| Thursday, 31st March 2022, 8:47 am

ഓട്ടോക്കാരന്റെ തൊഴിലിടത്തിലെ അന്തസ്സ് ഏറ്റവും മുന്തിയ ചാനല്‍ അവതാരകര്‍ക്ക് പോലും ലഭിക്കില്ല

കെ.കെ ഷാഹിന

കേരളത്തില്‍ രണ്ട് പതിറ്റാണ്ടിനിപ്പുറം രൂപപ്പെട്ട സവിശേഷമായ ഒരു സാമൂഹ്യപ്രതിഭാസത്തെക്കുറിച്ച് പറയാം.
‘മാധ്യമ ദേശീയത‘ എന്ന ഒരു പ്രത്യേകതരം ദേശീയത കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ തൊഴിലിനെ സ്വയം ഒരു ദേശരാഷ്ട്രമായി സങ്കല്‍പ്പിച്ച് അതിന് പുറത്തുള്ളവരെയൊക്കെ ശത്രുക്കളായി കരുതി അപരത്വം സൃഷ്ടിച്ച് തങ്ങളുടേതായ ദേശീയവികാരത്തിനടിപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് ഈ പ്രതിഭാസം. ഇതില്‍ തന്നെ രൂപപ്പെട്ടിട്ടുള്ള ഉപദേശീയതകളാണ് ഒരുപക്ഷേ കൂടുതല്‍ അപകടകരം.

ഏഷ്യാനെറ്റ് ദേശീയത, മാതൃഭൂമി ദേശീയത, മനോരമ ദേശീയത എന്നിവയാണ് പ്രധാന ഉപദേശീയതകള്‍. അതാത് ചാനലുകളിലെ തൊഴിലാളികള്‍, തങ്ങളുടെ തൊഴിലാളി സ്വത്വം പാടെ വിസ്മരിച്ച് സ്വന്തം നാട്ടു രാജ്യങ്ങളിലെ പ്രജകളായി തീരുകയും, തങ്ങളുടെ രാജ്യത്തിനു വേണ്ടി ‘അടിയന്‍ ലച്ചിപ്പോം’ എന്ന് ചാടിവീഴുകയും സോഷ്യല്‍ മീഡിയയാകുന്ന പോര്‍ക്കളത്തില്‍ യുദ്ധം നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

‘ഞാന്‍ തന്നെയാണ് ഏഷ്യാനെറ്റ്, ഞാന്‍ തന്നെയാണ് മനോരമ’ എന്നൊക്കെ തോന്നുന്ന തരത്തില്‍, യുക്തിചിന്ത നഷ്ടപ്പെട്ട്, വെറും അടിമകളും പ്രജകളുമായി മാറുന്ന ഒരവസ്ഥ.

ഒരു മാസം. വെറും ഒരൊറ്റ മാസത്തെ നോട്ടീസ് പീരീഡില്‍ ജോലി നഷ്ടപ്പെടാവുന്ന വെറും തൊഴിലാളികളാണ് തങ്ങള്‍ എന്ന ലളിതവും ക്രൂരവുമായ യാഥാര്‍ത്ഥ്യം മറന്നാണ് ഇവരൊക്കെ ഈ വേഷം കെട്ടിയാടുന്നത് എന്നതാണ് പരിതാപകരം (പലയിടത്തും നോട്ടീസ് പീരീഡ് പോലും ഇല്ല).

പത്ത് വര്‍ഷം ഞാന്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്തിരുന്നു. രണ്ട് വര്‍ഷം തെഹല്‍കയിലും മറ്റൊരു പത്ത് വര്‍ഷം ഓപ്പണ്‍ മാഗസിനിലും ജോലി ചെയ്തു. ഇക്കാലമത്രയും, ഈ സ്ഥാപനങ്ങളെയൊക്കെ ആരെങ്കിലും വിമര്‍ശിച്ചാല്‍ എനിക്ക് പൊള്ളാറില്ലായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തെ ഒരു രാഷ്ട്രമായും എന്നെ അവിടത്തെ വിശ്വസ്തയായ പ്രജയായും ദുസ്വപ്നത്തില്‍ പോലും ഞാന്‍ കണ്ടിട്ടില്ല.

ഇതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരിടത്തേക്ക് പോകും വരെ ജോലി ചെയ്യാനുള്ള സ്ഥലം, എന്നതില്‍ കവിഞ്ഞ് ജോലി ചെയ്യുന്ന സ്ഥാപനം ഒരു ദേശീയതയായി മാറുന്നത് സഹതാപവും കരുണയും അര്‍ഹിക്കുന്ന ഒരു അധോനിലയാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

മനുഷ്യന്‍ എന്ന നിലയിലുള്ള അന്തസ്സും ആത്മാഭിമാനവും നഷ്ടപ്പെട്ടവര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നാണ് ഈ മാധ്യമ ദേശീയത. അഥവാ ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ഉപദേശീയതകള്‍. ഒരുപക്ഷേ ചാനല്‍ തൊഴിലാളികള്‍ക്ക് ട്രേഡ് യൂണിയനിസം എന്നത് ഒരിക്കലും മനസ്സിലാകാതെ പോകുന്നതും ഇതേ കാരണം കൊണ്ടാണ്.

സ്വന്തം തൊഴിലാളി സ്വത്വം തിരിച്ചറിയുകയും അവകാശബോധമുള്ളവരായിരിക്കും ചെയ്യുന്നവര്‍ക്ക് മാത്രമേ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ കഴിയൂ, സംഘടിക്കാന്‍ കഴിയൂ. കേരളത്തിലെ ചാനല്‍ വ്യവസായം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരൊറ്റ തൊഴിലാളി സംഘടന പോലും ഉണ്ടായിട്ടില്ലാത്തതും ഇതുകൊണ്ട് തന്നെയാണ്.

ചാനല്‍ തൊഴിലാളികള്‍ അവകാശബോധമുള്ള ആധുനിക മനുഷ്യര്‍ അല്ല, മറിച്ച് അവര്‍ ഒരു നാട്ടുരാജ്യത്തെ പ്രജകളായി സ്വയം കാണുന്നവരാണ്. വിധേയത്വം ആണ് അവരുടെ സ്ഥായീഭാവം.

സ്വന്തം സ്ഥാപനത്തിനകത്തത് ഒരു ഇന്‍ക്രിമെന്റിനോ ലീവിനോ വേണ്ടി പോലും ഉറച്ച് സംസാരിക്കാന്‍ ധൈര്യമില്ലാത്തവരാണ് ഇവര്‍. തന്റെ അതേ സീനിയൊരിറ്റി ഉള്ള സഹപ്രവര്‍ത്തകന് തന്നെക്കാള്‍ ശമ്പളം ഉണ്ടെന്ന് അറിഞ്ഞാലും ഒരക്ഷരം പോലും ചോദിക്കാനാവാത്ത മനുഷ്യരാണ്.

ട്രേഡ് യൂണിയനുകളെയും, ഇടതുപക്ഷ രാഷ്ട്രീയത്തെയും അവര്‍ അപരമായി കാണുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാരണം അവര്‍ക്ക് ഒരിക്കലും എത്തിച്ചേരാനാവാത്ത മനുഷ്യാന്തസ്സ് അവിടെ ഉണ്ടെന്ന് അവര്‍ക്കറിയാം.

ഓട്ടോ ഓടിക്കുന്ന ഒരു തൊഴിലാളി, കേരളത്തിലെ ഏറ്റവും പോപ്പുലറായ ചാനല്‍ അവതാരകരേക്കാള്‍ സ്വന്തം തൊഴിലിടത്തില്‍ അഭിമാനവും അന്തസ്സും അനുഭവിക്കുന്നവരാണ്. സംശയം ഉണ്ടെങ്കില്‍ ഈ അവതാരകര്‍ ആരെങ്കിലും ഓട്ടോയില്‍ കയറിയിട്ട് അവരോട് ഒന്ന് തര്‍ക്കിച്ച് നോക്കട്ടെ. അപ്പോള്‍ അറിയാം.

വണ്ടിയില്‍ കയറുന്നവരോട് കണക്ക് പറഞ്ഞു കാശ് വാങ്ങുന്ന ഓട്ടോ ഡ്രൈവര്‍, ഒരു മണിക്കൂറിന് സ്വയം അഞ്ഞൂറ് രൂപ കൂലിയിടുന്ന പ്ലംബര്‍, തുടങ്ങിയവരൊക്കെയും തൊഴിലാളികള്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരേക്കാള്‍ എത്രയോ മെച്ചപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നവരാണ്. നിങ്ങള്‍ക്ക് പറ്റില്ലേല്‍ വേറെ ആളെ വിളിച്ചോ, എന്നതാണ് അവരുടെ ബോഡി ലാംഗ്വേജ്.

