| Monday, 13th May 2019, 5:25 pm

നിപ കാലം സമരകാലമായിരുന്നു; ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളികള്‍ ഏറെ ആശങ്കയോടെയായിരുന്നു കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളിലൂടെ കടന്നുപോയത്. ലോകത്ത് തന്നെ അപൂര്‍വ്വമായ നിപ എന്ന പനി കേരളത്തിലും തിരിച്ചറിഞ്ഞതും 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും 2018 മേയ് മാസത്തിലാണ്. നിപാ കാലത്തില്‍ നിന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെയും ജാഗ്രതയോടെയും ഒരു ദുരന്തത്തെ അതിജീവിച്ചതിനെക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ സംസാരിക്കുന്നു

കേരളത്തെ ഒട്ടാകെ ആശങ്കയിലാഴ്ത്തിയ ഒരു പനി. അത് നിപയാണെന്ന് തിരിച്ചറിയുന്നത് ഏത് ഘട്ടത്തിലാണ്.?

നമ്മളാരും പ്രതീക്ഷിക്കാത്ത തരത്തിലാണ് കേരളത്തില്‍ നിപയെന്ന പേരില്‍ പുതിയ ഒരു പനി കടന്നുവരുന്നത്. ലോകത്തില്‍ തന്നെ നാലഞ്ച് സ്ഥലത്ത് മാത്രമെ നിപ ബാധ ഉണ്ടായിട്ടുള്ളൂ. കേരളത്തില്‍ അങ്ങനെയൊരു നിപാ വൈറസ് ബാധയുണ്ടാകുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചതേ ഇല്ല. മറ്റ് പലരീതിയിലുള്ള വൈറസ് ബാധകള്‍ പകര്‍ച്ചാവ്യാധികളൊക്കെ കേരളത്തില്‍ ഉണ്ടാകാറുണ്ട്. കേരളത്തിന്റെ കാലാവസ്ഥയും പരിസ്ഥിതിയുമെല്ലാം തന്നെ ഇത്തരത്തിലുള്ള പുതിയ വൈറസുകള്‍ ബാധിക്കാന്‍ സാധ്യതയുള്ളതാണ് എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിട്ടുള്ളത്.

പക്ഷെ ഇവിടെ കോഴിക്കോട് സൂപ്പിക്കടയില്‍ ചങ്ങരോത്ത്, ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് അതീവഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഈ സംഭവം ആരംഭിക്കുന്നത്. അതില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി മരണപ്പെട്ടു. മറ്റുരണ്ട് പേരെ അഡ്മിറ്റ് ചെയ്തത് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു. നേരത്തെ ഒരാള്‍ മരണപ്പെട്ട രോഗലക്ഷണങ്ങളുമായി ഒരു കുടുംബത്തിലെ തന്നെ അംഗങ്ങള്‍ തീര്‍ത്തും അത്യാസന്ന നിലയില്‍ കിടക്കുന്നു എന്ന് കണ്ടപ്പോഴാണ് ഇതിനകത്ത് പൊതുവായി എന്തെങ്കിലും ഉണ്ടോ, അല്ലെങ്കില്‍ അസാധാരണമായി എന്തെങ്കിലും ഉണ്ടോ എന്ന് സംശയിച്ചത്.

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ അനൂപും ജയകൃഷ്ണനുമൊക്കെ തന്നെ അങ്ങനെയൊരു സംശയം പ്രകടിപ്പിച്ചു. ഞങ്ങളെ വിവരമറിയിച്ചു. അങ്ങനെ ആരോഗ്യവകുപ്പ് ഇവരുടെ ശരീരത്തിലെ സാമ്പിളുകള്‍ മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ചു. അവിടത്തെ ഡോക്ടര്‍ അരുണ്‍ വളരെ പ്രശസ്തനാണ്. അവിടെ നടത്തിയ പരിശോധനയിലാണ് ഇത് നിപാ വൈറസ് ആണെന്ന് മനസിലായത്. പക്ഷെ മണിപ്പാലില്‍ നിന്ന് ടെസ്റ്റ് ചെയ്താലും ഞങ്ങള്‍ക്കത് അനൗണ്‍സ് ചെയ്യാന്‍ പറ്റില്ലായിരുന്നു. അത് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമെ അതിന് സാധിക്കൂ.

നിപയാണെന്ന് തിരിച്ചറിഞ്ഞ ശേഷമുള്ള നടപടികള്‍?

മണിപ്പാലില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയതിന് പിറ്റേന്ന് തന്നെ എന്‍.ഐ.വി സാക്ഷ്യപ്പെടുത്തുന്നു ഇത് നിപാ വൈറസ് ആണെന്ന്. ശരിക്കും പറഞ്ഞാല്‍ വല്ലാത്തൊരു അമ്പരപ്പ് തോന്നിയ ഒരു നിമിഷമാണ്. മാധ്യമങ്ങളുടെയൊക്കെ വലിയ പിന്തുണയാണ് കിട്ടിയത്. സാധാരണ ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ ചിലപ്പോള്‍ പെരുപ്പിച്ച വാര്‍ത്തകള്‍ പറയുക, ചിലപ്പോള്‍ കുറ്റപ്പെടുത്തി വാര്‍ത്തകള്‍ പറയുക എന്നതൊക്കെയാണ് ഉണ്ടാകാറുള്ളത്. അതിലേക്ക് നീങ്ങാതെ വളരെ ജാഗ്രതയോടെ അവരും ഈ വിഷയത്തെ കൈകാര്യം ചെയ്തു. അക്കാര്യത്തില്‍ ഞാന്‍ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ്. വിദഗ്ധരെല്ലാം പറഞ്ഞു എത്ര ചുരുങ്ങിയാലും ഈ രോഗം ബാധിച്ച മൂന്നുപേരുടെ കോണ്‍ടാക്ടിന്റെ ധാരണവെച്ച് ഒരു 200 പേരെങ്കിലും മരിക്കാനിടയുണ്ട് ചുരുങ്ങിയത് എന്നാണ് പറഞ്ഞത്.

അത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഉടനെ തന്നെ ഞങ്ങള്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. ആളുകളെ ഐസൊലേറ്റ് ചെയ്യാന്‍ തുടങ്ങി. മെഡിക്കല്‍ കോളെജില്‍ ഐസൊലേഷന്‍ വാര്‍ഡ് സെറ്റ് ചെയ്തു. അതൊക്കെ വളരെ ദ്രുതഗതിയില്‍ നടത്തി. പിന്നെ ഈ രോഗലക്ഷണം എവിടെ കണ്ടാലും കോഴിക്കോട് ഐസൊലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുവരികയും അവിടെ ഉടനെ തന്നെ സാംപിളുകള്‍ എടുത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്തു. അങ്ങനെ വലിയ ബുദ്ധിമുട്ടില്ലാതെ ഇത് മുന്നോട്ടുപോകുമ്പോഴാണ് മലപ്പുറത്തൊരു മരണം സംഭവിച്ചത് നിപകാരണമാണ് എന്ന റിപ്പോര്‍ട്ട് വരുന്നത്.

അപ്പോള്‍ ഭയന്നു. കാരണം ഈ കോണ്‍ടാക്ടില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് ആരെങ്കിലും പോയിട്ട് അവിടെയും ഒരു പ്രശ്‌നം വരികയാണെങ്കില്‍ അവിടേയും യുദ്ധമുഖം തുറക്കേണ്ടതായിട്ട് വരികയാണ്. അവിടേയും ഇതേ വിജിലന്‍സ് തുടങ്ങേണ്ടതായി വരും. അങ്ങനെ കേരളത്തിന്റെ ഏതെല്ലാം ഭാഗത്താണ് എത്തിയത്, അതിനെക്കുറിച്ചും ആശങ്ക. ഇവിടെയാണെങ്കില്‍ ചങ്ങരോത്തുനിന്ന് ആളുകള്‍ പലായനം ചെയ്യാന്‍ തുടങ്ങി. ഇത് വായുവിലൂടെ പകരുമോ വെള്ളത്തിലൂടെ പകരുമോ എന്തായാലും വന്നാല്‍ ആളുകള്‍ മരിച്ചുപോകുമെന്നുറപ്പാണ്. മരുന്നില്ലെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആകെ രു റിവാബ്രിന്‍ എന്ന് പറയുന്ന ടാബ്ലെറ്റാണുള്ളത്. അത് ഇവിടെ ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലെവിടെയോ ഒരു കമ്പനിയിലാണ് ഉണ്ടായിരുന്നത്.

