| Saturday, 18th July 2020, 5:08 pm

കേരളത്തില്‍ ആരില്‍നിന്നും കൊവിഡ് പകര്‍ന്നേക്കാവുന്ന അവസ്ഥ; അതീവ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമായ അവസ്ഥയാണെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണ് നിലവിലുള്ളത്. മൂന്നാം ഘട്ടത്തിന്റെ തുടക്കത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണ്. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് അപായമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്യവട്ടത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തരം സെന്ററുകളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണം. കഠിനപ്രയത്നത്തിലൂടെ കൊവിഡിനെ അതിജീവിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. സെന്ററുകള്‍ തികയാത്ത അവസ്ഥ വരും. എല്ലാവരും ജാഗ്രത തുടരണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. ക്ലസ്റ്ററുകള്‍ കൂടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കെ.കെ ശൈലജ നിര്‍ദ്ദേശിച്ചു.

രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരുമെന്നും ഈ അവസ്ഥ മുന്നില്‍ കണ്ടാണ് പ്രഥമതല ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രനും നഗരസഭ മേയര്‍ കെ. ശ്രീകുമാറും കാര്യവട്ടത്തെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയിരുന്നു.

കൊവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ നിലവിലുള്ള ആരോഗ്യ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ അവശ്യ സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ള പ്രാദേശിക കേന്ദ്രങ്ങളാണ് ഇവ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more