'വ്യത്യസ്തനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് എന്ന് ഭാവിച്ചാലും, എത്ര സിനിമകള്‍ കണ്ടാലും,ശബ്ദമുയര്‍ത്തുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുത പുറത്തു ചാടും'
IFFK Controversy
'വ്യത്യസ്തനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് എന്ന് ഭാവിച്ചാലും, എത്ര സിനിമകള്‍ കണ്ടാലും,ശബ്ദമുയര്‍ത്തുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുത പുറത്തു ചാടും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2017, 12:51 pm

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് ജേതാവായ സുരഭിയെ ഐ.എഫ്.എഫ്.കെ യിലേക്ക് ക്ഷണിക്കാതിരുന്ന വിഷയത്തില്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് എം.എല്‍.എ പി.സി വിഷ്ണുനാഥിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന.

വിമെന്‍ ഇന്‍ സിനിമ കളക്ടീവ് അല്ല , സെലക്ടീവ് ആണ് എന്ന , ആ പ്രാസമൊപ്പിച്ചുള്ള പരിഹാസം ഏറ്റെടുത്തു വൈറല്‍ ആക്കിയവരില്‍ സ്ത്രീകള്‍ പോലുമുണ്ട് എന്നത് തന്നില്‍ വലിയ അത്ഭുതമുണ്ടാക്കിയെന്നും ആ സംഘടന ഉണ്ടായ കാലം മുതല്‍ ,അതിന്റെ പ്രവര്‍ത്തകരെ മുഖമില്ലാത്ത ആണ്‍കൂട്ടങ്ങള്‍ അങ്ങേയറ്റം ഹീനമായ ഭാഷയില്‍ ആക്രമിക്കുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോയെന്നും ഷാഹിന ചോദിക്കുന്നു.

എന്നാല്‍ താങ്കളെപോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ,ഈ ആണ്‍കൂട്ടത്തോടൊപ്പം ചേര്‍ന്ന് നിന്ന് കൊണ്ട് ആക്ഷേപമുന്നയിക്കുന്നത് പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഷാഹിന വിഷ്ണുനാഥിന് മറുപടി പറയുന്നത്.

ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായിട്ടു പോലും താങ്കളുടെ വിമര്‍ശനവും പരിഹാസവും സര്‍ക്കാറിനോടല്ല, മറിച്ചു WCC യോടാണ് എന്നതാണ് അത്ഭുതമായി തോന്നുന്നത്. അതെന്തു കൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ വിഷ്ണുനാഥ്.

എത്ര വ്യത്യസ്തനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് എന്ന് ഭാവിച്ചാലും ,എത്ര ലോകോത്തര സിനിമകള്‍ കണ്ടാലും , ശബ്ദമുയര്‍ത്തുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുത അറിയാതെ പുറത്തു ചാടും.

എത്രയായാലും താങ്കള്‍ ഒരു ശരാശരി മലയാളി പുരുഷന്‍ തന്നെയാണല്ലോ. മമ്മൂട്ടിയുടെ ഒരു സിനിമയെ വിമര്‍ശിച്ചതിന് പാര്‍വതി എന്ന നടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം താങ്കള്‍ കണ്ടിട്ടുണ്ടാവാതിരിക്കാന്‍ വഴിയില്ല. അതേ കുറിച്ച് ഒരു വാക്ക് പോലും പറയാതെയാണ് WCC യോടുള്ള ഈ പരിഹാസം

എന്തായാലും താങ്കള്‍ക്ക് ധൈര്യമായി ട്രോളാന്‍ സിനിമാമേഖലയില്‍ ഒരു സംഘടനയുണ്ടായത് നന്നായി. “”അമ്മ”യെയും മാക്ടയെയും ഒന്നും ഇങ്ങനെ പരിഹസിക്കാന്‍ പറ്റില്ലല്ലോ, അല്ലേ ? വുമണ്‍ ഇന്‍ സെലെക്ടിവ് എന്നൊക്കെ ട്രോളിയതല്ലാതെ എന്താണ് WCC യോടുള്ള വിമര്‍ശനം എന്ന് താങ്കള്‍ കൃത്യമായി പറഞ്ഞില്ല .

സുരഭിയെ ആദരിക്കാത്തതില്‍ പ്രതിഷേധിച്ചില്ല എന്നതാണോ? ആണെങ്കില്‍ WCC യെ ആക്രമിക്കാന്‍ താങ്കള്‍ ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു എന്ന് കരുതേണ്ടി വരും. അങ്ങനെ ഒരു പതിവില്ലെന്നു അറിയാമായിരുന്നിട്ടും സോഷ്യല്‍ മീഡിയയിലെ ആണ്‍കൂട്ടങ്ങളുടെ കയ്യടി നേടാന്‍ നടത്തിയ വില കുറഞ്ഞ ഒരു ശ്രമമായി പോയി ഇതെന്നേ പറയാന്‍ കഴിയൂ .

സുരഭിക്കു വേണ്ടി സംസാരിക്കുന്നു എന്ന വ്യാജേന സോഷ്യല്‍ മീഡിയയിലെ ആള്‍ക്കൂട്ടം യഥാര്‍ത്ഥത്തില്‍ ശ്രമിക്കുന്നത് അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ അതിന്റെ പേരില്‍ കല്ലെറിയുക മാത്രമാണ് .ഇന്ന് വരെ ഒരു മെഗാ സ്റ്റാറും നേടിയിട്ടില്ലാത്ത അന്താരാഷ്ട്രപുരസ്‌കാരം നേടിയ പാര്‍വതിയെ ഉല്‍ഘാടന സെഷനില്‍ വിളിച്ചു ആദരിച്ചില്ല എന്ന പരാതിയൊന്നും ആര്‍ക്കുമില്ലല്ലോ .താങ്കള്‍ക്കുമില്ല .കാരണം ലളിതമാണ് . അവര്‍ ഈ ആങ്ങളമാരുടെ ലാളനക്ക് നിന്ന് തരാന്‍ തയ്യാറല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട് . നിര്‍ഭയമായി അഭിപ്രായം പറയും .അങ്ങനത്തെ പെണ്ണുങ്ങള്‍ ശരിയല്ല .അത്രയേ ഉള്ളൂ .

ഞാന്‍ എന്തിന് WCC ക്കു വേണ്ടി സംസാരിക്കുന്നു എന്നല്ലേ ? ഉത്തരം വളരെ വ്യകതിപരമാണ് .അസംഘടിത മേഖലയിലെ ഒരു സ്ത്രീ തൊഴിലാളിയാണ് ഞാന്‍. അത് കൊണ്ട് അസംഘടിത മേഖലയിലെ സ്ത്രീകളുടെ ഏതൊരു കൂട്ടായ്മയെയും ആവേശത്തോടെയാണ് ഞാന്‍ കാണുന്നത് .അവരുടെ ജീവിത സമരങ്ങളോട് ഞാന്‍ ഐക്യപ്പെടുന്നു .അത് നേഴ്‌സുമാരായാലും സിനിമാപ്രവര്‍ത്തകരായാലും.

“”സുരഭിയെ ആദരിച്ചില്ല എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപമുന്നയിക്കുന്ന പലരും ചലച്ചിത്രമേള ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരാണോ എന്ന് സംശയമാണ്. പക്ഷേ ഈ ആക്ഷേപത്തില്‍ യാതൊരു കഴമ്പുമില്ല എന്ന് മറ്റാരേക്കാളും നന്നായി താങ്കള്‍ക്കറിയേണ്ടതാണ് .

യു.ഡി.എഫിന്റെ ഉത്തരവാദിത്തപ്പെട്ട പ്രതിനിധി എന്ന നിലയിലും മേളയിലെ ഒരു സ്ഥിരം പ്രേക്ഷകന്‍ എന്ന നിലയിലും ഒന്ന് ചോദിക്കട്ടെ ? ദേശീയ അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടുന്നവരെ എപ്പോഴെങ്കിലും അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദരിച്ചിട്ടുണ്ടോ ?

അങ്ങനെയൊരു പതിവുണ്ടോ ? ഞാന്‍ ഇത് വരെ കണ്ടിട്ടില്ല .യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ചലച്ചിത്ര മേളകളില്‍ എപ്പോഴെങ്കിലും അങ്ങനെ ഒരു ചടങ്ങ് ഉണ്ടായിട്ടുണ്ടോ? അത്തരം പരിപാടികളൊന്നുമില്ല എന്നത് ഈ മേളയുടെ ഒരു വലിയ ഗുണമായാണ് ഞാന്‍ കാണുന്നത്””. – ഷാഹിന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സാധാരണക്കാരിയായ ഞാനും എം.എല്‍.എ ആയ നിങ്ങളും സ്‌ക്രീനില്‍ നിന്നിറങ്ങി വരുന്ന “താരങ്ങളും ” ഒക്കെ ഒരു പോലെ ക്യൂ നിന്ന് സിനിമ കാണുന്നയിടമാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദി.

IFFK യുടെ പ്രേക്ഷകര്‍ സിനിമ കാണാനാണ് വരുന്നത് താരാരാധന തലയ്ക്കു പിടിച്ചവരല്ല പൊതുവെ ഐ.എഫ്.എഫ്.കെ പ്രേക്ഷകര്‍ .താരങ്ങളെ ആദരിക്കുന്നത് പോലുള്ള നീണ്ടു നില്‍ക്കുന്ന മുഷിപ്പന്‍ ചടങ്ങുകളില്‍ വെറും കാഴ്ചക്കാരായി ഇരിക്കാനല്ല ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ്‌സ് വരുന്നത് എന്നാണ് തന്റെ ബോധ്യം.- ഷാഹിന കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട വിഷ്ണുനാഥ് ,

താങ്കള്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലും ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയിലും നമ്മള്‍ പല വട്ടം കണ്ടിട്ടുണ്ട് .സംസാരിച്ചിട്ടുണ്ട് .പക്ഷേ അതൊന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കാന്‍ മാത്രം പ്രധാനമായിരുന്നില്ല .താങ്കളെ കുറിച്ച് എന്റെ മനസ്സിലുള്ള ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഒരു സ്ഥിരം സാന്നിധ്യം എന്ന നിലക്കാണ് . “കോണ്‍ഗ്രസ്സുകാര് സിനിമയൊക്കെ കാണുമോ ” എന്ന എന്റെ “ഇടതുപക്ഷ വരേണ്യപൊതുബോധ”ത്തെ തിരുത്തിയത് താങ്കളാണ്. അതിന്റെ സ്‌നേഹവും ബഹുമാനവും എനിക്കെപ്പോഴുമുണ്ട് . വിമെന്‍ ഇന്‍ സിനിമ എന്ന കളക്ടീവിനെ കുറിച്ച് താങ്കള്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് . വിമെന്‍ ഇന്‍ സിനിമ കളക്ടീവ് അല്ല , സെലക്ടീവ് ആണ് എന്ന ,ആ പ്രാസമൊപ്പിച്ചുള്ള പരിഹാസം ഏറ്റെടുത്തു വൈറല്‍ ആക്കിയവരില്‍ സ്ത്രീകള്‍ പോലുമുണ്ട് എന്നത് എനിക്ക് വലിയ അത്ഭുതമുണ്ടാക്കി . ആ സംഘടന ഉണ്ടായ കാലം മുതല്‍ ,അതിന്റെ പ്രവര്‍ത്തകരെ മുഖമില്ലാത്ത ആണ്‍കൂട്ടങ്ങള്‍ അങ്ങേയറ്റം ഹീനമായ ഭാഷയില്‍ ആക്രമിക്കുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ .പക്ഷേ അതൊക്കെ അവഗണനയല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ല .എന്നാല്‍ താങ്കളെപോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ,ഈ ആണ്‍കൂട്ടത്തോടൊപ്പം ചേര്‍ന്ന് നിന്ന് കൊണ്ട് ആക്ഷേപമുന്നയിക്കുന്നത് പ്രതികരണം അര്‍ഹിക്കുന്നുണ്ട് .

1997 ലെ IFFI മുതല്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ .താങ്കളും അങ്ങനെ തന്നെയാണ് എന്നെനിക്കറിയാം.സുരഭിയെ ആദരിച്ചില്ല എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപമുന്നയിക്കുന്ന പലരും ചലച്ചിത്രമേള ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരാണോ എന്ന് സംശയമാണ് .പക്ഷേ ഈ ആക്ഷേപത്തില്‍ യാതൊരു കഴമ്പുമില്ല എന്ന് മറ്റാരേക്കാളും നന്നായി താങ്കള്‍ക്കറിയേണ്ടതാണ് .

