തിരുവനന്തപുരം: മികച്ച നിലവാരം പുലര്‍ത്തുന്ന കേരളത്തിലെ ആരോഗ്യമേഖലയേയും സാമൂഹിക നീതി മേഖലയെയും കുറിച്ച് അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ അപമാനിച്ചതായി സംസ്ഥാന ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോടു ഉപമിച്ചതിന് തുല്യമാണ് രാഹുലിന്റെ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു.
ശിശുമരണനിരക്കും മാതൃമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിനുതന്നെ അഭിമാനകരമാണ്. മുന്‍വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗില്‍ കേരളം ഒന്നാമതെത്തിയിരുന്നു. ലോകോത്തര നിലവാരമുള്ള ആശുപത്രികളും ചികിത്സാ സംവിധാനങ്ങളുമാണ് കേരളത്തിലുള്ളത്. മികച്ച സൗകര്യങ്ങളും കുറഞ്ഞ ചികിത്സാ ചെലവും കാരണം ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ആള്‍ക്കാര്‍ ചികിത്സക്കായി എത്തുന്നതും കേരളത്തിലാണെന്നും മന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഹൃദ്യം പദ്ധതിയിലൂടെ ആയിരത്തിലധികം കുരുന്നുകള്‍ക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. അടുത്തിടെയുണ്ടായ ഓഖി, നിപ, പ്രളയം എന്നീ ദുരന്തങ്ങളില്‍ നിന്നും കരകയറാനായി ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ സര്‍വ്വരും അഭിനന്ദിച്ചതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍കോളേജുകള്‍ വരെയുള്ള എല്ലാ തലത്തിലുള്ള ആശുപത്രികളെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് മികച്ച സൗകര്യങ്ങളൊരുക്കി വരികയാണ്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 504 കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തീരുമാനിച്ചു.
Also Read മോദിയോട് എന്താണോ പറയാനുള്ളത് അത് തന്നെയാണ് പിണറായിയോടും പറയാനുള്ളത്: രാഹുല്‍ഗാന്ധി
ശ്വാസ് ക്ലിനിക്, അമൃതം ആരോഗ്യം തുടങ്ങിയ പദ്ധതികളും ആവിഷ്‌കരിച്ചു. ജില്ല ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യം നടപ്പിലാക്കി വരുന്നു. ആര്‍ദ്രം മിഷന്‍, ആരോഗ്യജാഗ്രത, ഇ-ഹെല്‍ത്ത്, ആരോഗ്യ നയം, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് തുടങ്ങിയ മികച്ച പദ്ധതികളിലൂടെ ആരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല രാഹുല്‍ ഗാന്ധി പ്രസംഗിച്ചതിന് തൊട്ടടുത്തുള്ള എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ലഭിച്ചത്. ആരോഗ്യമേഖലയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തെയാണ രാഹുല്‍ ഗാന്ധി് ആശുപത്രകളെവിടെ എന്ന ചോദ്യം ഉന്നയിച്ച് അപമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ഭിന്ന ശേഷി നയവും ട്രാന്‍സ്‌ജെന്‍ഡര്‍ നയവും മികച്ച രീതിയിയില്‍ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം എന്ന മന്ത്രി ചൂണ്ടിക്കാട്ടി. മികച്ച വയോജനക്ഷേമം നടപ്പിലാക്കിയതിന് കഴിഞ്ഞവര്‍ഷവും മികച്ച ഭിന്ന ശേഷി നയം നടപ്പിലാക്കിയതിന് ഈ വര്‍ഷവും കേരളത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി ആവിഷ്‌ക്കരിച്ച അനുയാത്ര പദ്ധതി മികച്ച രീതിയിലാണ് നടത്തിവരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കുറിപ്പില്‍ പറയുന്നു.
ഇതെല്ലാം കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. ഈ ഒരു അവസ്ഥയിലാണ് കേരളത്തിന്റെ ആരോഗ്യമേഖലയേയും സാമൂഹ്യനീതി മേഖലയേയും പറ്റി രാഹുല്‍ ഗാന്ധി തെറ്റായ പരാമര്‍ശം നടത്തിയത്. മുമ്പൊരു ദേശീയ നേതാവ് കേരളത്തെ സോമാലിയയോട് ഉപമിച്ചത് പോലെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയെന്നും അതിനാല്‍ തന്നെ അത്തരം പ്രസ്താവനകളോട് കേരള ജനത കാട്ടാറുള്ള അതേ അവജ്ഞയോടെ ഇതും തള്ളിക്കളയുന്നതാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.