| Friday, 25th September 2020, 12:34 pm

മഹാമാരി കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കില്‍ അന്ന് തമ്മില്‍ തല്ലാമെന്ന് കെ.കെ ശൈലജ; കെ.എം അഭിജിത്തിനെതിരെയും രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഹാമാരിക്ക് മുന്‍പില്‍ കക്ഷിരാഷ്ട്രീയ വൈരാഗ്യത്തിനോ പ്രതിഷേധങ്ങള്‍ക്കോ സ്ഥാനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മഹാമാരിയെ തുരത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരിക്കണം നമുക്ക് മുന്‍പില്‍ ഉണ്ടാകേണ്ടതെന്നും ഇതിനുള്ള ശ്രമങ്ങളോട് ആരും പുറംതിരിഞ്ഞു നില്‍ക്കരുതെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മഹാമാരി കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കില്‍ അന്ന് തമ്മില്‍ തല്ലാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പേര് മാറ്റി കൊവിഡ് ടെസ്റ്റ് നടത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിന്റെ നടപടിക്കെതിരെയും ആരോഗ്യമന്ത്രി രംഗത്തെത്തി.

‘ഏറ്റവും സങ്കടകരമായ കാര്യം കെ.എസ്.യുവിന്റെ ഒരു യുവാവ് പേരുമാറ്റി ടെസ്റ്റ് കൊടുത്തു എന്നതാണ്. എന്തൊരു അപകടകരമാണത്. എന്തിനാണ് പേര് മാറ്റി കൊടുക്കുന്നത്. പോസിറ്റീവ് ആണ് എന്നറിഞ്ഞാല്‍ ഒളിച്ചുവെക്കാനാണോ? അങ്ങനെ ഓരോരുത്തരും ഒളിച്ചുവെക്കാന്‍ ശ്രമിച്ചാല്‍ എന്താവും കേരളത്തിന്റെ അവസ്ഥ.

വമ്പിച്ച തോതിലുള്ള രോഗവ്യാപനത്തിനും കൂട്ടത്തോടെയുള്ള മരണത്തിനും അത് കാരണമാകില്ലേ. ഇതൊന്നും ഒളിച്ചുവെക്കേണ്ടതല്ല. രോഗം വന്നവര്‍ ചികിത്സിക്കുക, ഭേദമാക്കുക, മറ്റുള്ളവര്‍ക്ക് കൊടുക്കാതിരിക്കാന്‍ ശ്രമിക്കുക അതല്ലേ മാനുഷിക ധര്‍മ്മം.

വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ നിന്നും ഒരിക്കലും ഇത് പ്രതീക്ഷിക്കാത്തതാണ്. ഇതൊന്നും ആവര്‍ത്തിക്കരുത്. ഇതൊന്നും അനുകരിക്കരുത്’, ആരോഗ്യമന്ത്രി പറഞ്ഞു.

ഇത് കേരളത്തില്‍ മാത്രമാണ് എങ്കില്‍ കേരളത്തിന്റെ എന്തോ തരക്കേട് എന്ന് പറയാമായിരുന്നു. പക്ഷേ എല്ലാവരും കണ്‍തുറന്ന് കാണുന്നുണ്ടല്ലോ. ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതുവരെ ഒരു രക്ഷയുമില്ലാതെ ഈ മഹാമാരി പടര്‍ന്നുപിടിക്കുകയാണ്.

കര്‍ണാടകയില്‍ പത്ത് ലക്ഷത്തിന് 130 എന്ന തോതിലാണ് മരണം. കേരളത്തില്‍ പത്ത് ലക്ഷത്തിന് 17 ആണ്. ഇത് ഇങ്ങനെയെങ്കിലും നിലനിര്‍ത്താന്‍ സാധിക്കണമെങ്കില്‍ കര്‍ശന നടപടികളും ഒരുമിച്ചുള്ള പ്രവര്‍ത്തനവും ആവശ്യമാണ്.

തുടക്കം മുതല്‍ നമ്മള്‍ നടത്തിയ ഒരുക്കങ്ങളും വിശ്രമമില്ലാത്ത പരിശ്രമങ്ങളും കൊണ്ടാണ് മരണസംഖ്യ പിടിച്ചുനിര്‍ത്തുന്നത്. മരണ നിരക്ക് കുറക്കുന്നത് കഠിന ശ്രമത്തിന്റെ ഭാഗമാണ്. കഴിവിന്റെ പരമാവധി നമ്മള്‍ ശ്രമിക്കുന്നുണ്ട്. എഫ്.എല്‍.ടി.സികള്‍ എല്ലാം സജ്ജമാണ്. എന്നാല്‍ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം തുടങ്ങിയാല്‍ നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും.

മഹാമാരിയുടെ മുമ്പില്‍ കക്ഷിരാഷ്ട്രീയ വൈരാഗ്യം മാറ്റിവെക്കണം. ഇത് കഴിഞ്ഞ് നമ്മള്‍ ജീവനോടെയുണ്ടെങ്കില്‍ അന്ന് തമ്മില്‍ തല്ലാം. ബാക്കിയെല്ലാം ചെയ്യാം. ഏത് ആക്ഷേപവും ഉന്നയിക്കാം. ഇപ്പോള്‍ നമുക്ക് മുന്‍പില്‍ മഹാമാരിയെ തുരത്തുക എന്ന് ലക്ഷ്യമേ ഉണ്ടാകാന്‍ പാടുള്ളൂ. രോഗബാധിതരുടെ എണ്ണം കൂടിയാല്‍ കിടക്കകള്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകും. ഓക്‌സിജന്‍, വെന്റിലേറ്റര്‍ എന്നിവ കിട്ടാതാകും.

അങ്ങനെ സംഭവിക്കാതിരിക്കാന്‍ എല്ലാവരില്‍ നിന്നും ഉത്തരവാദിത്തമുള്ള പെരുമാറ്റം വേണം. എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്ന കാര്യം എല്ലാവരും മനസിലാക്കണം. സര്‍ക്കാരും ആരോഗ്യവകുപ്പും സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വിശ്രമവും വിട്ടുവീഴ്ചയുമില്ലാതെ തന്നെ ചെയ്യുന്നുണ്ട്. പക്ഷേ അതിനൊപ്പം സഹകരിക്കാന്‍ ജനങ്ങള്‍ കൂടി തയ്യാറാകണം, ആരോഗ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KK Shylaja Teacher About Kerala Covid Situation

We use cookies to give you the best possible experience. Learn more