'വേദനിപ്പിച്ചു, മനുഷ്യരല്ലേ'; മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ കെ.കെ ശൈലജ
Kerala News
'വേദനിപ്പിച്ചു, മനുഷ്യരല്ലേ'; മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ കെ.കെ ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st June 2020, 10:18 pm

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ കൊവിഡ് റാണി പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സഹായിച്ചില്ലെങ്കിലും പരിഹസിക്കരുതെന്നും കെ.കെ ശൈലജ പറഞ്ഞു. മനോരമ ന്യൂസ് നേരെ ചൊവ്വയിലാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
മാറി നിന്ന് കമന്റ് പറയാന്‍ എളുപ്പമാണ്. നിപ സമയത്ത് താന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നോ എന്ന് ജനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.

‘ നമ്മളെല്ലാവരും മനുഷ്യരല്ലേ, കാരണം നമ്മളെല്ലാവരും ആത്മാര്‍ത്ഥമായി പാടുപെട്ട് നമുക്ക് പരിചയമില്ലാത്ത ഒരു ശത്രുവിനോട് പോരാട്ടം നടത്തി ഓരോ മനുഷ്യനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിനെ സഹായിച്ചില്ലെങ്കില്‍ പോകട്ടെ, അതിനെ പരിഹസിക്കുകയും, ചെയ്യുന്നതെല്ലാം മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യരായാല്‍ സ്വാഭാവികമായി നമുക്ക് വിഷമം ഉണ്ടാകില്ലേ, ആ വിഷമം എനിക്കും ഉണ്ടായിട്ടുണ്ട്,’ കെ.കെ. ശൈലജ പറഞ്ഞു.

‘ മാറി നിന്നിട്ട് ഇത്തരം കമന്റുകള്‍ പറയാന്‍ വളരെ എളുപ്പമാണ്. നമുക്ക് നമ്മുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവാം,’ കെ.കെ. ശൈലജ പറഞ്ഞു.

മുല്ലപ്പള്ളിയോട് ക്ഷമിക്കുമോ അതോ എന്നും ആ വാക്കുകള്‍ ഓര്‍മിച്ചു വെക്കുമോ എന്ന ചോദ്യത്തിന് മുല്ലപ്പള്ളിയോട് ക്ഷമിക്കാന്‍ ഞാന്‍ ആരുമല്ലെന്നും ആരോഗ്യമന്ത്രി മറുപടി നല്‍കി.

‘ ഞാനാര് മുല്ലപ്പള്ളിയോട് ക്ഷമിക്കാന്‍, അദ്ദേഹം എന്നേക്കാളും മുമ്പേ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഒരു നേതാവാണെന്നാണ് ഞാന്‍ കരുതുന്നത്. ഞാനത് കേട്ടിട്ടില്ല. ഞാനത് കണ്ടിട്ടില്ല, അങ്ങനെ ചിന്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എന്റെ ജോലിയും ചെയ്ത മുന്നോട്ട് പോവുന്നു,’
ആരോഗ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