| Thursday, 24th August 2023, 10:24 pm

എന്റെ പുസ്തകം സിലബസിലില്ല; ഉള്‍പ്പെടുത്തിയിരിക്കുന്നത് അധികവായനക്കായി; എനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്: ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റെ പുസ്തകം ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് കെ.കെ. ശൈലജ എം.എല്‍.എ. സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തതാണെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചതെന്നും ശൈലജ പറഞ്ഞു. ഏത് വിഭാഗത്തിലായാലും തന്റെ പുസ്തകം ഉള്‍പ്പെടുത്തുന്നതിന് താത്പര്യമില്ലെന്ന് സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ശൈലജ വ്യക്തമാക്കി.

‘ഞാന്‍ എഴുതിയ പുസ്തകം ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം നടക്കുകയാണ്. രാവിലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ച് കണ്ടപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അധികൃതരെ വിളിച്ച് അന്വേഷിച്ചു. സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ സി.കെ. ജാനു, സിസ്റ്റര്‍ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്‌കതത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്നും ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും എന്റെ പുസ്തകം ഉള്‍പ്പെടുത്തുന്നതിന് എനിക്ക് താത്പര്യമില്ലെന്ന് സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എന്റെ പുസ്തകത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല,’ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ പുസ്തകം ഒരു ജീവചരിത്രം എന്ന നിലയിലല്ല ഓര്‍മകുറിപ്പുകള്‍ എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും ശൈലജ വ്യക്തമാക്കി.

‘എന്റെ പുസ്തകം ഒരു ജീവചരിത്രം എന്ന നിലയിലല്ല ഓര്‍മകുറിപ്പുകള്‍ എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്റെ കുട്ടിക്കാലത്ത് അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ അനാചാരങ്ങളുടെയും അമ്മയും അമ്മമ്മയുമെല്ലാം അടങ്ങിയ തലമുറ അനുഭവിച്ച വിവേചനങ്ങളുടെയും അനുഭവകഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്, ഈ വിവേചനങ്ങളെകുറിച്ച് പുതിയ തലമുറ അറിയണമെന്നതിനാലാണ് അമ്മമ്മയും അമ്മാവന്‍മാരുമെല്ലാം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അന്നത്തെ സമൂഹം നടത്തിയ പോരാട്ടങ്ങളെകുറിച്ചും പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചത്,’ ശൈലജ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ എഴുതിയ പുസ്തകം ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം നടക്കുകയാണ്. രാവിലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ച് കണ്ടപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അധികൃതരെ വിളിച്ച് അന്വേഷിച്ചു. സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ സി.കെ. ജാനു, സിസ്റ്റര്‍ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്‌കതത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്നും ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും എന്റെ പുസ്തകം ഉള്‍പ്പെടുത്തുന്നതിന് എനിക്ക് താത്പര്യമില്ലെന്ന് സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എന്റെ പുസ്തകത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല.

എന്റെ പുസ്തകം ഒരു ജീവചരിത്രം എന്ന നിലയിലല്ല ഓര്‍മകുറിപ്പുകള്‍ എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്റെ കുട്ടിക്കാലത്ത് അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ അനാചാരങ്ങളുടെയും അമ്മയും അമ്മമ്മയുമെല്ലാം അടങ്ങിയ തലമുറ അനുഭവിച്ച വിവേചനങ്ങളുടെയും അനുഭവകഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത് ഈ വിവേചനങ്ങളെകുറിച്ച് പുതിയ തലമുറ അറിയണമെന്നതിനാലാണ് അമ്മമ്മയും അമ്മാവന്‍മാരുമെല്ലാം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അന്നത്തെ സമൂഹം നടത്തിയ പോരാട്ടങ്ങളെകുറിച്ചും പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചത്. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരായി നടത്തിയ സമരങ്ങളും വസൂരി പോലുള്ള മാരക രോഗങ്ങള്‍ ഭേദമാക്കാന്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണ് ആദ്യഭാഗം. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തി.

രണ്ടാമത്തെ ഭാഗത്ത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വികാസവും ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് എനിക്കുണ്ടായ അനുഭവവും, പകര്‍ച്ചവ്യാധികള്‍ക്കും ആരോഗ്യ മേഖലയില്‍ വരുന്ന മറ്റ് ഭീഷണികള്‍ക്കും എതിരെ നാം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവവും, നിപ്പയും കൊവിഡും മറ്റ് പകര്‍ച്ചവ്യാധികളുമെല്ലാം നേരിടാന്‍ കേരളത്തിലെ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളുമാണ് പ്രതിപാതിക്കുന്നത്. ഡല്‍ഹി കേന്ദ്രമായ ജാഗര്‍നട്ട് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

താത്പര്യമുള്ളവര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങള്‍ കാണുന്നതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്. ഇത് എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Content Highlights: KK Shailaja about her book

We use cookies to give you the best possible experience. Learn more