| Saturday, 5th March 2022, 6:38 pm

കോടിയേരി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതല്ല, തമാശ പറഞ്ഞതാണ്; സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന തത്വശാസ്ത്രത്തിന്റെ നേതാവാണ് അദ്ദേഹം: കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയും സി.പി.ഐ.എം സംസ്ഥാന സമിതി അംഗവുമായ കെ.കെ. ശൈലജ. കോടിയേരി പറഞ്ഞ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് അങ്ങനെ പറയുന്നത് ശരിയല്ലെന്ന് കെ.കെ. ശൈലജ പറഞ്ഞു.

‘കോടിയേരിയെ അറിയാത്തവരായി ആരുമില്ല. അങ്ങനെയൊരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന അഭിപ്രായം ഇന്നാട്ടില്‍ ആര്‍ക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. കോടിയേരി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്, അങ്ങനെയൊരു പരാമര്‍ശം ആ അര്‍ത്ഥത്തില്‍ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം,’ ശൈലജ പറഞ്ഞു.

സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് അദ്ദേഹമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.

അമ്പത് ശതമാനം സ്ത്രീകള്‍ സംസ്ഥാന സമിതിയില്‍ എത്തിയാല്‍ കമ്മിറ്റി തകരുമെന്നാണ് അദ്ദേഹം പറഞ്ഞത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആ ഒരു അര്‍ത്ഥത്തില്‍ കോടിയേരി പറയാനേ ഇടയില്ലെന്നും അങ്ങനെ പറയുകയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയില്‍ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം കമ്മിറ്റിയിലുണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, നിങ്ങള്‍ കമ്മിറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുകയാണോ എന്നായിരുന്നു കോടിയേരി മറുപടി പറഞ്ഞത്.

‘എല്ലാ കമ്മിറ്റികളിലും വനിതാ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. 50 ശതമാനമോ, നിങ്ങള്‍ കമ്മിറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ. പ്രായോഗികമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുക,” കോടിയേരി പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 13 വനിതകള്‍ മാത്രമാണുള്ളത്. പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍, കെ.കെ.ശൈലജ, പി.സതീദേവി, പി.കെ.സൈനബ, കെ.പി.മേരി, സി.എസ്. സുജാത, ജെ.മേഴ്സിക്കുട്ടിയമ്മ, ടി.എന്‍.സീമ, കെ.എസ്.സലീഖ, കെ.കെ.ലതിക, ഡോ.ചിന്ത ജെറോം, സൂസന്‍ കോടി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. കെ.എസ്. സലീഖ, കെ.കെ. ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയില്‍ എത്തിയവര്‍. പി.കെ. ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.


Content Highlights: KK Shailaja shares her opinion about Kodiyeri Balakrishnan’s statement about women

We use cookies to give you the best possible experience. Learn more