തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മഗ്‌സസെ അവാര്‍ഡ് നിരസിച്ചതായി റിപ്പോര്‍ട്ട്. സി.പി.ഐ.എം അനുമതി ഇല്ലാത്തത് കാരണമാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് സൂചന. അവാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചതായാണ് വിവരം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു മുന്‍ മന്ത്രി ശൈലജയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്.
സംസ്ഥാനത്ത് നിപ, കൊവിഡ്-19 നിയന്ത്രിക്കുന്നതിന് മുന്നില്‍ നിന്ന് ഫലപ്രദമായി നേതൃത്വം നല്‍കുന്ന പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതക്കും സേവനത്തിനുമാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64ാമത് മഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
നിപ ബാധയും കൊവിഡ് പകര്‍ച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു.
‘ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളം എന്ന ചെറിയ സംസ്ഥാനം എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ മഹാമാരിക്കെതിരെ പോരാടുന്നു’ എന്ന് എടുത്തുകാണിച്ച് വിവിധ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ശൈലജയെയും സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനങ്ങളെയും പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു.
ആരോഗ്യ മന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിക്കുന്നത്. കൂടാതെ, നിപ പൊട്ടിപ്പുറപ്പെടുന്നതിനും കൊവിഡ് മഹാമാരിക്കെതിരായ സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ ഒരു കൂട്ടായ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍ അവരുടെ വ്യക്തിഗത ശേഷിയില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല എന്ന് പാര്‍ട്ടി നിലപാട് സ്വീകരിച്ചതായാണ് വിവരം.
ഇതേത്തുടര്‍ന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചത്. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചൊതുക്കിയ മഗ്സസെയുടെ പേരിലുള്ളതിനാല്‍ അവാര്‍ഡ് സ്വീകരിക്കരുതെന്ന് പാര്‍ട്ടി പ്രഖ്യാപിത നിലപാടാണ്.
സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ ഇതേക്കുറിച്ച് പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചിട്ടുണ്ടെന്നാണ് വിവരം. അവാര്‍ഡിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച നേതൃത്വം, അത് സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചുവെന്നും, ഇത്തരമൊരു അവാര്‍ഡ് സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്ന് പാര്‍ട്ടി നേതൃതലത്തില്‍ ആലോചനയുണ്ടായതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യയുടെ നൊബേല്‍ സമ്മാനമായി പരക്കെ അറിയപ്പെടുന്ന രമണ്‍ മഗ്സസെ അവാര്‍ഡ് അന്തരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ്.
Content Highlight: KK Shailaja Teacher rejects Magsaysay Award