കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ട്; അത്തരത്തില്‍ കമന്റ് ഇട്ടത് തെറ്റ്; പ്രതിഭയെ വിമര്‍ശിച്ച് ഷൈലജ ടീച്ചര്‍
Kerala News
കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ട്; അത്തരത്തില്‍ കമന്റ് ഇട്ടത് തെറ്റ്; പ്രതിഭയെ വിമര്‍ശിച്ച് ഷൈലജ ടീച്ചര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 6:21 pm

കൊച്ചി: കായംകുളം എം.എല്‍.എ യു. പ്രതിഭ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം ശരിയായില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെ വിമര്‍ശിച്ച് കമന്റിട്ടത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു പ്രതിഭ ഫേസ്ബുക്കിലൂടെ പരാതിപ്പെട്ടത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റായിട്ടായിരുന്നു പ്രതിഭയുടെ പ്രതികരണം.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികളില്‍ കാത്തു ലാബുകള്‍ അനുവദിച്ചെന്ന മന്ത്രിയുടെ പോസ്റ്റിനു താഴെയായിരുന്നു പ്രതിഭയുടെ കമന്റ്. ഇതോടെ പ്രതിഷേധവുമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ഒരു മന്ത്രിയോട് എം.എല്‍.എക്ക് ചോദിക്കാനുള്ള കാര്യങ്ങള്‍ നേരിട്ടു ചോദിക്കാതെ പ്രശസ്തിക്കു വേണ്ടിയല്ലേ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വന്നു കമന്റ് ഇടുന്നതെന്ന് ഒരു വിഭാഗം ആളുകള്‍ ചോദിച്ചിരുന്നു.

തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേള്‍ക്കുകയാണെന്നും തങ്ങളെ പോലെയുള്ള എം.എല്‍.എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ടെന്നും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചിരുന്നു.

ഇതോടെയാണ് സൈബര്‍ ഇടങ്ങളില്‍ രോഷം ഉയര്‍ന്നത്. ഇതിന് മറുപടിയുമായി എം.എല്‍.എ രംഗത്തെത്തി. ശൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റില്‍ കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ലെന്നും താന്‍ വളരെ ബഹുമാനിക്കുന്ന സഖാവാണ് ശൈലജ ടീച്ചറെന്നും പ്രതിഭ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.