| Sunday, 2nd May 2021, 9:38 pm

മൂന്ന് പെണ്ണുങ്ങളാല്‍ ഇന്ത്യന്‍ ജനാധിപത്യം, അതിന്റെ മഹത്വമടയാളപ്പെടുത്തിയ ദിവസം

ലിജീഷ് കുമാര്‍

294 മണ്ഡലങ്ങളുള്ള ഒരു വലിയ സംസ്ഥാനം. ഭരിക്കണമെങ്കില്‍ 148 സീറ്റുകള്‍ വേണം. ഇക്കുറിയില്ല എന്ന് പറഞ്ഞ് എക്‌സിറ്റ് പോളുകള്‍. ഇക്കുറിയെന്നല്ല, ഇനിയൊരിക്കലുമില്ല എന്ന് പറഞ്ഞു പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും. വെല്ലുവിളിയാണ്, ഏറ്റെടുക്കാനുണ്ടോ എന്ന് ചോദിച്ച് ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ മൈതാന മദ്ധ്യത്തില്‍ നിന്ന് അവര്‍ ചിരിച്ചു, മോദിയും അമിത് ഷായും. അവരുടെ ചിരി ബംഗാളിലുടനീളം മുഴങ്ങി.

ആ ചിരിക്ക് മറുപടി പറയാന്‍, ആണ്‍ഘോഷങ്ങള്‍ക്ക് മറുപടി പറയാന്‍ ബംഗാളിന് ഒരു പെണ്ണുണ്ട്. ”148 എത്തണ്ട, നിങ്ങള്‍ 100 കടന്നാല്‍ ഞാനീ പണി എന്നെന്നേക്കുമായി അവസാനിപ്പിക്കും.” ഇതായിരുന്നു മറുപടി. അതുകേട്ട് ബംഗാള്‍ പകച്ചു പോയി. അവര്‍ പക്ഷേ വെല്ലുവിളിയവസാനിപ്പിച്ചില്ല. ”മിസ്റ്റര്‍ മോദീ, എന്നെ നേരിടാന്‍ നിങ്ങളിങ്ങോട്ട് വരണ്ട. ഞാനങ്ങോട്ട് വരാം. ഞാന്‍ നിങ്ങളുടെ മണ്ഡലത്തില്‍ വന്ന് മത്സരിക്കാം, ഒരുങ്ങിയിരിക്കൂ.”

നന്ദിഗ്രാമില്‍ മത്സരിക്കരുത്, തോല്‍ക്കുമെന്ന് പറഞ്ഞ് ബംഗാള്‍ വിലക്കിയിട്ടും മമത പിന്മാറിയില്ല. ”ഒരു നന്ദിഗ്രാമില്‍ മാത്രമല്ല, ബംഗാളിലെ 294 മണ്ഡലങ്ങളിലും മത്സരിക്കുന്നത് ഞാനാണ്. നന്ദിഗ്രാമില്‍ തോല്‍ക്കുമ്പോഴല്ല, ബംഗാളിലെ മുഴുവന്‍ മണ്ഡലങ്ങളിലും തോല്‍ക്കുമ്പോഴാണ് ഞാന്‍ തോല്‍ക്കുന്നത്. നന്ദിഗ്രാമിലേത് തോല്‍ക്കാന്‍ തയ്യാറായുള്ള പോരാട്ടമാണ്. നിങ്ങളുടെ ധാര്‍ഷ്ഠ്യത്തിന് മുമ്പില്‍ മുട്ടുമടക്കില്ല മമത ബാനര്‍ജി എന്ന് ലോകത്തെ അറിയിക്കാനുള്ള മത്സരം.”

പിന്നെ ശ്വാസമടക്കിപ്പിടിച്ച് ബംഗാള്‍ കാത്തിരുന്നത് ബംഗാളിന്റെ വിധിയായിരുന്നില്ല, മമതാ ബാനര്‍ജിയുടെ വിധിയായിരുന്നു. ഇന്നാണ് ആ ദിവസം. മമത ബാനര്‍ജി, 100 ഉം കടന്ന് കുതിക്കുന്ന ബി.ജെ.പിയോട് സുല്ലിട്ട് പണിയവസാനിപ്പിക്കുന്ന ദിവസം.

