തിരുവനന്തപുരം: കെ.കെ ശൈലജയോട് പാര്‍ട്ടി അവഗണന കാണിച്ചിട്ടില്ലെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയിലും മന്ത്രിസഭയിലും പുതിയ ആളുകള്‍ വരണമെന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് ശൈലജയ്ക്ക് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ശൈലജയോട് പാര്‍ട്ടിക്ക് കരുതല്‍ ഉണ്ടായത് കൊണ്ടാണ് മട്ടന്നൂര്‍ മണ്ഡലം തന്നെ വിട്ടുകൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പരീക്ഷണത്തിന് വിട്ടുകൊടുക്കേണ്ട ആളല്ലെന്ന പരിഗണന ശൈലജ ടീച്ചറോട് എന്നും പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. മികച്ച പ്രകടനം നടത്തിയ മന്ത്രിമാര്‍ക്ക് പലര്‍ക്കും മത്സരിക്കാന്‍ പോലും അവസരം കിട്ടിയിട്ടില്ല,’ കോടിയേരി പറഞ്ഞു.
പാര്‍ട്ടി തീരുമാനം കെ.കെ ശൈലജ നല്ല നിലയിലാണ് ഉള്‍ക്കൊണ്ടത്. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.കെ ശൈലജയെ പരിഗണിച്ചാല്‍ മറ്റ് പലരെയും പരിഗണിക്കണമെന്ന ആവശ്യം പിന്നീട് ഉയര്‍ന്നുവരും. അതിലും ഭേദം പൊതു തീരുമാനവും നിലപാടും അംഗീകരിച്ച് മുന്നോട്ട് പോകുകയാണെന്നും കോടിയേരി പറഞ്ഞു.