| Sunday, 9th June 2019, 10:54 am

നിപ ആശങ്കയൊഴിയുന്നെന്ന് കെ.കെ ഷൈലജ; കാന്‍സര്‍ ഇല്ലാത്തയാള്‍ക്ക് കീമോ നല്‍കിയ സംഭവം അന്വേഷിക്കും, രജനിക്ക് ചികിത്സാ സഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിപ ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് നാലുപേരെ ഡിസ്ചാര്‍ജ്ജ് ചെയ്‌തെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. നിലവില്‍ പതിനൊന്ന് പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. നിപ ബാധിതനായ വിദ്യാര്‍ത്ഥി അമ്മയോട് സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലാതായതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കാന്‍സറില്ലാതെ കീമോതെറാപ്പി ചെയ്ത രജനിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ അടിയന്തരമായി ചികിത്സിക്കേണ്ടപ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് ചേരണം. ആരോഗ്യ രംഗത്തിന് ഇതൊരു അനുഭവപാഠമാണെന്നും മെഡിക്കല്‍ ബോര്‍ഡ് കൂടാതെ കീമോ തീരുമാനിക്കരുതെന്നു നിര്‍ദേശിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡോക്ടര്‍ മനപ്പൂര്‍വ്വം പിഴവ് വരുത്തുമെന്ന് കരുതുന്നില്ല. കീമോ നല്‍കിയത് സദുദ്ദേശത്തോടെ എന്നാണ് മനസിലാക്കുന്നത്. കൂടുതല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതെന്ന അനുഭവപാടമാണ് ഈ സംഭവം നല്‍കുന്നത്. കീമോയ്ക്ക് വിധേയമായ ആള്‍ക്ക് തുടര്‍ ചികിത്സയ്ക്ക് എല്ലാ സംവിധാനവും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവം അന്വേഷിക്കാന്‍ സര്‍ജന്‍, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സമിതിയ ചുമതലപ്പെടുത്തിയിട്ടുണ്ട്്. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധര്‍ ആകും സംഘത്തില്‍ ഉണ്ടാകുക.

കേസില്‍ കോട്ടയം ഗാന്ധി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാക്കെതിരെയും രണ്ട് സ്വകാര്യ ലാബുകള്‍ക്കെമെതിരെയും ആലപ്പുഴ സ്വദേശി രജനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

We use cookies to give you the best possible experience. Learn more