| Thursday, 6th June 2019, 3:37 pm

കേന്ദ്രഫണ്ട് കിട്ടിയിട്ടും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടെവിടെയെന്ന് ചോദിച്ച കെ. സുരേന്ദ്രന് ആരോഗ്യ മന്ത്രിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് എന്ന സംശയമുയര്‍ന്നതിനു പിന്നാലെ കേന്ദ്രഫണ്ട് ലഭിച്ചിട്ടും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന വിമര്‍ശനമുന്നയിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് മറുപടിയുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചത് ഇക്കഴിഞ്ഞ മെയ് 27നാണെന്നും മൂന്ന് കോടി രൂപമാത്രമാണ് അതിന് അനുവദിച്ചിട്ടുള്ളതെന്നുമാണ് ആരോഗ്യ മന്ത്രി അറിയിച്ചത്.

കെ. സുരേന്ദ്രന്റെ പേരു പരാമര്‍ശിക്കാതെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്ന രീതിയിലായിരുന്നു ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

‘നമ്മുടെ അപേക്ഷ പരിഗണിച്ച് ഇക്കഴിഞ്ഞ മെയ് 27ാം തിയ്യതി കോഴിക്കോട് വൈറോളജി ലാബിന് അനുമതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്, ഇന്‍സ്റ്റിറ്റ്യൂട്ടെവിടെ? നിപ വന്നിട്ട് ഒരു കൊല്ലമായില്ലേയെന്നൊക്കെ ചിലര് ചോദിക്കുന്നുണ്ട്. ധാരണയില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്. ഒരു മൂന്ന് കോടി രൂപയും അനുവദിച്ചുകിട്ടി. അതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതിയും കൊടുത്തിട്ടുണ്ട്. മൂന്നുകോടി രൂപകൊണ്ടൊന്നും ആവില്ല. ഞങ്ങള്‍ വീണ്ടും കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയാണ്. ഒന്നോരണ്ടോ വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. സമയമെടുത്തിട്ട്, അല്ലാതെ നാളെത്തന്നെയല്ല, അത്തരത്തിലൊരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് റീജിയണലായിട്ടൊന്ന് സ്ഥാപിക്കണം. ‘ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ആരോഗ്യ മന്ത്രി ദല്‍ഹിയിലേക്ക് പോകുന്നുണ്ട്.. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി കൂടിക്കാഴ്ച നടത്തും. കോഴിക്കോട് റീജിയണല്‍ വൈറോളജി ലാബിന് കൂടുതല്‍ ഫണ്ടെന്ന ആവശ്യം വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ യുവാവിന് നിപ സംശയിച്ച സാഹചര്യത്തില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ വൈറോളജി ലാബ് നിര്‍മ്മിക്കാത്തതിന് സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. കേന്ദ്രം കേരളത്തിന് പണം അനുവദിച്ചിട്ടും ഇതുവരെ ലാബ് സ്ഥാപിക്കാനുള്ള നടപടിയെടുത്തില്ലെന്നായിരുന്നു വിമര്‍ശനം.

നിപ ഭീതി വീണ്ടും ഉയരുമ്പോള്‍ ഫലം കിട്ടാനായി കേരളം പൂനെയിലെ വൈറോളജി ലാബില്‍ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ്. കേരളത്തില്‍ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നരക്കോടി രൂപയും കേന്ദ്രസര്‍ക്കാറില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചുവര്‍ഷം തികയുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more