|

"ഇത്ര ലാഘവത്തോടെയാണോ കേരളീയ സമൂഹം കാര്യങ്ങളെ കാണുന്നത്"; രജിത് കുമാറിന് സ്വീകരണം നല്‍കിയതിനെതിരെ ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റിയാലിറ്റി ഷോയില്‍ നിന്ന് പരാജയപ്പെട്ടവരെയൊക്കെ എന്തിനാണ് സ്വീകരണം നല്‍കി ആനയിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കൈരളി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത്ര ലാഘവത്തോടെയാണോ കേരളീയ സമൂഹം കാര്യങ്ങളെ കാണുന്നത്. ഒരു ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത് വിജയിക്കുകയോ തോല്‍ക്കുകയോ ചെയ്ത ഒരാള്‍ക്ക് ഇത്രയും വലിയ സ്വീകരണം കൊടുക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. നമ്മുടെ നാടിനെന്തെങ്കിലും അഭിമാനകരമായ ഒരുകാര്യം ചെയ്ത് വരുന്ന ഒരാളാണെങ്കില്‍ ഓ.കെ’, മന്ത്രി പറഞ്ഞു.


പ്രോഗ്രാമൊക്കെ നടത്താം, അതിനകത്ത് ആളുകള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് എന്ന നിലയ്ക്കും ആകാം. അതിനപ്പുറത്തേക്ക് അതെന്ത് സന്ദേശമാണ് നല്‍കുന്നതെന്നും മന്ത്രി ചോദിച്ചു. പ്രശ്‌നങ്ങളൊന്നുമില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അവിടെ പോകാന്‍ അവകാശമുണ്ട്. പക്ഷെ ഇവിടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന സമയത്താകരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒന്നാം പ്രതിയാണ് രജിത്. ആറ്റിങ്ങലെ വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ കസ്റ്റഡിയിലെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ബിഗ്‌ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടം വളഞ്ഞത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് രജിത് കുമാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്. രജിതിനെ സ്വീകരിക്കാന്‍ നിരവധിപ്പേരാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്.

WATCH THIS VIDEO: