| Tuesday, 4th June 2019, 9:50 am

നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്ക് പനി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്; ഒരാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി: ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ രോഗബാധയുള്ള യുവാവുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തില്‍ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം ലഭിച്ചതിനു പിന്നാലെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്ക് പനി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുപ്രശ്‌നങ്ങളൊന്നും ഇവര്‍ക്കില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ചികിത്സിച്ച നഴ്‌സുമാരില്‍ രണ്ടുപേരും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ല. വേണ്ട സുരക്ഷ മുന്‍കരുതലുകളെല്ലാം സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. എല്ലാവരും മുന്‍കരുതല്‍ എടുക്കണം. ആഹാര സാധനങ്ങള്‍ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക. കൈകള്‍ വൃത്തിയായി കഴുകുക. അസുഖമുള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ സംശയിച്ച സാഹചര്യത്തില്‍ തന്നെ ആരോഗ്യ വകുപ്പ് എറണാകുളത്ത് കണ്‍ട്രോള്‍ റഊം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1077, 1056 എന്നീ നമ്പരുകളില്‍ വിളിച്ചാല്‍ നിപയെക്കുറിച്ചുള്ള സംശയനിവാരണം നടത്താം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കിത്തുടങ്ങിയെന്നും കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. നിപയെക്കുറിച്ചു തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ആരോഗ്യ ജാഗ്രത, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി, എറണാകുളം ജില്ലാ കളക്ടര്‍ എന്നീ മൂന്ന് ഫേസ്ബുക്ക് പേജുകളിലൂടെയും മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയും മാത്രമായിരിക്കും നിപ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിപ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഈ നാല് ഫേസ്ബുക്ക് പേജുകള്‍ വഴി
https://www.facebook.com/arogyajagratha/

https://www.facebook.com/kkshailaja/

https://www.facebook.com/dcekm/

https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

https://twitter.com/CMOKerala?s=09

We use cookies to give you the best possible experience. Learn more