വസ്ത്രത്തിന് മുകളിലൂടെ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്; മറുപടിയുമായി ആരോഗ്യമന്ത്രി
COVID-19
വസ്ത്രത്തിന് മുകളിലൂടെ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്; മറുപടിയുമായി ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd March 2021, 10:56 pm

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വസ്ത്രത്തിന് മുകളിലൂടെ സ്വീകരിച്ചുവെന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു.

ഏത് നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോടു സഹതാപമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പരിഹാസങ്ങള്‍ക്ക് വിമര്‍ശനവുമായി സാമൂഹിക നീതി വകുപ്പും രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരം പോസ് ചെയ്ത് എടുത്ത ചിത്രമാണതെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ പറഞ്ഞു.

ചിത്രം പകര്‍ത്തി മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് ഇറങ്ങിയതിനു പിന്നാലെ വസ്ത്രം മാറ്റിയ ശേഷമാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ആരോഗ്യ മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരണത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്ക് വെച്ചതിനു പിന്നാലെ ആരോഗ്യ മന്ത്രിക്കെതിരെ പരിഹാസവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.

വസ്ത്രം ഉള്ള ഭാഗത്ത് വാക്‌സിന്‍ എടുക്കുന്നത് എങ്ങനെയാണെന്നും മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നുമായിരുന്നു ആരോപണം.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ കോവിഡ് വാക്‌സിനേഷന്‍ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ പോസ്റ്റ് ഇടുന്നതായി കണ്ടു. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം. എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം.

ബ്ലൗസ് മുതുകില്‍നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്‌സീന്‍ എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്‌സീന്‍ എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നത്. ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KK Shailaja Covid Vaccine Reply