വലിയ ആശങ്കയ്ക്ക് ഇടയില്ല; വിദ്യാര്‍ത്ഥിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാമെന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും ആരോഗ്യമന്ത്രി
Kerala
വലിയ ആശങ്കയ്ക്ക് ഇടയില്ല; വിദ്യാര്‍ത്ഥിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാമെന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2019, 11:10 am

കൊച്ചി: നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വലിയ ആശങ്കയ്ക്ക് ഇടയില്ലെന്നും മുഖ്യമന്ത്രി നാളെ അവലോകന യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

”വലിയ ആശങ്കയ്ക്ക് ഇടയില്ല. ആസ്റ്ററിലുള്ള വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണ്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആക്കാനുള്ള സമയമായി എന്നല്ല അതിനര്‍ത്ഥം. എന്നാല്‍ കണ്ടീഷന്‍ സ്റ്റേബിള്‍ ആണ്. അഞ്ച് പേരുടെ സാമ്പിള്‍ ഇന്ന് എന്‍.ഐ.വിയിലേക്ക് അയക്കുകയേ ഉള്ളൂ. ഡോക്ടര്‍മാരുടേയും മറ്റും അഭിപ്രായം ഗുരുതരമായ കണ്ടീഷന്‍ അല്ല എന്ന് തന്നെയാണ്. മിക്കവാറും നെഗറ്റീവ് ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അവസാന തീരുമാനം വരെ കാത്തിരിക്കുകയാണ്. എന്‍.ഐ.വിയില്‍ നിന്നുള്ള ഫലം കിട്ടുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം. അതുവരെ അവരെ ശ്രദ്ധാപൂര്‍വം പരിചരിക്കുന്നുണ്ട്. വളരെ സീരിയസായ കണ്ടീഷന്‍ ഇല്ല. അവര്‍ ഇന്നലെ വന്നതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണ് ഉള്ളത്. അവസ്ഥ മോശമാകാന്‍ സാധ്യതയില്ല എന്നാണ് തോന്നുന്നത്. ”- മന്ത്രി പറഞ്ഞു.

വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്താന്‍ കേന്ദ്രസംഘം ശ്രമം നടത്തുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂടി സംഘത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രഭവകേന്ദ്രം കണ്ടെത്താന്‍ വലിയ ഫോഴ്‌സുമായി പോകാന്‍ പറ്റില്ല. രണ്ടോ മൂന്നോ ആളുകള്‍ ഉണ്ട്. പ്രഭവകേന്ദ്രം പ്രവചിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

മറ്റൊരു ഗുണപരമായ കാര്യം നിപാ ബാധിച്ച വിദ്യാര്‍ത്ഥിയില്‍ നിന്നും ചോദിക്കാം എന്നതാണ്. അവന് പറയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പക്ഷേ അതിന് പറ്റിയ സമയം ഇതല്ല. കോഴിക്കോട് നിപാ ബാധിച്ച ആദ്യ ആള്‍ മരണപ്പെട്ടുപോയതുകൊണ്ട് അദ്ദേഹത്തില്‍ നിന്നും നമുക്ക് ഒരു വിവരങ്ങളും ചോദിച്ചറിയാന്‍ പറ്റിയിട്ടില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. ആദ്യ ആള്‍ തന്നെ നമുക്കൊപ്പമുണ്ട്”. – മന്ത്രി പറഞ്ഞു.

ചാലക്കുടിയില്‍ നിന്നുള്ള ഒരാള്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അവിടെ നിന്നും നേരിട്ട് ഇവിടേക്ക് വന്നതാണ്. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു എന്ന് മാത്രമേയുള്ളൂ. നിപയാണെന്ന് പറഞ്ഞിട്ടില്ല. പരിശോധനാ ഫലം ലഭിച്ച ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാക്കും.

മാത്രമല്ല അടുത്തിടെ എന്‍സഫലിറ്റസ് മൂലം മരിച്ചവരുടെ മുഴുവന്‍ കണക്കുകളും എടുത്ത് പരിശോധിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയിലെ കണക്കുകളടക്കം എടുത്ത് വളരെ വിപുലമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.