ഞങ്ങള്‍ ഉടന്‍ അവരുമായി ബന്ധപ്പെട്ട് ആ കമ്പനി നിര്‍മ്മിച്ചുവെച്ചത് മുഴുവന്‍ ഇങ്ങോട്ട് മേടിച്ചുകൊണ്ടുവന്നു. പിന്നെയൊരു ഹ്യൂമന്‍ മോണോപ്ലോളന്‍ ആന്റിബോഡി ആസ്‌ട്രേലിയയില്‍ കണ്ടുപിടിച്ചിട്ടുണ്ട്. അത് പേറ്റന്റ് ചെയ്യപ്പെട്ടിട്ടില്ല. അത് മനുഷ്യരില്‍ പരിശോധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഒരു ഘട്ടത്തില്‍ അവിടെ ഹെന്‍ട്രാ നിപാ വൈറസ് ബാധയുണ്ടായ സമയത്ത് 13 പേരില്‍ പരിശോധിച്ചിട്ടുണ്ട്. അത് ഫലപ്രദമാണെന്ന് പറയുന്നു. പക്ഷെ അത് പ്രയോഗിക്കണമെങ്കില്‍ നിരവധി പ്രോട്ടോകോളുണ്ട്. രാജ്യം തന്നെ ബന്ധപ്പെട്ടാലെ ലഭിക്കുകയുള്ളൂ. അവിടത്തെ ക്വീന്‍സ് ലാന്‍ഡ് ഗവണ്‍മെന്റിന്റെ കൈയിലാണ് അതുള്ളത്.

ഞങ്ങള്‍ ഉടനെ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടു. അവരെക്കൊണ്ട് കത്തെഴുതിപ്പിച്ചു. സാധാരണ ഈ ഡ്രഗ്‌സ് കണ്‍ട്രോളരുടെ ഒരു കത്ത് കിട്ടണമെങ്കില്‍, എന്‍.ഒ.സി കിട്ടണമെങ്കില്‍ അപേക്ഷിച്ച് ഒരുമാസം കഴിയണം. വിദേശത്ത് നിന്നാണ് മരുന്ന് വരുന്നത്. പക്ഷെ 24 മണിക്കൂറിനുള്ളില്‍ നമ്മളത് നേടിയെടുത്തു എന്നുള്ളതാണ് കാര്യം. നമ്മുടെ ഉദ്യോഗസ്ഥരെല്ലാം അതിന് വേണ്ടി നന്നായി പരിശ്രമിച്ചു.

അങ്ങനെ അവിടെ നിന്നത് എയര്‍ലിഫ്റ്റ് ചെയ്ത് അത് ഇവിടെ കൊണ്ടുവന്നു. പക്ഷെ അത് ഉപയോഗിക്കേണ്ടി വന്നില്ല. പക്ഷെ അതിന് മുന്‍പ് നമ്മള്‍ ഇതിനെ നിയന്ത്രിക്കാന്‍ തുടങ്ങിയിരുന്നു. 16 പേര്‍ മരിച്ചുപോയി. 18 പേരിലാണ് പരിശോധന പോസിറ്റീവായിട്ട് വന്നത്. ചിലര്‍ പറയുന്നുണ്ട് 23 പേര്‍ മരിച്ചത്. അതെന്ന് പറയുന്നത് അതിന് മുന്‍പ് മരിച്ചവരെ സംശയത്തിന്റെ പേരില്‍ നിര്‍ത്തിയതായിരുന്നു. നിപയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയത് 18 കേസാണ്. അതില്‍ 16 പേര്‍ മരണത്തില്‍ കീഴടങ്ങി. രണ്ട് പേരെ രക്ഷിക്കാന്‍ കഴിഞ്ഞു.

അതാണ് അമേരിക്കയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടൊക്കെ അത്ഭുതത്തോടെ കാണുന്നത്. എന്നെ അവിടെ വിളിച്ചിരുന്നു, മുഖ്യമന്ത്രിയുടെ കൂടെ. ഞാനും മുഖ്യമന്ത്രിയും കൂടെ ബാള്‍ട്ടിമോറിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ക്ഷണിച്ചിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞനായിട്ടുള്ള റോബോര്‍ട്ട് ഗാലോ അടക്കമുള്ളവരുമായി ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു. അവര്‍ ചോദിക്കുന്നത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ 40 ദിവസത്തിനുള്ളില്‍ ഒരു 16 പേരുടെ മരണത്തിലേക്ക് മാത്രം ഒതുക്കിയിട്ട് നിങ്ങള്‍ എങ്ങനെ നിയന്ത്രിച്ചു എന്നതാണ് അവര്‍ ചോദിച്ചത്. ലോകത്ത് എവിടെയുണ്ടായതിനേക്കാളും ജനസാന്ദ്രതയുള്ള സ്ഥലത്താണ് ഇവിടെ നിപ ഉണ്ടായിരിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ എങ്ങനെ നിയന്ത്രിച്ചു. വേറൊന്നും അതിന് ഉത്തരമില്ല. ഒരു കൂട്ടായ്മയോടെയുള്ള ഒരു പ്രവര്‍ത്തനം. ധൈര്യത്തോടെ ഇടപെടുക എന്നതല്ലാതെ ഒന്നും ചെയ്യാനില്ല. മലപ്പുറത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കേട്ട ഉടനെ തന്നെ മലപ്പുറത്തേക്ക് പോയി. അവിടെ ഞാന്‍ ചെല്ലുമ്പോഴേക്കും മീറ്റിംഗ് വിളിച്ചുചേര്‍ക്കാന്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ ഓഫീസര്‍മാരേയും ഡോക്ടര്‍മാരേയും വിളിച്ചുചേര്‍ത്തു. കോഴിക്കോട് തുടങ്ങിയ അതേപോലെ തന്നെ കണ്‍ട്രോള്‍ റൂം തുറന്നു. അവിടത്തെ ഡി.എം.ഒയെ ചുമതലപ്പെടുത്തി. കോഴിക്കോട് നടത്തിയ സജ്ജീകരണങ്ങളെല്ലാം അവിടെയും നടത്തി.

ആ സമയത്ത് മെഡിക്കല്‍ കോളേജില്‍ താങ്കള്‍ നിരന്തരം സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് എന്തെങ്കിലും ഭയം തോന്നിയിരുന്നോ?

യഥാര്‍ത്ഥത്തില്‍ ഭയന്ന് നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇടപെട്ടെ മതിയാകുമായിരുന്നു. എന്നാല്‍ ആളുകള്‍ പറഞ്ഞിരുന്നു. മന്ത്രി നേരിട്ട് പോകരുത്, കാരണം തമാശയായിട്ട് അവര്‍ പറഞ്ഞത് സര്‍വ്വസൈന്യാധിപന്‍ ആദ്യമായിട്ട് ഇടപെട്ടാല്‍ പിന്നെയാരാണ് ഇടപെടുക എന്നായിരുന്നു. എന്നാല്‍ എല്ലാവരും സര്‍വ്വസൈന്യാധിപരാകേണ്ട ഘട്ടമാണ് അത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്.

രണ്ട് കാര്യത്തിലാണ് അവരെന്ന നിയന്ത്രിക്കാന്‍ ശ്രമിച്ചത്. ഒന്ന് ഞാന്‍ ചെങ്ങരോത്ത് പോകുന്നതില്‍. കാരണം രണ്ടാമത്തെ മരണമുണ്ടായി നിപയാണ് എന്ന് തിരിച്ചറിഞ്ഞതിന്റെ പിറ്റേന്ന് ഞാന്‍ ചെങ്ങരോത്ത് ഗ്രാമത്തിലേക്ക് പോയി. പോകാന്‍ കാരണം അവിടെ ജനങ്ങളിങ്ങനെ വീട് മാറിപ്പോയിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ പോയാല്‍ രണ്ട് ബുദ്ധിമുട്ടാണ്. ഒന്ന് ജനങ്ങള്‍ ഭയപ്പെട്ട് അവര്‍ക്കെന്തെങ്കിലും ബുദ്ധിമുട്ട് വരും. രണ്ടാമത്തേത് ഇവര്‍ക്കാര്‍ക്കെങ്കിലും കോണ്‍ടാക്ട് ഉണ്ടെങ്കില്‍ ഇവര്‍ പോകുന്നിടത്തും ഇത് പകരും. ഇവരെ അവിടെ തന്നെ നിര്‍ത്തുക എന്നുള്ളത് ഈ രണ്ട് കാരണങ്ങള്‍ കൊണ്ട് ആവശ്യമായിരുന്നു. അതുകൊണ്ട് ഞാനേതായാലും പോകാന്‍ തീരുമാനിച്ചു. രാമകൃഷ്‌ണേട്ടനോട് (ടി.പി രാമകൃഷ്ണന്‍) ഞാന്‍ നിങ്ങള്‍ വരേണ്ട. കാരണം ചെറിയ അസുഖമൊക്കെ കഴിഞ്ഞ് ഇരിക്കുന്നതാണ്.

