| Sunday, 28th July 2019, 4:43 pm

ഗീതാഗോപി എം.എല്‍.എയോടുള്ള യൂത്ത് കോണ്ഗ്രസ് അയിത്തം പാരമ്പര്യരോഗമാണ്

ഷിഹാബ് കെ.കെ

അയിത്തത്തിനും ജാതീയതക്കുമെതിരെ ആയുഷ്‌ക്കാലം മുഴുവന്‍ പൊരുതിയ മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്ന ഇന്ത്യാ രാജ്യത്ത്, ജാതീയതക്കെതിരായ സമരം ജീവിതദൗത്യമായെടുത്ത ശ്രീനാരായണ ഗുരുവിന്റെ സ്വന്തം നാട്ടില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലേക്കടുക്കുമ്പോഴും ലജ്ജാകരമായ അയിത്തം ഇന്നും നിലനില്‍ക്കുന്നുവെന്നാണ് നാട്ടിക നിയോജകമണ്ഡലം ജനപ്രതിനിധിയായ ഗീതാഗോപി എം.എല്‍.എ നടത്തിയ ജനകീയ സമരവേദിയില്‍ യൂത്ത് കോണ്ഗ്രസ് ചാണകവെള്ളം തെളിച്ചുകൊണ്ട് നടത്തിയ സമരത്തില്‍ നിന്നും പുരോഗമന ജനാധിപത്യ സമൂഹത്തിന് വായിച്ചെടുക്കാനാവുന്നത്.

2011 ലാണ് അഞ്ചു വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച രജിസ്ട്രേഷന്‍ ഐ.ജി പട്ടികജാതിക്കാരനായ എ.കെ. രാമകൃഷ്ണന്‍, അതേവരെ ഉപയോഗിച്ച കസേരയും ഓഫിസ് മുറിയും കാറും പിറ്റേ ദിവസം ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു എന്ന് വിറങ്ങലിച്ച ശരീരവുമായി മുറിവേറ്റ മനസ്സുമായി സംസ്ഥാന മനുഷ്യാവകാശ കമീഷനും ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും തിരുവനന്തപുരം പൊലീസ് കമീഷണര്‍ക്കും അന്ന് അദ്ദേഹം പരാതി നല്‍കിയത്.

മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എന്‍. ദിനകര്‍ തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നികുതി സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നേതാക്കളുടെ നാക്കുപിഴക്കുപോലും വമ്പിച്ച വാര്‍ത്താപ്രാധാന്യം നല്‍കി നിരന്തരം ചര്‍ച്ചാവിഷയമാക്കുന്ന മലയാള മാധ്യമങ്ങള്‍ അത്യന്തം ഗുരുതരമായ ഈ സംഭവം അവഗണിക്കുകയാണ് ചെയ്തത്.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരമൊരു സംഭവം നടന്നിട്ടേ ഇല്ല എന്ന് വരുത്താനും ബന്ധപ്പെട്ട ഓഫിസും മറ്റു ചിലരും അന്ന് ശ്രമിച്ചതായും വിവരമുണ്ട്. സംഭവം വാര്‍ത്തയാവുമെന്ന് കണ്ടപ്പോള്‍, രാമകൃഷ്ണന്‍േറതല്ലാത്ത മറ്റു ചില കസേരകളിലും പിറ്റേന്ന് ചാണകവെള്ളം കോരിയൊഴിച്ച് പുകമറ സൃഷ്ടിക്കാനും ശ്രമമുണ്ടായിരുന്നു.

അതുപോലെ റെയില്‍വേയുടെ അവഗനണക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് 2012 ഒക്ടോബറില്‍ കൊട്ടാരക്കരയില്‍ ഉപവാസമിരിക്കുകയുണ്ടായി. കൊടിക്കുന്നില്‍ സുരേഷ് നടത്തിയ ഉപവാസ സമരത്തിനെതിരെ ഉപവാസപന്തലും, പരിസരപ്രദേശവും മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.

ഇതിനെതിരെ പോലീസ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കുകയുണ്ടായി. സിനിമാ തീയറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പട്ട് ചലച്ചിത്ര സംവിധായകന്‍ കമല്‍ നടത്തിയ അഭിപ്രായ പ്രകടനത്തെയും, ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ പ്രിയനന്ദനെ ചാണകവെള്ളം തലയിലൊഴിച്ചും പ്രതിഷേധിക്കുന്ന സംഘപരിവാര്‍ സവര്‍ണ്ണബോധം തന്നെയാണ് കോണ്‍ഗ്രസും പേറുന്നത് എന്നാണ് ഗീതാഗോപി എം.എല്‍.എക്കെതിരെ ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ അരങ്ങേറിയ പ്രതിഷേധം വിളിച്ചറിയിക്കുന്നതും.

അയിത്തവും ജാതി വിളിച്ച് ആക്ഷേപിക്കലും ദളിതരെ പീഡിപ്പിക്കലും രാജ്യത്തെ ശിക്ഷാനിയമപ്രകാരം ഗുരുതരമായ തെറ്റാണ്. ഭരണഘടനപ്രകാരം ജനാധിപത്യവും മതേതരത്വവും മാനവിക സമത്വവും പുലരേണ്ട രാജ്യമാണ് ഇന്ത്യ. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യന്‍മനസ്സുകളില്‍നിന്ന് സവര്‍ണ ആഢ്യത്വമോ അസ്പൃശ്യതയോ ജാതിഭ്രാന്തോ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്നത് പച്ചപരമാര്‍ഥമാണ്.

തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന വംശീയ വിവേചനത്തിന്റെ പേരില്‍ മീനാക്ഷിപുരം എന്ന ഗ്രാമം ഒന്നടങ്കം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് റഹ്മത്ത് നഗര്‍ എന്ന് ഗ്രാമത്തിന് പുനര്‍നാമകരണം ചെയ്ത സംഭവം രാജ്യത്താകെ ഒച്ചപ്പാടായത് വര്‍ഷങ്ങള്‍ക്കുമുമ്പാണ്. വന്‍തോതില്‍ അറബിപ്പണം ഉപയോഗിച്ച് താഴ്ന്ന ജാതിക്കാരെ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള ആസൂത്രിത നീക്കമായാണ് സവര്‍ണ ലോബിയും സംഘ്പരിവാറും അന്നതിനെ ചിത്രീകരിച്ചത്.

വിശ്വഹിന്ദുപരിഷത്ത് കോടികള്‍ ചെലവിട്ട് അവരെ ഹിന്ദുമതത്തിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാന്‍ നടത്തിയ ശ്രമം വിഫലമായി. പണമല്ല മനുഷ്യത്വരഹിതമായ വംശീയ വിവേചനമാണ് പുതുമതത്തെ പുല്‍കുവാന്‍ പ്രേരണയായത് എന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. പ്രബുദ്ധ കേരളത്തില്‍തന്നെ പാലക്കാട് ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ ഗോവിന്ദപുരത്ത് നൂറോളം വരുന്ന ചക്ലിയ സമുദായം കടുത്ത അയിത്തവും ജാതീയ വിവേചനവും നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

തുന്നല്‍ക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും പൊതുചടങ്ങുകളിലും പ്രവേശമില്ലാത്ത, ആട്ടും തുപ്പും ഏറ്റുകഴിയുന്ന ഒരു സമൂഹം അനുഭവിക്കേണ്ടിവരുന്ന മാനസികപീഡനം എന്തുമാത്രം ക്രൂരതയാണ്! കാസര്‍കോട് ജില്ലയിലെ കര്‍ണാടക സംസ്ഥാനത്തോടടുത്ത പല ഗ്രാമങ്ങളിലും ദലിതുകള്‍ക്ക് ചിരട്ടയിലാണ് ചായകൊടുക്കുന്നതെന്ന വാര്‍ത്തയും കേരളത്തെ പലപ്പോഴും ഞെട്ടിച്ചതാണ്.

അയിത്തത്തിന്റെയും ജാതിമനോഭാവത്തിന്റെയും മുന്‍ റെക്കോഡുകള്‍ ഭേദിക്കുന്നതുമാണ്. വിദ്യാഭ്യാസവും സംസ്‌കാരവുമാണ് മനുഷ്യമാന്യതക്കും മഹത്വത്തിനുമുള്ള മാനദണ്ഡമെങ്കില്‍ അതെല്ലാമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു രജിസ്ട്രേഷന്‍ ഐ.ജി രാമകൃഷ്ണന്‍പ്പോലും മാനസികപീഡനത്തിനും ജാതിപരമായ അവഹേളനത്തിനും ഇരയാക്കി.

അദ്ദേഹം പ്രതികൂല സാമൂഹിക സാഹചര്യങ്ങളെ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും മറികടന്നാണ് ആ പദവിയിലെത്തിയതെന്ന് നാം ഓര്‍ക്കണം. അത്തരക്കാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പോകട്ടെ, മനുഷ്യനായി അംഗീകരിക്കാന്‍പോലും സന്നദ്ധരല്ലാത്തവര്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ ഉത്തരാധുനിക കാലത്തും വിളയാടുന്നുണ്ടെങ്കില്‍ അവരുടെ തലയിലാണ് ചാണകവെള്ളം ഒഴിക്കേണ്ടത്. എം.എല്‍.എ ഗീതാഗോപി ഇരുന്നിടം ചാണകവെള്ളം തെളിച്ചവരും അഴിക്കുള്ളിലാകണം.

കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കിയേ മതിയാവൂ. ഒരു വ്യക്തിയോടുള്ള അവഹേളനമെന്നതിനേക്കാള്‍ ഒരു സമുദായത്തോടുള്ള പുച്ഛവും അഹന്തയുടെ പരമകാഷ്ഠയുമാണത് ഇവയെല്ലാം സൂചിപ്പിക്കുന്നത്. ഇത്തരം ഒരു സാമൂഹ്യബോധമാണ് ഗീതഗോപിയെയും ആക്രമിക്കാന്‍ കാരണമായി തീര്‍ന്നത്.

ഭ്രാന്താലയമെന്ന് കേരളത്തെ വിശേഷിപ്പിക്കാന്‍ സ്വാമി വിവേകാനന്ദനെ പ്രേരിപ്പിച്ചത് ജാതീയതയുടെ നഗ്നമായ പ്രദര്‍ശനമാണെങ്കില്‍ ആ തമോയുഗത്തിലേക്ക് തിരിച്ചുപോവാനാണോ ഇന്നും യൂത്ത് കോണ്ഗ്രസ് ആഗ്രഹിക്കുന്നതെന്ന് നവോത്ഥാന-ജനാതിപത്യ-പുരോഗമന കേരളത്തിന് അറിയേണ്ടതുണ്ട്.

ഷിഹാബ് കെ.കെ

We use cookies to give you the best possible experience. Learn more