നന്ദിഗ്രാമില്‍ പൊരുതി വീഴുമ്പോള്‍, ബംഗാളിലെ ഓരോ മണ്ഡലങ്ങളിലായി മമത ജയിച്ച് കയറുമ്പോള്‍, 200 ഉം കടന്ന് ആ ജയം കുതിക്കുമ്പോള്‍, ആണഹന്ദയുടെ ചിരിയവസാനിക്കുന്നത് കണ്ട് എനിക്കാനന്ദം തോന്നി. ഈ തെരഞ്ഞെടുപ്പിലെ എന്റെ മൂന്നാനന്ദങ്ങളിലൊന്ന് ഇതാണ്. തങ്ങളുടെ സാമ്രാജ്യത്തില്‍ ഒരു പെണ്ണ് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത് പോലും ഫാസിസ്റ്റുകള്‍ക്ക് സഹിക്കാനാവില്ല, പിന്നല്ലേ ഇത്. കനല്‍ ഒരു തരി മതി എന്ന തലക്കെട്ട് മമത ബാനര്‍ജിയെക്കുറിച്ചാണ്. മമത ഈ രാജ്യത്തെ പൊള്ളിച്ചിരിക്കുന്നു. എന്റെ രാജാക്കന്മാര്‍ക്ക് നീറുന്നു, എനിക്ക് കുളിരുന്നു.

കുളിരു തരുന്ന രണ്ടാമത്തെ ആനന്ദം, പെണ്ണുങ്ങളെന്തിന് കൊള്ളാം എന്ന് ചോദിക്കുന്ന ആണുങ്ങളുടെ നാട് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഒരു പെണ്ണിന് നല്‍കിയിരിക്കുന്നു എന്നതാണ്. 50,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പോലും കേരളം ഇന്നോളം ആരെയും ജയിപ്പിച്ചിട്ടില്ല. ഇക്കുറി ശൈലജ ടീച്ചര്‍ നിയമസഭയിലേക്ക് പോകുന്നത് 61,035 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം തന്റെ പേരില്‍ കുറിച്ചാണ്.

കെ.കെ. ശൈലജ കണ്ടത്ര വെല്ലുവിളികള്‍ കണ്ട ഒരാരോഗ്യമന്ത്രിയും കേരള ചരിത്രത്തിലുണ്ടാവില്ല. മഹാമാരികളോട് തങ്ങളുടെ ഭരണകാലത്ത് മുഖാമുഖം നിന്നവര്‍ തോല്‍ക്കാനോ, തോല്‍വിയോളം ചുരുങ്ങാനോയുള്ള സാധ്യതകളെക്കൂടെയാണ് ശൈലജ ടീച്ചര്‍ തന്റെ പ്രതിഭ കൊണ്ട് തോല്‍പ്പിക്കുന്നത്. വോഗ് മാഗസിനും ബി.ബി.സിയും കെ.കെ.ശൈലജയ്ക്ക് കൈയ്യടിച്ചപ്പോഴും, കേരളത്തിന്റെ ആണ്‍ബോധമലറിയത് തെരഞ്ഞെടുപ്പ് മത്സരം പോയിട്ട്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി പോലും നേരേ ചൊവ്വേ ചെയ്യാനറിയില്ല പെണ്ണുങ്ങള്‍ക്ക് എന്നാണ്.

ആ ആണുങ്ങളൊക്കെ ഇപ്പോള്‍ എവിടെയാണ്. ഗാര്‍ഡിയന്റെ ‘റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി’ എന്ന കവര്‍ സ്റ്റോറിയാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എന്നുമുണ്ടാവും, ‘റോക്ക് സ്റ്റാര്‍ കെ.കെ.ശൈലജ’.