യു ഡി എഫിന്റെ ഉത്തരവാദിത്തപ്പെട്ട പ്രതിനിധി എന്ന നിലയിലും മേളയിലെ ഒരു സ്ഥിരം പ്രേക്ഷകന്‍ എന്ന നിലയിലും ഒന്ന് ചോദിക്കട്ടെ ? ദേശീയ അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടുന്നവരെ എപ്പോഴെങ്കിലും അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദരിച്ചിട്ടുണ്ടോ ?

അങ്ങനെയൊരു പതിവുണ്ടോ ? ഞാന്‍ ഇത് വരെ കണ്ടിട്ടില്ല .യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ചലച്ചിത്ര മേളകളില്‍ എപ്പോഴെങ്കിലും അങ്ങനെ ഒരു ചടങ്ങ് ഉണ്ടായിട്ടുണ്ടോ? അത്തരം പരിപാടികളൊന്നുമില്ല എന്നത് ഈ മേളയുടെ ഒരു വലിയ ഗുണമായാണ് ഞാന്‍ കാണുന്നത് .

സാധാരണക്കാരിയായ ഞാനും എം എല്‍ എ ആയ നിങ്ങളും സ്‌ക്രീനില്‍ നിന്നിറങ്ങി വരുന്ന “താരങ്ങളും ” ഒക്കെ ഒരു പോലെ ക്യൂ നിന്ന് സിനിമ കാണുന്നയിടമാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദി.

IFFK യുടെ പ്രേക്ഷകര്‍ സിനിമ കാണാനാണ് വരുന്നത് താരാരാധന തലയ്ക്കു പിടിച്ചവരല്ല പൊതുവെ IFFK പ്രേക്ഷകര്‍ .താരങ്ങളെ ആദരിക്കുന്നത് പോലുള്ള നീണ്ടു നില്‍ക്കുന്ന മുഷിപ്പന്‍ ചടങ്ങുകളില്‍ വെറും കാഴ്ചക്കാരായി ഇരിക്കാനല്ല IFFK ഡെലിഗേറ്റ്‌സ് വരുന്നത് എന്നാണ് എന്റെ ബോധ്യം .

എന്നിരുന്നാലും ഇത് വരെ ഇല്ലാത്ത ഒരു കാര്യം ഈ വര്‍ഷം ചെയ്യണമെന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് നേരത്തെ കൂട്ടി സര്‍ക്കാരിനോട് അത് ആവശ്യപ്പെടാമായിരുന്നു . അങ്ങനെ ഒരാവശ്യം താങ്കളെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാള്‍ ഉന്നയിച്ചിരുന്നുവെങ്കില്‍ അത്തരത്തില്‍ ഒരു ചടങ്ങ് മേളയില്‍ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ തയ്യാറാവുമായിരുന്നു എന്നാണു എന്റെ വിശ്വാസം .

സുരഭി മികച്ച നടിയാണ് .സുരഭിക്കു അവാര്‍ഡ് കിട്ടിയ ചിത്രം ഞാന്‍ കണ്ടിട്ടില്ല ,പക്ഷേ അവരുടെ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ തന്നെ മതി അവരിലെ അഭിനയപ്രതിഭയെ മനസ്സിലാക്കാന്‍. എന്നിരുന്നാലും സുരഭിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കുറിച്ച് ചിലപ്പോള്‍ കാര്യമായി അറിയാന്‍ വഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത് .

അവര്‍ മേളക്ക് വരാറില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ , ദേശീയ പുരസ്‌കാരമോ , മറ്റേതെങ്കിലും പുരസ്‌കാരമോ കിട്ടിയവരെ ആദരിക്കുന്ന ചടങ്ങൊന്നും മേളയിലുണ്ടാവാറില്ല എന്ന് അവര്‍ക്ക് അറിയാനും വഴിയില്ല .അത് ഒരു തെറ്റല്ല . പക്ഷേ അങ്ങനെ ഒരു പതിവില്ല എന്ന് നന്നായി അറിയാവുന്ന താങ്കള്‍ക്ക് അവരെ ഫോണില്‍ വിളിച്ചു അക്കാര്യം പറയാവുന്നതായിരുന്നു .

പക്ഷേ താങ്കള്‍ അതല്ല ചെയ്യുന്നത് എന്നത് നിരാശയുണ്ടാക്കി എന്ന് പറയാതെ വയ്യ . അന്താരാഷ്ട്രചലച്ചിത്ര മേളയില്‍ പങ്കെടുക്കണമെങ്കില്‍ സുരഭിയെ പോലെ ഒരാള്‍ക്ക് പാസ്സ് നേരത്തെ പ്രിന്റ് ചെയ്ത് വീട്ടിലെത്തിച്ചു കൊടുക്കുകയൊന്നും വേണ്ട എന്നും താങ്കള്‍ക്ക് നന്നായി അറിയാമല്ലോ . മേള കണ്ടിട്ട് പോലുമില്ലാത്ത സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ക്ക് അത് അറിയാതിരിക്കുന്നത് സ്വാഭാവികമാണ് .

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരെങ്കിലും പാസ്സ് കിട്ടാത്തത് കൊണ്ട് മേളയില്‍ പങ്കെടുക്കാന്‍ പറ്റാതെ പോയതായി താങ്കള്‍ കേട്ടിട്ടുണ്ടോ ? ക്യൂ നിന്ന് സീറ്റ് കിട്ടാതെ ചിലപ്പോള്‍ സിനിമ കാണാന്‍ പറ്റാതെ പോയിട്ടുണ്ടാവും . സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാരും മേളയില്‍ ക്ഷണിതാക്കളായല്ല പങ്കെടുക്കുന്നത് എന്ന് താങ്കള്‍ക്ക് അറിയാതെയല്ലല്ലോ .

അതിനേക്കാളേറെ അത്ഭുതമായി തോന്നുന്നത് താങ്കളുടെ വിമര്‍ശനവും പരിഹാസവും സര്‍ക്കാറിനോടല്ല, മറിച്ചു WCC യോടാണ് എന്നതാണ് . ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായിട്ടു പോലും . . അതെന്തു കൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ വിഷ്ണുനാഥ് . എത്ര വ്യത്യസ്തനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് എന്ന് ഭാവിച്ചാലും ,എത്ര ലോകോത്തര സിനിമകള്‍ കണ്ടാലും , ശബ്ദമുയര്‍ത്തുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുത അറിയാതെ പുറത്തു ചാടും .

എത്രയായാലും താങ്കള്‍ ഒരു ശരാശരി മലയാളി പുരുഷന്‍ തന്നെയാണല്ലോ . മമ്മൂട്ടിയുടെ ഒരു സിനിമയെ വിമര്‍ശിച്ചതിന് പാര്‍വതി എന്ന നടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം താങ്കള്‍ കണ്ടിട്ടുണ്ടാവാതിരിക്കാന്‍ വഴിയില്ല . അതേ കുറിച്ച് ഒരു വാക്ക് പോലും പറയാതെയാണ് WCC യോടുള്ള ഈ പരിഹാസം .

എന്തായാലും താങ്കള്‍ക്ക് ധൈര്യമായി ട്രോളാന്‍ സിനിമാമേഖലയില്‍ ഒരു സംഘടനയുണ്ടായത് നന്നായി . “”അമ്മ”യെയും മാക്ടയെയും ഒന്നും ഇങ്ങനെ പരിഹസിക്കാന്‍ പറ്റില്ലല്ലോ , അല്ലേ ? വുമണ്‍ ഇന്‍ സെലെക്ടിവ് എന്നൊക്കെ ട്രോളിയതല്ലാതെ എന്താണ് WCC യോടുള്ള വിമര്‍ശനം എന്ന് താങ്കള്‍ കൃത്യമായി പറഞ്ഞില്ല .

സുരഭിയെ ആദരിക്കാത്തതില്‍ പ്രതിഷേധിച്ചില്ല എന്നതാണോ ? ആണെങ്കില്‍ WCC യെ ആക്രമിക്കാന്‍ താങ്കള്‍ ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു എന്ന് കരുതേണ്ടി വരും . അങ്ങനെ ഒരു പതിവില്ലെന്നു അറിയാമായിരുന്നിട്ടും സോഷ്യല്‍ മീഡിയയിലെ ആണ്‍കൂട്ടങ്ങളുടെ കയ്യടി നേടാന്‍ നടത്തിയ വില കുറഞ്ഞ ഒരു ശ്രമമായി പോയി ഇതെന്നേ പറയാന്‍ കഴിയൂ .

