കണ്ണൂര്‍: അധ്യാപനകാലത്തെ മറക്കാനാകാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് കെ.കെ. ശൈലജ എം.എല്‍.എ. കുട്ടികളെ അടിക്കാതെ ക്ലാസ് നിയന്ത്രിച്ചിരുന്ന അധ്യാപികയായിരുന്നു താനെന്ന് ശൈലജ പറയുന്നു.
മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി.
അഭിമുഖത്തിനിടെ സ്‌കൂളിലെ ഒരു വികൃതിപ്പയ്യനെ എല്ലാവരുടേയും ആരാധനാപാത്രമായ സ്‌പോര്‍ട്‌സ് താരമാക്കിയ കഥയും ശൈലജ പങ്കുവെച്ചു.
മട്ടന്നൂര്‍ കോളേജില്‍ നിന്ന് ബിരുദവും വിശ്വേശരയ്യ കോളേജില്‍ നിന്ന് 1980 ല്‍ ബി.എഡ് വിദ്യാഭ്യാസവും നേടിയ ശൈലജ ശിവപുരം ഹൈസ്‌കൂളിലാണ് സേവനമനുഷ്ഠിച്ചത്. 2004 ല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി അധ്യാപകജോലി ഉപേക്ഷിക്കുകയായിരുന്നു ശൈലജ.
എട്ട് ജി ക്ലാസില്‍ ഒരു മഹാവികൃതിക്കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ ഹെഡ്മാഷ് എന്നോട് പറഞ്ഞു ആ ക്ലാസിന്റെ ചാര്‍ജ് എടുക്കണമെന്ന്. കാരണം അവിടെ പോകാന്‍ മറ്റ് ടീച്ചര്‍മാരിഷ്ടപ്പെടുന്നില്ല.
ഈ കുട്ടി ഭയങ്കര വികൃതിയായതിനാല്‍ ക്ലാസില്‍ ഭയങ്കര ബഹളമാണ്, ക്ലാസില്‍ പഠിപ്പിക്കാന്‍ പറ്റില്ല എന്നൊക്കെ ചിലര്‍ പറഞ്ഞു. അങ്ങനെ എന്നോട് ആ ക്ലാസിന്റെ ചാര്‍ജ് എടുക്കാന്‍ പറഞ്ഞു.
ഞാന്‍ ആദ്യ ദിവസം അറ്റന്‍ഡന്‍സ് എടുക്കാന്‍ നോക്കുമ്പോള്‍ പിന്നിലെ ബെഞ്ചില്‍ നിന്ന് അടക്കിപ്പിടിച്ച ചിരിയൊക്കെ കേള്‍ക്കുന്നു. ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ അന്നത്തെ സിനിമാതാരങ്ങളുടെയൊക്കെ ബിക്കിനി വേഷത്തിലുള്ള ഫോട്ടോസ് ഒരു പുസ്തകത്തിന്റെ ഉള്ളില്‍ ഉണ്ട്. അത് കണ്ടിട്ട് എല്ലാവരും കൂടി ചിരിക്കുകയാണ്. ഈ കുട്ടിയും ഉണ്ട്.
ഞാന്‍ ഇത് മേടിച്ചിട്ട് അല്ല, വീട്ടില്‍ അമ്മയൊക്കെ ഇങ്ങനത്തെ വേഷമാണല്ലേ ഇടുന്നത് എന്ന് ചോദിച്ചു. അപ്പോള്‍ ഹേയ്… എന്റെ അമ്മ അങ്ങനെയൊന്നുമല്ലെന്ന് അവന്‍ പറഞ്ഞു. അമ്മയെ പറഞ്ഞാല്‍ ഇഷ്ടമാകില്ലല്ലോ. ഞാന്‍ ചോദിച്ചു, ഞാന്‍ നിന്റെ ടീച്ചറാണ് ഞാന്‍ ഈ കുപ്പായമിട്ടിട്ടാണോ ഇവിടെ നില്‍ക്കുന്നത്. അപ്പോള്‍ അല്ലാന്ന് പറഞ്ഞു.
എന്നാല്‍ നമ്മളാരും ഇടാത്ത ഫോട്ടോ നോക്കിയിരിക്കേണ്ട കാര്യം നമുക്കില്ലല്ലോ. ഇത് നീ കൊണ്ടുപോകുമോ അതോ ഞാന്‍ കൊണ്ടുപോകണോ എന്ന് ചോദിച്ചു. ഇവന് ആദ്യം എന്തേലും പറഞ്ഞയുടനെ അടി കിട്ടിയിരുന്ന ശീലമുണ്ടായിരുന്നു എന്ന് തോന്നുന്നു, അവനെ ആരും ശ്രദ്ധിക്കാറില്ല.
ഞാനിങ്ങനെ പറഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ ആ പുസ്തകം എനിക്ക് തന്നു. മോനിനി ഇതൊന്നും ക്ലാസില്‍ കൊണ്ടുവരരുത് എന്ന് ഞാന്‍ പറഞ്ഞു. അത് അവനൊരു അത്ഭുതമായിരുന്നു. കാരണം ഞാനൊരുപാട് വഴക്ക് പറഞ്ഞില്ല, അടിച്ചില്ല.
അടുത്ത ദിവസം ഞാന്‍ പോയിട്ട് പറഞ്ഞു നീ പോയി ഒരു ചോക്ക് എടുത്തിട്ട് വാ. അപ്പോ അവന്‍ ചോദിച്ചു ഞാനോ…എന്ന്. അപ്പോഴേക്കും വേറെ കുട്ടികളൊക്കെ അവര്‍ കൊണ്ടുവരാന്ന് പറയുന്നുണ്ട്.
അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന്റെ കാല് കണ്ടോ നല്ല നീളമുണ്ട്, അവന്‍ പോയാ പെട്ടെന്ന് ഓടി എടുത്തുകൊണ്ട് വരും നിങ്ങള്‍ പോയാല്‍ മെല്ലയെ വരൂ. അവനൊരു കോംപ്ലിമെന്റ് കൊടുത്തപ്പോ, അവന്റെ മനസിലെവിടെയോ അത് കൊണ്ടു.
പിന്നെ ഞാനവനെ പി.ടി മാഷെ പരിചയപ്പെടുത്തി ഇവനെ നമുക്ക് ഓട്ടമത്സരത്തില്‍ പങ്കെടുപ്പിക്കണം, നമ്മുടെ സ്‌കൂളിന് വേണ്ടി എന്തെങ്കിലും കൊണ്ടുവരുമെന്ന് പറഞ്ഞു. ആദ്യമവന് ഭയങ്കര മടിയായിരുന്നു. പിന്നെ അവന്‍ മത്സരത്തില്‍ പങ്കെടുത്ത് സ്‌പോര്‍ട്‌സ് താരമായി.
സ്‌കൂള്‍ മീറ്റില്‍ 200 മീറ്ററില്‍ ഓടി മെഡലും കൊണ്ടുവന്നു. സ്‌കൂളിലെ അസംബ്ലിയില്‍ വെച്ച് ആദരിക്കാന്‍ വേണ്ടി അവനെ വിളിച്ചപ്പോള്‍ അവന്റെ കണ്ണില്‍ നിന്ന് വെള്ളം വരികയാണ്. വികൃതിപ്പയ്യനില്‍ നിന്ന് എല്ലാവരുടേയും ആരാധനാപാത്രമായി അവന്‍ മാറി.
പിന്നീട് അവന്‍ എസ്.എസ്.എല്‍.സി പാസായി. അതിന് ശേഷം അവന്‍ ആളാകെ മാറി. ഇപ്പോള്‍ ഇന്ത്യന്‍ മിലിട്ടറിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്.