മൂന്നാമത്തെയാനന്ദം കെ.കെ.രമയാണ്. ചെമന്ന മാക്‌സിയിട്ട്, മുലക്കച്ച കെട്ടി വെച്ച്, കെ.കെ.രമയുടെ മുഖംമൂടിയും വെച്ച് വടകരത്തെരുവിലൂടെ കടന്ന് പോയ ഒരാഭാസപ്രകടനമുണ്ട് എന്റെ ഓര്‍മ്മയിലിപ്പഴും. ആ തെരുവിലൂടെ ഇനി എം.എല്‍.എ രമ നടക്കും. അത് കാണണം, ആ കാഴ്ച ഒരനുഭൂതിയാണ്.

കെ.കെ.രമയെ കാണുമ്പോഴെല്ലാം 1989 ജനുവരി മൂന്നിന് ഇന്ത്യന്‍ പാര്‍ലമെന്റിനു സമീപത്തെ വിത്തല്‍ഭായ് പട്ടേല്‍ ഹൗസിനു മുന്നില്‍നിന്ന് പുറപ്പെട്ട പതിനായിരങ്ങള്‍ പങ്കെടുത്ത ഒരു വിലാപയാത്ര മനസ്സില്‍ വരും, സഫ്ദറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര. അതുപോലൊന്ന് ഞാന്‍ കണ്ടത് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴായിരുന്നു. സഫ്ദര്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് സഫ്ദറിന്റെ ചോര വീണ ഝണ്ടാപുരിലെ തെരുവില്‍ വെച്ച്, അദ്ദേഹം പൂര്‍ത്തിയാക്കാതെ പോയ നാടകം ഭാര്യ മാലശ്രീ പൂര്‍ത്തിയാക്കുമ്പോള്‍ ഹൃദയം നുറുങ്ങി അത് കണ്ടു നിന്നവരുടെ രക്തമാണ് എന്റെ രക്തം.

സഫ്ദറിനെ കൊന്നവര്‍ മാലശ്രീയെ എന്ത് വിളിച്ചു എന്ന് എനിക്കറിഞ്ഞു കൂട, പക്ഷേ ചന്ദ്രശേഖരനെ കൊന്നവര്‍ കെ.കെ.രമയെ എന്ത് വിളിച്ചു എന്നറിയാം. ലോക ചരിത്രത്തിലാദ്യമായി സ്ലട്ട് ഷേമിംഗിന് വിധേയയായ, രക്ത സാക്ഷിയുടെ ഭാര്യ. ഭര്‍ത്താവിന്റെ പുലകുളി മാറുന്നതിന് മുമ്പേ രാഷ്ട്രീയം പറഞ്ഞ പിഴച്ചവളെ തെറി വിളിച്ചനുഭവിച്ച ആണാനന്ദങ്ങളുടെ മുഖത്ത് വടകര കൈ നീട്ടിയടിക്കുമ്പോള്‍ ജയിച്ചത് ഞാനാണ്, എന്റെ പെണ്‍ രാഷ്ട്രീയമാണ്.

പ്രാതിനിധ്യമേറെയില്ലെങ്കിലും ഈ തെരഞ്ഞെടുപ്പ് പെണ്ണുങ്ങളുടെ തെരഞ്ഞെടുപ്പാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഡി.എം.കെയുടെ വിശേഷങ്ങള്‍ തുടരെത്തുടരെ വരുമ്പോള്‍ ഞാനോര്‍ത്തതും ഒരു പെണ്ണിനെയാണ്, ജയലളിതയെ. അവളുടെ ചിറകിലേറിപ്പറന്ന ഒരു പാര്‍ട്ടിയെയാണ്. അവളില്ലായ്മയുടെ കിതപ്പിനെയാണ്.

മൂന്ന് പെണ്ണുങ്ങളാല്‍ ഇന്ത്യന്‍ ജനാധിപത്യം, അതിന്റെ മഹത്വമടയാളപ്പെടുത്തിയ ദിവസമാണിന്ന്. മമത ബാനര്‍ജിയ്ക്കും, ശൈലജട്ടീച്ചര്‍ക്കും, കെ.കെ.രമയ്ക്കും അഭിവാദ്യങ്ങള്‍.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KK Shailaja – KK Rema – Mamata Banerjee – Election Results

ലിജീഷ് കുമാര്‍

We use cookies to give you the best possible experience. Learn more