെ ഉപകാരപ്രദമാകും. തുടക്കത്തിൽ മാസത്തിൽ ഒരു തവണ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളേജിൽ ക്യാമ്പ് ചെയ്യും. ക്രമേണ വിദഗ്ധ പരിശീലനം ലഭിക്കുന്നതോടു കൂടി മെഡിക്കൽ കോളേജ് സ്ഥിരമായി ശസ്ത്രക്രിയയ്ക്ക് പ്രാപ്യമാവും. സർജറി കഴിഞ്ഞ 5 കുട്ടികളിൽ 3 കുട്ടികൾ ഇതിനോടകം തന്നെ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി.