കണ്ണൂര്‍: പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍.
ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും അത് ശരിയായ നടപടിയല്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
മനുഷ്യജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഡോക്ടര്‍മാര്‍. ഡ്യൂട്ടി ബഹിഷ്‌കരിച്ച് അവര്‍ ഇറങ്ങി പോരുമ്പോള്‍ അപകടത്തിലാവുന്നത് മനുഷ്യജീവനാണ്. അവരുടെ അവകാശം പ്രകടിപ്പിക്കാന്‍ സൂചന പണിമുടക്കുകളെല്ലാം ആവാം. എന്നാല്‍ ജോലി ബഹിഷ്‌ക്കരിച്ചുള്ള സമരത്തോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ഡോക്ടര്‍മാരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ സമരം നടത്തുമെന്ന ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസ്താവന തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒന്നും അങ്ങനെ സമരത്തിന് പോകുന്ന ആള്‍ക്കാരല്ല. മനുഷ്യജീവന്‍ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് അവര്‍ക്കുള്ളത്.
അത്രയും ത്യാഗപൂര്‍ണമായാണ് സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ പണിയെടുക്കുന്നത്. സൂചനാ സമരത്തിന് അപ്പുറമുള്ള സമരമുറകളിലേക്ക് അവര്‍ പോകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.