അത് കാലങ്ങള്‍ കൊണ്ട് സമരങ്ങളിലൂടെ അവര്‍ നേടിയെടുത്ത മനുഷ്യാന്തസ്സാണ്. അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹിക്കാന്‍ കഴിയാത്ത ഒന്നാണ്. സ്വന്തം തൊഴിലിടത്തില്‍ അവര്‍ക്ക് ഒരിക്കലും ഈ അന്തസ്സ് കിട്ടുന്നില്ല.

ഈ പ്ലംബറെ പോലെ, ഓട്ടോ ഡ്രൈവറെ പോലെ, ‘നിങ്ങള്‍ക്ക് വേണേ എന്നെ നിലനിര്‍ത്തിയാല്‍ മതി, നിങ്ങള്‍ പറയുന്ന എല്ലാ ടേംസും എനിക്ക് സമ്മതമല്ല’, എന്ന് ഒരു സ്ഥാപനത്തോട് പറയാന്‍ കഴിയുന്ന ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടോ കേരളത്തില്‍? ബുദ്ധിമുട്ടാണ്.

അത് വ്യക്തികളുടെ കുഴപ്പമല്ല. അങ്ങനെയാണ് ഈ ഇന്‍ഡസ്ട്രി പ്രവര്‍ത്തിക്കുന്നത്. അഥവാ ഇതൊരു ഇന്‍ഡസ്ട്രിയാണ്. Hire and Fire പോളിസി നടപ്പിലാക്കുന്ന വെറുമൊരു ഇന്‍ഡസ്ട്രി.

അവിടെ സ്വയം ഉത്തരം താങ്ങി പല്ലികള്‍ ആവാതെ സ്വന്തം പരിമിതി തിരിച്ചറിഞ്ഞ് കുറച്ചുകൂടി ഭൂമിയിലേക്ക് ഇറങ്ങിവന്ന്, കുറച്ചുകൂടി അന്തസ്സും ആത്മാഭിമാനവും ഉള്ളവരായി മാറാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുമോ?

സ്വയം അനുഭവിക്കുന്ന ഈ അന്തസ്സില്ലായ്മയെ, വിധേയത്വത്തെ അവര്‍ മറികടക്കുന്നത് നാട്ടുകാരോട് കലഹിച്ചാണ്. മനുഷ്യരോട് അങ്ങേയറ്റം മര്യാദയില്ലാതെ പെരുമാറുന്നത്, എന്തോ ഉദാത്തമായ മാധ്യമപ്രവര്‍ത്തനമാണ് എന്നവര്‍ കരുതുകയും ചെയ്യുന്നു. ‘ഞങ്ങള്‍ എസ്റ്റാബ്ലിഷ്‌മെന്റിനോട് കലഹിക്കുന്നവരാണ്’ എന്നാണ് ഈ പാവങ്ങള്‍ സ്വയം കരുതുന്നതും മറ്റുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും.

സ്വന്തം തൊഴിലിടം ഒരു ദേശരാഷ്ട്രവും തങ്ങള്‍ അവിടത്തെ വിശ്വസ്തരായ പൗരന്മാരുമാണ്, എന്ന അടിമത്തമനോഭാവത്തില്‍ നിന്ന് പുറത്തുകടന്ന് കുറച്ചുകൂടി മെച്ചപ്പെട്ട ആധുനികമനുഷ്യരാവാന്‍ ശ്രമിക്കുക എന്നതേ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെയ്യാനുള്ളൂ.

‘ഏഷ്യാനെറ്റ് ദേശീയത’ എന്ന ഹര്‍ഷന്‍ പൂപ്പാറക്കാരന്റെ പ്രയോഗമാണ് ഈ എഴുത്തിന്റെ പ്രകോപനം.

Content Highlight: KK Shahina on Media Nationality, Trade Unions and Journalists attitude

കെ.കെ ഷാഹിന

ഓപ്പണ്‍ മാഗസിന്‍ അസിസ്റ്റന്റ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more