കോഴിക്കോട്: കെ.പി ശശികലയ്ക്കും ശോഭാ സുരേന്ദ്രനുമെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ശശികലയ്ക്കും ശോഭയ്ക്കും ഒക്കെ എന്തും പറയാമെന്നായിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ഞാന്‍ അവരുടെ പേരൊന്നും പറഞ്ഞ് സാധാരണ വിമര്‍ശിക്കാറില്ല. പക്ഷേ ഇപ്പോള്‍ ഇതെല്ലാം കണ്ട് കണ്ട് വലിയ സങ്കടം തോന്നുകയാണ്. കേരളത്തില്‍ ഇങ്ങനെയെയും പറയാന്‍ സാധിക്കുമെന്നുള്ളത് വലിയ ദു:ഖമാണ്.
യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, കേന്ദ്രമന്ത്രിയോട് ശബരിമലയിലെ നിലവിലെ സാഹചര്യം മാന്യമായി വിശദീകരിക്കുകയാണ് എസ്.പി ചെയ്തതെന്നും എസ്.പി യതീഷ് ചന്ദ്രയുടെ നടപടികള്‍ സ്ത്രീത്വത്തിനെതിരെയുള്ളതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ശൈലജ പ്രതികരിച്ചു.
“”യതീഷ് ചന്ദ്രയുടെ കാര്യം ചിലര്‍ പറയുന്നത് കേട്ടു. ഞാന്‍ ആ വീഡിയോ കണ്ടിരുന്നില്ല. പിന്നീട് യൂ ട്യൂബില്‍ എടുത്ത് കണ്ടു. എനിക്കതില്‍ ഒന്നും തോന്നിയില്ല. അദ്ദേഹം വളരെ കാര്യമായിട്ട് പറയുകയാണ്. സര്‍ ഇപ്പോള്‍ അങ്ങോട്ട് പോയ്ക്കൂട. നിങ്ങള്‍ ഒക്കെ മനസിലാക്കേണ്ടത് പ്രളയം വന്ന് മണ്ണിടിച്ചിലൊക്കെയുണ്ടായിട്ട് ഒരു മാസം കഴിയുന്നല്ലേയുള്ളൂ. അവിടെ കാര്യങ്ങളൊക്കെ സാധാരണ നിലയിലാകുന്നേയുള്ളൂ. കെ.എസ്.ആര്‍.ടിസി പോയിട്ട് ആളെ ഇറക്കിയിട്ട് വരികയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ കൂടെയുള്ള രാധാകൃഷ്ണന്‍ പറയുന്നത് ഞങ്ങളെ ഒക്കെ കടത്തിവിടണം എന്നാണ്. സര്‍ പറ്റില്ല എന്ന് യതീഷ് ചന്ദ്ര പറയുന്നു. അപ്പോള്‍ മന്ത്രി ചോദിക്കുന്നു എന്റെ വാഹനവും കടത്തിവിടില്ലേയെന്ന് അതിന് എസ്.പി യതീഷ് ചന്ദ്ര പറയുന്ന മറുപടി തീര്‍ച്ചയായും താങ്കള്‍ക്ക് പോകാം താങ്കള്‍ കേന്ദ്രമന്ത്രിയാണെന്നാണ്. മിനിസ്റ്ററുടെ കൂടെ എല്ലാ സ്വകാര്യ വാഹനങ്ങളും പോകാന്‍ പറ്റില്ലെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്.
ശശികല ടീച്ചറുമായുള്ള യതീഷ് ചന്ദ്രയുടെ സംഭാഷണവും കണ്ടു. അതിലും അദ്ദേഹം മാഡം എന്ന് വിളിച്ചാണ് സംസാരിക്കുന്നത്. പോകാന്‍ പറ്റില്ല മാഡം, അവിടെ അധികം തങ്ങാന്‍ പറ്റില്ല മാഡം നിയന്ത്രണം ഉണ്ട്. ചോറൂണ്‍ കഴിഞ്ഞ് പ്രാര്‍ത്ഥന കഴിഞ്ഞ് വരണമെന്നാണ് പറയുന്നത്. അത് എഴുതിത്തരണമെന്നും പറയുന്നു. അല്ലാതെ ശശികലയെ ചീത്തപറയുന്നത് ഞാന്‍ കണ്ടിട്ടില്ല.
ശബരിമലയില്‍ ഭക്തര്‍ക്ക് കൂട്ടമായി തൊഴാനുള്ള സൗകര്യമുണ്ടെന്നും അത് നിരോധനാജ്ഞയില്‍പ്പെടുന്നില്ലെന്നും അവിടത്തെ ക്രമസമാധാനനില തകരാതെ നോക്കാനാണ് 144 നിലനിര്‍ത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ നടക്കുന്ന ചെറിയ ആക്രമണമൊന്നും അല്ല. എന്റെ ഡിപാര്‍ട്‌മെന്റിലുള്ള ഒരാള്‍ അവിടെ ചെന്ന് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം ആണോ എന്ന് ചോദിച്ചാല്‍ അല്ല. സ്വാമി ശരണം അയ്യപ്പ ശരണം എന്നാണ് വിളിക്കുന്നത്. പക്ഷേ അതൊരു ഭക്തിപ്രകടനം ആണെന്ന് തോന്നാത്ത വിധം അതൊരു വിലിയ അലറലായിട്ട് അവിടെ നടക്കുകയാണ്. എന്നിട്ട് അദ്ദേഹം മാധ്യമങ്ങളോട് പറയുന്നത് ഞാന്‍ കണ്ടു. എന്റെ ഡിപാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന ആളാണെന്ന് അന്ന് എനിക്ക് മനസിലായില്ല. അദ്ദേഹം പറഞ്ഞത് ഞാന്‍ ഒരു പാര്‍ട്ടിയിലും ഇല്ല. ഞാനൊരു പ്രസ്ഥാനത്തിന്റെ ഭാഗവും അല്ല. ഞാന്‍ ഒരു ഭക്തനാണ് എന്നാണ്. എന്നെ ശരണം വിളിക്കാാന്‍ വിടുന്നില്ലേ എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചുചോദിക്കുന്നത്. അതൊരു മെസ്സേജാണ്. ശബരിമലയില്‍ ശരണം വിളിക്കാന്‍ പൊലീസ് സമ്മതിക്കുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍. ഇത് ശരിയായ ശരണം വിളിയല്ലല്ലോയെന്ന് തോന്നി. മുദ്രാവാക്യം വിളിക്കുന്നതുപോലെയാണ് അയ്യപ്പനെ വിളിക്കുന്നത്. അത് അയ്യപ്പനും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. ആരാണ് ആ മനുഷ്യന്‍ എന്ന് അന്വേഷിക്കുന്നത് എന്ന് നന്നായിരിക്കുമെന്നും സംഘപരിവാര്‍ പ്രവര്‍ത്തകനായിരിക്കാമെന്നും അന്ന് തോന്നിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഇയാള്‍ ആയുര്‍വേദ ഡിപാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന ആളാണെന്ന് മനസിലാകുന്നത്. അവിടെ പോയി ഇല്ലായ്മ പറയുകയാണ്. പാര്‍ട്ടിയുടെ ആളെല്ലെന്ന് പറയുകയാണ്. ശരണം വിളിയെന്ന വ്യാജേന പ്രശനം ഉണ്ടാക്കുന്നവരെ ഒഴിപ്പിക്കുന്നതിനാണ് 144. അല്ലാതെ അവിടെ അയ്യപ്പനെ തൊഴുന്നതിനോ മറ്റോ ഒരു പ്രശ്‌നവും ഇല്ല- ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു.