| Sunday, 12th April 2020, 9:41 pm

'കേരളത്തിന് വിശ്രമിക്കാനായിട്ടില്ല, കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല'; ഇതിലും വലിയ ആപത്തിനെയും സംസ്ഥാനം നേരിടുമെന്ന് കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനായത് സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘രോഗ വ്യാപനം ഇല്ലെങ്കിലും ജാഗ്രത തുടരണം. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോയി. പക്ഷേ, കേരളത്തിന് വിശ്രമിക്കാനായിട്ടില്ല. കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. കേരള സര്‍ക്കാര്‍ അങ്ങനെ കരുതുന്നുമില്ല’, കെ.കെ ശൈലജ പറഞ്ഞു.

‘നാല് വര്‍ഷം കൊണ്ട് ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധത്തിലൂന്നിയാണ് കേരളത്തിന്റെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇതുപോലൊരു സാഹചര്യത്തെ നേരിടാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിപ വൈറസ് തന്ന പാഠങ്ങളും നമുക്ക് മുമ്പിലുണ്ട്. ഇതൊക്കെ ഏകോപിപ്പിച്ചുകൊണ്ടാണ് കൊവിഡ് പ്രതിരോധത്തിനുള്ള പ്രോട്ടോക്കോളും സര്‍ക്കാര്‍ രൂപീകരിച്ചത്’, മന്ത്രി വ്യക്തമാക്കി.

ചൈനയില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച മന്ത്രി കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും രാജ്യമൊട്ടാകെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തിയാല്‍ മാത്രമേ കേരളത്തിലെ ഈ മാറ്റം നിലനിര്‍ത്താന്‍ സാധിക്കൂ എന്നും പറഞ്ഞു.

ഇതിലും വലിയ ആപത്തുകള്‍ പ്രതീക്ഷിച്ചുകൊണ്ടാണ് ഇപ്പോള്‍ നമ്മള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. കൂട്ടായ ശ്രമങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും. ആ ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more