| Friday, 10th July 2020, 2:29 pm

'ആളുകളെ കൊലയ്ക്ക് കൊടുക്കരുത്, എന്ത് പ്രതിഷേധമാണെങ്കിലും'; പൂന്തുറ പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അതീവ ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അതിനിടെയുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ.

പൂന്തുറയില്‍ പ്രതിഷേധവുമായി ആളുകള്‍ തെരുവിലറങ്ങിയ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്‌നത്തിന്റെ പേരിലായാലും അത് അപകടകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

തൊട്ടടുത്ത സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും വരുന്നവരില്‍ നിന്നും ഇവിടെയുള്ള ആളുകളില്‍ വൈറസ് പടരുന്ന ഘട്ടത്തിലാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിസഭയും ഇടപെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ചില പ്രയാസങ്ങളൊക്കെയുണ്ടാകും. യാത്രയുടേയും മറ്റും കാര്യത്തില്‍ പക്ഷേ ആളുകള്‍ മരിച്ചുപോകുന്നതിലും മേലെയല്ല അതൊന്നും.

ജൂലൈ 6 മുതല്‍ പൂന്തുറ ഭാഗത്ത് 1192 ടെസ്റ്റാണ് നടത്തിയത്. ഇതില്‍ 243 പോസിറ്റീവ് കേസ് കിട്ടി. ഈ മേഖലയില്‍ നിന്നും ഇത്രയേറെ കേസ് വന്നത് സൂപ്പര്‍ സ്പ്രഡ്ഡിന്റെ ഭാഗമാണ്.

എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങിയത് ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്‌നത്തിന്റെ പേരിലായാലും അത് അപകടകരമായ കാര്യമാണ്. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു.

പൂന്തുറയുടെ മൂന്ന് വാര്‍ഡുകള്‍, പൂന്തുറ, പുത്തന്‍പള്ളി, മാണിക്യപ്പള്ളി എന്നീ മൂന്ന് ഭാഗങ്ങളില്‍ മാത്രം 31985 പേര്‍ താമസിക്കുന്നുണ്ട്. അവരുടെ ഇടയില്‍ 5611 പേര്‍ പ്രായമായവര്‍ ഉണ്ട്. അഞ്ച് വയസില്‍ താഴെയുള്ള 2250 കുട്ടികള്‍ അവിടെയുണ്ട്.

70 വയസിന് മുകളിലുള്ള 2112 പേരുണ്ട്. അവരില്‍ പാലിയേറ്റി 74 പേരുണ്ട്.മൊത്തത്തില്‍ 184 പേര്‍ പാലിയേറ്റീവ് കെയര്‍ കൊടുക്കേണ്ടവര്‍ ഉണ്ട്.
ഇത്രയധികം ജനങ്ങളെ വൈറസിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വേറെ ഒരു മാര്‍ഗവുമില്ല.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുക, യാത്ര ഒഴിവാക്കുക, ഇവരെ സുരക്ഷിതരായി നിര്‍ത്താന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്.

എല്ലാ വകുപ്പുകളും അവിടെ കേന്ദ്രീകരിക്കുന്നുണ്ട്.. 10 ഹെല്‍പ് ഡെസ്‌ക്കുകള്‍ ഉണ്ട്. അവിടെ വന്ന് ടെസ്റ്റ് ചെയ്യാം. സംശയം ചോദിക്കാം. ഇതിന് മുകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്.

വളണ്ടിയര്‍മാര്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല സഹകരണം ഉണ്ടാക്കുന്ന ആളുകളാണ് അവിടെ ഉള്ളത്. നിരവധി വളണ്ടിയര്‍മാര്‍ അവിടെ നിന്നും വന്നിരുന്നു. സന്നദ്ധ വളണ്ടിയര്‍മാര്‍ ആകാന്‍ നിരവധി പേര്‍ തയ്യാറായിട്ടുണ്ട്.

ഇതിനിടയിലാണ് ചില സംഘര്‍ഷാവസ്ഥ ഉണ്ടായത്. അത് നമുക്ക് തന്നെയും അപകടം ഉണ്ടാക്കും. ആന്റിജെന്‍ ടെസ്റ്റ് നടത്തുന്നതിനെതിരെയൊക്കെ വലിയ പ്രതിഷേധം ഉണ്ടായി. ആന്റിജെന്‍ ടെസ്റ്റ് ശരിയല്ലെന്നും പി.സി.ആര്‍ ടെസ്റ്റാണ് ചെയ്യേണ്ടതെന്നും പറഞ്ഞു.

ആന്റിജെന്‍ ടെസ്റ്റ് പി.സി.ആര്‍ ടെസ്റ്റ് തന്നെയാണ്. ആറ് മണിക്കൂര്‍ കൊണ്ടുള്ള ടെസ്റ്റ് അര മണിക്കൂര്‍ കൊണ്ട് കിട്ടും. വിശ്വസിക്കാവുന്ന ടെസ്റ്റാണ്. അതിലാണ് 1192 പേരെ ടെസ്റ്റ് ചെയ്തതില്‍ 243 പേര്‍ പോസിറ്റീവായത്. ഇനിയും കുറച്ച് ദിവസമെടുത്ത് സംശമുള്ള മുഴുവന്‍ ആളുകളേയും ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം അവിടെ നടത്തുന്നുണ്ട്.

അവര്‍ക്ക് പിന്തുണ കൊടുക്കുന്നതിന് പകരം ഡോക്ടറുടെ കാറ് അടിച്ചുപൊട്ടിച്ചതായി അറിഞ്ഞു. ഭയമുണ്ടാകുന്നു ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ ആക്രമിക്കപ്പെടുമ്പോള്‍ ആരാണ് പൊതുജനങ്ങളുടെ സംരക്ഷണത്തിന് ഉണ്ടാകുക. സാധ്യമായ എല്ലാ നടപടികളും അവിടെ എടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത്. എന്ത് പ്രതിഷേധമാണെങ്കിലും വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ പ്രതിഷേധം നടത്തൂ. വളരെ സങ്കടകരമായ അവസ്ഥയാണ്. മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കൂ. ആ മേഖലയിലെ സഹോദരങ്ങളെ സംരക്ഷിക്കേണ്ടതായുണ്ട്. മതപുരോഹിതന്‍മാര്‍ അടക്കം ഈ മേഖലയില്‍ പിന്തുണ തരുന്ന നിരവധി പേരുണ്ട്. ആളുകള്‍ ഒരുമിച്ച് തെരുവില്‍ ഇറങ്ങരുത്. കൃത്യമായി നിര്‍ദേശങ്ങള്‍ പാലിക്കണം. ഈ മഹാവിപത്തില്‍ നിന്നും നമുക്ക് രക്ഷപ്പെടണം. ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് അപേക്ഷിക്കുകയാണ്.

കേരളത്തില്‍ നമ്മള്‍ രോഗപകര്‍ച്ചയും മരണനിരക്കും കുറച്ചുകൊണ്ടുവന്നതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവായിരുന്നു. ആ രീതിയില്‍ നമുക്ക് തുടര്‍ന്ന് പോകണം. ആളുകളുടെ ജീവന്‍ നമുക്ക് രക്ഷിക്കേണ്ടതായുണ്ട്.- മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more