മൂന്നക്കം തികക്കാത്ത വാര്‍ഡില്‍ ജയിച്ചെന്ന് പറയുന്നത് തോല്‍വിയിലെ ജാള്യത മറയ്ക്കാന്‍; വ്യാജപ്രചരണങ്ങളില്‍ ശൈലജ ടീച്ചര്‍
Kerala News
മൂന്നക്കം തികക്കാത്ത വാര്‍ഡില്‍ ജയിച്ചെന്ന് പറയുന്നത് തോല്‍വിയിലെ ജാള്യത മറയ്ക്കാന്‍; വ്യാജപ്രചരണങ്ങളില്‍ ശൈലജ ടീച്ചര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd August 2022, 1:41 pm

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടെന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കെ.കെ. ശൈലജ ടീച്ചര്‍. ശൈലജ ടീച്ചറുടെ വാര്‍ഡില്‍ എല്‍.ഡി.എഫ് തോറ്റുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ശൈലജ ടീച്ചര്‍ രംഗത്തെത്തിയിരിക്കുന്നത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് മൂന്നക്കം പോലും തികയ്ക്കാന്‍ സാധിച്ചില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. എന്നിട്ടും യു.ഡി.എഫ് ആണ് മണ്ഡലത്തില്‍ ജയിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തോല്‍വിയിലുള്ള ജാള്യത മറച്ചുപിടിക്കാനുള്ള ശ്രമമാണെന്നും ടീച്ചര്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം.

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 21ഉം യു.ഡി.എഫ് 14ലും വിജയിച്ചു. ബി.ജെ.പിക്ക് സീറ്റ് ലഭിച്ചിട്ടില്ല.

ആറാം തവണയാണ് എല്‍.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. ഇടതുമുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തിട്ടുണ്ട്.

വാര്‍ഡില്‍ യു.ഡി.എഫ് ജയിച്ചെന്ന പ്രചരണം വന്നതോടെ നിരവധി പേരാണ് വിഷയത്തില്‍ ഇടതുമുന്നണിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. മുമ്പ് നേടിയ വോട്ട് പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും കോട്ടകള്‍ ഇളകിത്തുടങ്ങിയെന്നുമായിരുന്നു ചിലരുടെ പരാമര്‍ശം. സ്വന്തം വാര്‍ഡ് പോലും ശൈലജ ടീച്ചര്‍ക്ക് ജയിപ്പിക്കാന്‍ പറ്റിയില്ലല്ലേ എന്ന പരാമര്‍ശങ്ങളും ഇതിന് പിന്നാലെ വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ആറാം തവണയും തുടര്‍ച്ചയായി എല്‍.ഡി.എഫ് ജയിച്ചതോടെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ വീണ്ടും വ്യാജ പ്രചാരണങ്ങള്‍ തുടങ്ങി. ഞാന്‍ വോട്ട് ചെയ്ത എന്റെ വാര്‍ഡില്‍ എല്‍.ഡി.എഫ് തോറ്റെന്നാണ് പ്രചാരണം.

എന്റെ വാര്‍ഡ് ഇടവേലിക്കല്‍ ആണ്. എന്റെ ഭര്‍ത്താവ് കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ ജയിച്ച് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയ വാര്‍ഡും ഇതുതന്നെയാണ്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മൂന്നക്കം തികയ്ക്കാന്‍ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യു.ഡി.എഫിനായി പോള്‍ ചെയ്തത് എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം 580.
എന്നിട്ടും യു.ഡി.എഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോല്‍വിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.

Content Highlight: KK Shailaja teacher reacts to false news claiming udf victory in her constituency in ongoing mattannur election