തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. കേരളം പദ്ധതിയില്‍ അംഗമായിട്ടുണ്ട്. ഇതിന്റെ ആദ്യ ഘഡുവായി 25 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിക്കുകയും ചെയ്തതാണെന്നും കെ.കെ ഷൈലജ പറഞ്ഞു. പ്രധാനമന്ത്രി ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘പദ്ധതിയില്‍ അംഗമാവണമോ എന്ന സംശയം കേരളത്തിന് ആദ്യമുണ്ടായിരുന്നു. എന്നാല്‍, പദ്ധതിയുടെ ഭാഗമായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ കേരളം സഹകരിക്കുകയായിരുന്നു’, മന്ത്രി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനത്ത് 18 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നത്. എന്നാല്‍, കേരളം നിലവില്‍ 40 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്. ആരോഗ്യമേഖലയില്‍ കേരളം നടപ്പിലാക്കുന്ന പദ്ധതികള്‍ നിര്‍ത്താതെയാണ് ആയുഷ്മാനില്‍ അംഗമായത്. ഇങ്ങനെയാണ് 40 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പുമായി കേരളം മുന്നോട്ട് പോവുകയാണെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.
കേരളത്തില്‍ സന്ദര്‍ശത്തിനെത്തിയ പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നടത്തിയ പൊതുപരിപാടിയിലാണ് ആയുഷ്മാന്‍ പദ്ധതിയെക്കുറച്ചുള്ള പ്രസ്താവന നടത്തിയത്. കേരളം പദ്ധതിയില്‍ അംഗമല്ലെന്നും പദ്ധതിയുടെ ഭാഗമാവാന്‍ കേരളത്തോട് അഭ്യര്‍ത്ഥിക്കുകയാണെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം