| Monday, 14th February 2022, 10:49 pm

വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള ആഭാസങ്ങള്‍ക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരുമിച്ചുനില്‍ക്കണം: കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണമെന്ന് കെ.കെ. ശൈലജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികണം.

നമ്മുടെ നാട്ടില്‍ ആഘോഷങ്ങളുടെ മറപിടിച്ച് സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ് പ്രത്യേകിച്ച് വിവാഹാഘോഷവുമായി ബന്ധപ്പെട്ട്. സംസ്‌കാര സമ്പന്നമായ ഒരു ജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തോടൊപ്പം എത്തിയ ചിലര്‍ നടത്തിയ ബോംബേറില്‍ അതേസംഘത്തില്‍പ്പെട്ട യുവാവിന്റെ തലതകര്‍ന്ന് കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടായി. അങ്ങേയറ്റം അപലപനീയമായ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായാണ് ഈ മരണം ഉണ്ടായിട്ടുള്ളതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

വിവാഹ വീടുകളില്‍ വിവാഹത്തലേന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ആഭാസ നൃത്തം ചവിട്ടുകയും, കേട്ടാലറയ്ക്കുന്ന ഭാഷ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. പുരുഷന്‍മാര്‍ സ്ത്രീകളുടെ വേഷം കെട്ടി ആഭാസ നൃത്തം ചവിട്ടുക, വധുവിന്റെ ചെരിപ്പില്‍ എണ്ണയൊഴിച്ച് ആ ചെരിപ്പില്‍ കയറി നടക്കാന്‍ ആജ്ഞാപിക്കുക, വധൂവരന്‍മാരുടെ കഴുത്തില്‍ ചെരിപ്പ് മാലയിട്ട് നടത്തിക്കുക, അവരുടെ കിടപ്പുമുറി അലങ്കോലപ്പെടുത്തുക, കിടക്കയില്‍ വെള്ളം നനച്ച് കുതിര്‍ക്കുക, തുടങ്ങിയ ക്രൂര വിനോദങ്ങളാണ് നടത്തുന്നത്. ഇത്രയും ആഭാസകരമായ ഇടപെടല്‍ നടക്കുമ്പോഴും സമൂഹം കണ്ടില്ലെന്ന് നടിക്കുന്നത് അപടകകരമാണെന്നും അവര്‍ പറഞ്ഞു.

സ്വന്തം മക്കളോ, ബന്ധുക്കളോ, സുഹൃത്തുക്കളോ ആരായാലും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കക്ഷി രാഷ്ട്രീയത്തിനതീതമായി യുവജന സംഘടനകളും മഹിളാ സംഘടനകളും ഇതില്‍ പ്രതികരിക്കാന്‍ മുന്നോട്ടുവരണം. ഇത്തരം അതിക്രമങ്ങള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കി പൊലീസിന്റെ ഭാഗത്തുനിന്നും കൃത്യമായ നടപടിയുണ്ടാവണം. നമ്മുടെ നാടിന്റെ അന്തസ്സും, കൂട്ടായ്മയും, സ്നേഹവും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഈ നാട് ഒരുമിച്ചുനില്‍ക്കണമെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  KK Shailaja says the party must stand together beyond politics against the vulgarities that are part of wedding celebrations 

We use cookies to give you the best possible experience. Learn more