സുരഭിക്കു വേണ്ടി സംസാരിക്കുന്നു എന്ന വ്യാജേന സോഷ്യല്‍ മീഡിയയിലെ ആള്‍ക്കൂട്ടം യഥാര്‍ത്ഥത്തില്‍ ശ്രമിക്കുന്നത് അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ അതിന്റെ പേരില്‍ കല്ലെറിയുക മാത്രമാണ് .ഇന്ന് വരെ ഒരു മെഗാ സ്റ്റാറും നേടിയിട്ടില്ലാത്ത അന്താരാഷ്ട്രപുരസ്‌കാരം നേടിയ പാര്‍വതിയെ ഉല്‍ഘാടന സെഷനില്‍ വിളിച്ചു ആദരിച്ചില്ല എന്ന പരാതിയൊന്നും ആര്‍ക്കുമില്ലല്ലോ .താങ്കള്‍ക്കുമില്ല .കാരണം ലളിതമാണ് . അവര്‍ ഈ ആങ്ങളമാരുടെ ലാളനക്ക് നിന്ന് തരാന്‍ തയ്യാറല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട് . നിര്‍ഭയമായി അഭിപ്രായം പറയും .അങ്ങനത്തെ പെണ്ണുങ്ങള്‍ ശരിയല്ല .അത്രയേ ഉള്ളൂ .

ഞാന്‍ എന്തിന് WCC ക്കു വേണ്ടി സംസാരിക്കുന്നു എന്നല്ലേ ? ഉത്തരം വളരെ വ്യകതിപരമാണ് .അസംഘടിത മേഖലയിലെ ഒരു സ്ത്രീ തൊഴിലാളിയാണ് ഞാന്‍ . അത് കൊണ്ട് അസംഘടിത മേഖലയിലെ സ്ത്രീകളുടെ ഏതൊരു കൂട്ടായ്മയെയും ആവേശത്തോടെയാണ് ഞാന്‍ കാണുന്നത് .അവരുടെ ജീവിത സമരങ്ങളോട് ഞാന്‍ ഐക്യപ്പെടുന്നു .അത് നേഴ്‌സുമാരായാലും സിനിമാപ്രവര്‍ത്തകരായാലും .

അതേ സമയം .മേളക്കെതിരെ കാമ്പുള്ള വിമര്‍ശനങ്ങള്‍ പലരും ഉന്നയിച്ചിരുന്നു .മലയാള സിനിമയെ പിന്തുണക്കുന്നതില്‍ മേള എത്രത്തോളം വിജയിക്കുന്നുണ്ട് എന്നതടക്കം . ദേശീയ അവാര്‍ഡ് ജേതാവായ K R Manoj അടക്കമുള്ളവര്‍ ഉന്നയിച്ച വിമര്‍ശനത്തോടൊപ്പമാണ് ഞാന്‍ .നമ്മുടെ മേളയെ അത്തരത്തില്‍ തിരുത്താനും കൂടുതല്‍ മികവുറ്റതാക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം ഇത്തരം വില കുറഞ്ഞ പരിഹാസങ്ങള്‍ ഉന്നയിക്കുന്നത് മോശമാണ് .

വിമര്‍ശനം പറഞ്ഞുവെന്നേയുള്ളൂ .രാജ്യം ആപത്കരമായ ഒരു രാഷ്ട്രീയപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ (മാറ്റി വെച്ചു കൊണ്ടല്ല ) ഒന്നിച്ചു നില്‍ക്കേണ്ടവരാണ് നമ്മള്‍ എന്ന ബോധ്യം എനിക്കുണ്ട് . താങ്കളും അതംഗീകരിക്കും എന്ന് കരുതുന്നു . അത് കൊണ്ട് തന്നെ സ്ത്രീകളുടെ പോരാട്ടങ്ങളെ തകര്‍ക്കാനല്ല ,അവര്‍ക്കു കരുത്തു പകരാനാണ് താങ്കളെ പോലെ ഇരുത്തം വന്ന രാഷ്ട്രീയക്കാര്‍ ശ്രമിക്കേണ്ടത് .

സസ്‌നേഹം