| Thursday, 23rd July 2020, 5:55 pm

ആ അപൂര്‍വ അവസരം ലഭിച്ചത് കെ.കെ ശൈലജക്ക്; 180 ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് മന്ത്രിയുടെ ക്ലാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് ക്ലാസെടുത്ത് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ച 180 ഐ.എ.എസ് ഓഫീസര്‍മാര്‍ക്കാണ് മന്ത്രി ക്ലാസെടുത്തത്.

2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമിലാണ് ക്ലാസെടുക്കാനായി മന്ത്രിയെ ക്ഷണിച്ചത്. കേരളത്തില്‍നിന്നുള്ള വളരെ അപൂര്‍വം മന്ത്രിമാര്‍ക്കാണ് ഇങ്ങനെ ക്ലാസെടുക്കാനുള്ള അവസരം ലഭിച്ചിട്ടുള്ളത്.

‘കൊവിഡ് പ്രതിരോധത്തില്‍ സമൂഹപങ്കാളിത്തം’ എന്ന വിഷയത്തിലാണ് മന്ത്രി ഓഫീസര്‍മാര്‍ക്കായി കാര്യങ്ങള്‍ വിശദീകരിച്ചത്.

ആറു മാസത്തിലേറെയായി കേരളം കൊവിഡിനെതിരെ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ഒന്നും രണ്ടും ഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. മൂന്നാം ഘട്ടത്തില്‍ കേസുകളുടെ എണ്ണം കൂടിയെങ്കിലും ഫലപ്രദമായി നേരിടുകയാണ് കേരളം. കൊവിഡിന്റെ പ്രാദേശിക വ്യാപനം കുറയ്ക്കുന്നതിന് ശക്തമായ നടപടികളാണ് കേരളം സ്വീകരിച്ചുവരുന്നതെന്നും മന്ത്രി ഓഫീസര്‍മാരോട് വിശദീകരിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചായിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട മന്ത്രിയുടെ ക്ലാസ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more