പക്ഷെ അദ്ദേഹം എന്നെക്കാള്‍ ധൃതിയില്‍ പോകാന്‍ തയ്യാറായി. ഞാനും ടി.പി രാമകൃഷ്‌ണേട്ടനും ഞങ്ങളുടെ ഉദ്യോഗസ്ഥന്മാരും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ അരുണടക്കമുള്ള ഒരു സംഘവും അങ്ങനെ അങ്ങോട്ടുപോയി. വിറങ്ങലിച്ച് ഒരു തുള്ള രക്തം മുഖത്തില്ലാത്ത അവസ്ഥയിലായിരുന്നു അവിടത്തെ ജനങ്ങള്‍. വവ്വാലിലൂടെയാണ് ഇത് പകരുന്നത്. പഴം കഴിക്കുന്ന വവ്വാലുകളാണ് ഇതിന്റെ വാഹകര്‍. ഇതൊക്കെ ശ്രദ്ധിച്ചാല്‍ പകരില്ല. പിന്നെ നല്ല ചുമയും അതുപോലുള്ള അസ്വസ്ഥകളുമൊക്കെ കാണിക്കുന്ന ആളുകളെ അപ്പോള്‍ തന്നെ മാറ്റിനിര്‍ത്തി അവരുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു മാസ്‌കൊക്കെ ധരിച്ച് അവരുടെ സമീപത്ത് പോയാല്‍ വിരോധമില്ല. അങ്ങനെ ശ്രദ്ധിക്കണം എന്ന് അവരോട് പറഞ്ഞു.

ഏതായാലും ആ സന്ദര്‍ശനം വലിയ ഫലം ചെയ്തു എന്ന് പിന്നീട് നാട്ടുകാരും പറഞ്ഞു. പിന്നെ ഞങ്ങളെ കാണുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയായി. നിങ്ങള്‍ ചങ്ങരോത്ത് പോയതല്ലേ നിങ്ങളെ തൊടാവോ എന്ന രീതിയിലും ചിലര്‍ ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തമാശയാണെങ്കിലും അപ്പോള്‍ അതൊക്കെ ഒരു വലിയ മാനസിക പ്രയാസമായിരുന്നു. ഞങ്ങള്‍ക്കൊരു കുഴപ്പവുമില്ല. അനൂപ് തന്നെ ഈ സാലിഹിനെ ചികിത്സിച്ചൊരാളാണ്. അനൂപ് എല്ലാ ദിവസവും ഞങ്ങളുടെ കൂടെയുണ്ടാകും. അപ്പോള്‍ അനൂപിന് പനി വരുന്നുണ്ടോ, എന്തെങ്കിലും വിഷമം വരുന്നുണ്ടോ, ഇവരെ ശുശ്രൂഷിച്ച മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടോ, ലിനിയെ നമ്മള്‍ക്ക് നഷ്ടപ്പെട്ടു. ലിനിയുടെത് വളരെ സങ്കടകരമായ കാര്യമാണ്.

നിപയെ നേരിടുമ്പോള്‍ അനുഭവിച്ച സങ്കീര്‍ണ്ണമായ ബുദ്ധിമുട്ടുകള്‍?

മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നായിരുന്നു പ്രശ്‌നം. വേറെ ഏതെങ്കിലും സ്റ്റാഫിന് പ്രശ്‌നമുണ്ടാകുന്നുണ്ടോ, അതിനിടയില്‍ എന്റെ ഡി.എം.ഒ ജയശ്രീയ്‌ക്കൊരു പനി വന്നു. ആകെ അസ്വസ്ഥമായി. ജയശ്രീ ഇതിന്റെ ഇടയില്‍ ഞങ്ങളുടെ കൂടെ വന്നിട്ടുള്ളതാണ്. ജയശ്രീയോട് രണ്ട് ദിവസം വിശ്രമിക്കാന്‍ പറഞ്ഞപ്പോള്‍ വേണ്ട ഇതെന്തെങ്കിലും ഒന്ന് ആകുന്നത് വരെ ഞാന്‍ വിശ്രമിക്കുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. ഒരോരുത്തര്‍ക്കും ചെറിയ പനയും ജലദോഷവും വരുമ്പോള്‍ നമുക്ക് ആശങ്കയായിരുന്നു.

