കോഴിക്കോട്: സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ പുനര്‍ വിവാഹത്തിന് ആശംസകളുമായി മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സജീഷിനും പ്രതിഭയ്ക്കും വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കിലാണ് ശൈലജ ടീച്ചര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
ലിനിയുടേയും സജീഷിന്റെയും മക്കളായ റിതുലിനും, സിദ്ധാര്‍ത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസിന് സന്തോഷം നല്‍കുന്ന കാര്യമായിരിക്കുമെന്നും ശൈലജ ടീച്ചര്‍ കുറിച്ചു. കുടുംബത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ടീച്ചര്‍ ആശംസകള്‍ അറിയിച്ചത്.
ഓഗസ്റ്റ് 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷിന്റേയും അധ്യാപികയായ പ്രതിഭയുടേയും വിവാഹം. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്.
ലിനിയുടെ മരണശേഷം സജീഷ് മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് താമസം. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു. ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പി.എച്ച്.സിയില്‍ ക്ലര്‍ക്കാണ് സജീഷ്.
2018ല്‍ കോഴിക്കോടുണ്ടായ നിപാ വ്യാപനത്തിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ലിനി രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം വന്നാണ് മരിക്കുന്നത്. മെയ് 21ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ട്.
കേരളത്തിന്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസില്‍ വേദനിക്കുന്നൊരോര്‍മയാണ്.
ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളര്‍ത്തുന്നതില്‍ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു.
റിതുലിനും, സിദ്ധാര്‍ത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസിന് സന്തോഷം നല്‍കുന്ന കാര്യമായിരിക്കും.
ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
Content Highlight: KK Shailaja Teacher Wishes to Sajeesh marriage