| Saturday, 18th July 2020, 7:41 pm

കൊവിഡ് കാലത്ത് ലോകത്തെ സ്വാധീനിച്ച 50 പേരുടെ പട്ടികയില്‍ കെ.കെ ശൈലജയും; അഭിപ്രായവോട്ടെടുപ്പുമായി ബ്രിട്ടീഷ് പത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കൊവിഡ് 19 കാലത്തിലെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും. ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേര് കണ്ടെത്താനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. നിപ്പാകാലത്തും കൊവിഡ് കാലത്തും മന്ത്രി കാഴ്ചവെച്ച മികച്ചപ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

നമ്മുടെ സമയത്തെ വീണ്ടും രൂപപ്പെടുത്താന്‍ സഹായിച്ച ശാസ്ത്രജ്ഞന്മാരെ, തത്വചിന്തകരെ, എഴുത്തുകാരെ പ്രോസ്‌പെക്ട് അഭിവാദ്യം ചെയ്യുന്നു, ഞങ്ങളുടെ 2020 ലെ വിജയെ കണ്ടെത്താന്‍ സഹായിക്കുക എന്ന കുറിപ്പോടെയാണ് 50 പേരുടെ പേര് പ്രോസ്‌പെക്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.

കൊവിഡ് -19 കാലഘട്ടത്തിലെ നമ്മുടെ ചില ചിന്തകരുടെ പ്രസക്തി ആ സമയം തന്നെ ആവശ്യപ്പെടുന്നുണ്ട്. വാക്‌സിനോളജിസ്റ്റ് സാറാ ഗില്‍ബെര്‍ട്ടും സയന്‍സ് എഴുത്തുകാരന്‍ എഡ് യോങും പ്രധാന ഉദാഹരണങ്ങളാണ്. എന്നിരുന്നാലും, രസകരമെന്നു പറയട്ടെ, വൈദ്യശാസ്ത്രത്തില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും 2020 ലെ ഇരുണ്ടതും പ്രത്യേകവുമായ സാഹചര്യങ്ങളില്‍ പുതിയതായി പ്രാധാന്യം നേടിയിട്ടുണ്ടെന്ന് , പ്രോസ്‌പെക്ടിന്റെ എഡിറ്റര്‍ ടോം ക്ലാര്‍ക്ക് പറയുന്നു.

50 പേരുടെ പട്ടികയില്‍ കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍, ഫ്രഞ്ച്- അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധയായ എസ്തര്‍ ഡഫ്‌ളോ, അമേരിക്കന്‍ നടിയും സംവിധായകയുമായ ഗെര്‍വിക് എന്നിവരുടെ പേരുകളും കെ.കെ ശൈലജക്കൊപ്പം ഉണ്ട്.
”കൊറോണ വൈറസിന്റെ അന്തക ” എന്നറിയപ്പെടുന്ന കേരളത്തിലെ ആരോഗ്യമന്ത്രി, ഏപ്രിലില്‍ കൊവിഡ് -19 പടര്‍ന്ന് പിടിച്ചപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് കുറഞ്ഞ മരണനിരക്കില്‍ രോഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതില്‍ അംഗീകരിക്കപ്പെട്ടു. കൊവിഡ് പരിശോധനയ്ക്കും രോഗനിര്‍ണയത്തിനുമുള്ള പദ്ധതി വേഗത്തില്‍ ആവിഷ്‌കരിച്ചു, വൈറസ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ 170,000 ആളുകളെ ക്വാറന്റൈനില്‍ ആക്കാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആരോഗ്യമന്ത്രി നിപ്പകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മാരകമായ ഒരു രോഗം ഒഴിവാക്കാന്‍ ഇത് ആദ്യമായാണ് ആരോഗ്യമന്ത്രി മുന്നിട്ടിറങ്ങുന്നതെന്നും 2018 ല്‍, നിപ രോഗം വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നതില്‍ മികച്ച പ്രകടം കാഴ്ചവെച്ചിട്ടുണ്ടെന്നും വൈറസ് എന്ന പ്രാദേശിക സിനിമയില്‍ അത് വരച്ചുകാട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more