അത് പോലെയാണ് മെഡിക്കല്‍ കോളേജില്‍ പോയ അവസരവും. മെഡിക്കല്‍ കോളേജില്‍ ഐസോലെഷന്‍ വാര്‍ഡ് സെറ്റ് ചെയ്യാന്‍ പോലും ആളുകള്‍ക്ക് പേടിയായിരുന്നു. അപ്പോള്‍ നല്ല ധൈര്യമുള്ള കുറെയാളുകളെ ചേര്‍ത്ത് ഐസോലേഷന്‍ വാര്‍ഡ് സെറ്റ് ചെയ്തു.

പിന്നെ അത് മാത്രമല്ല, മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് തന്നെ എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന ആശങ്കയിലായിരുന്നു. പുറമെ നിന്ന് ആളുകള്‍ പറഞ്ഞു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഒരു ആറ്റം ബോംബായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന്. കാരണം നിപയാണെന്ന് സംശയിക്കുന്ന എല്ലാ കേസുകളും ഐസോലേഷന്‍ വാര്‍ഡിലേക്കാണ് വരുന്നത്. അപ്പോള്‍ നിപാ ബാധിച്ചവരെല്ലാം വന്നുചേരുന്നയിടം- അവിടെ എങ്ങനെയാണ് കൈകാര്യം ചെയ്യുക. ഉടനെ എല്ലാവരുടേയും മീറ്റിംഗ് വിളിച്ചുചേര്‍ത്തു. ഞാനും ഹെല്‍ത്ത് സെക്രട്ടറിയും ഡോ. അരുണും ഉണ്ടായിരുന്നു. യോഗത്തില്‍ ഞങ്ങള്‍ പറഞ്ഞു. ഇത് നമുക്ക് മാത്രമെ ഏറ്റെടുക്കാന്‍ പറ്റൂ. ഉരുള്‍പൊട്ടലോ മറ്റോ പോലുള്ള വിഷയമാണെങ്കില്‍ പുറമെനിന്നും ആളുകളെ സംഘടിപ്പാക്കാം. ഇക്കാര്യത്തില്‍ മെഡിക്കല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെ മാത്രമെ പങ്കെടുപ്പിക്കാന്‍ പറ്റൂ.

അതുപോലെ ഒരാള്‍ മരിച്ചുപോയപ്പോഴാണ് ബുദ്ധിമുട്ടായത്. കാരണം മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ല. അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നത് വലിയ ശ്രമകരമായിരുന്നു. അതിന് ശേഷം മൃതദേഹം മറവ് ചെയ്യുക എന്നതിലും പ്രയാസം വന്നു. കോര്‍പ്പറേഷനിലെ ഡോക്ടര്‍ ഗോപകുമാര്‍ പറഞ്ഞു അദ്ദേഹം മറവ് ചെയ്‌തോളാം എന്ന് പറഞ്ഞുമുന്നോട്ടുവന്നു.

ഒരു മുസ്‌ലിം മതവിശ്വാസി പറഞ്ഞപ്പോള്‍ പിന്നെയും പ്രയാസമായി. കാരണം അവര്‍ക്ക് മൃതദേഹം ദഹിപ്പിക്കാന്‍ പറ്റില്ല. നമ്മള്‍ നേരത്തെ മരിച്ചവരെയെല്ലാം ദഹിപ്പിക്കുകയായിരുന്നു ചെയ്തത്.

പിന്നെ ഒന്നുകൂടി റഫര്‍ ചെയ്തപ്പോള്‍ വലിയ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്ന് മനസിലായി. പിന്നെയുള്ള പ്രശ്‌നം എവിടെ സംസ്‌കരിക്കും എന്നുള്ളതായിരുന്നു. ഒരു പള്ളിയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയപ്പോള്‍ അവിടെയുള്ളവര്‍ പറഞ്ഞു ഇവിടെ സംസ്‌കരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കളക്ടര്‍ ഇടപെട്ടാണ് ആ പ്രശ്‌നം പരിഹരിക്കുന്നത്.

ഡൂള്‍ന്യൂസ് ഡെസ്‌ക്