'ദേശീയ തലത്തില്‍ സി.പി.ഐ.എം നടത്തിയ പ്രതിഷേധങ്ങളും അംഗീകരിക്കുന്നില്ല'; പൂന്തുറയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ.കെ ശൈലജ
Kerala News
'ദേശീയ തലത്തില്‍ സി.പി.ഐ.എം നടത്തിയ പ്രതിഷേധങ്ങളും അംഗീകരിക്കുന്നില്ല'; പൂന്തുറയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ.കെ ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th July 2020, 9:34 am

തിരുവനന്തപുരം: കൊവിഡ് കാലത്ത് ദേശീയ തലത്തില്‍ സി.പി.ഐ.എം നടത്തിയ പ്രതിഷേധങ്ങളടക്കം അംഗീകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗവുമായ കെ.കെ ശൈലജ. പശ്ചിമ ബംഗാളില്‍ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സി.പി.ഐ.എം നടത്തിയ പ്രതിഷേധത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. എഷ്യാനെറ്റ് ന്യൂസിനോടാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പാര്‍ട്ടി ഏത് എന്നുള്ളതല്ല ഇവിടെ പ്രശ്‌നം. അത് അംഗീകരിക്കാന്‍ കഴിയില്ല. അതേസമയം, കേരളത്തില്‍ സി.പി.ഐ.എം കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഒരു പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തില്‍ ഒരു സ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ നില്‍ക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കിയാണ് ഇത് സംഘടിപ്പിച്ചത്. രണ്ട് മീറ്റര്‍ അകലം പാലിച്ച് മാസ്‌ക് ധരിച്ച് പ്രതിഷേധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. അങ്ങനെയും പ്രതിഷേധിക്കാം. കേരളത്തില്‍ എവിടെയെങ്കിലും ഇടതുപക്ഷത്തിന്റെ ആളുകള്‍ അതില്‍നിന്നും ഭിന്നമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതും തെറ്റാണ്. ഇടത് പക്ഷമാണോ മറ്റേതെങ്കിലും പക്ഷമാണോ എന്നതല്ല ഇവിടെ കാര്യം. ഇത് ജനങ്ങളാകെ അംഗീകരിക്കേണ്ടതാണ്. പശ്ചിമ ബംഗാളിനെ ഉയര്‍ത്തിക്കാണിച്ച് കൊലവിളി ബാലന്‍സ് ചെയ്യരുത്’, കെ.കെ ശൈലജ പറഞ്ഞു. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി

ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. പൂന്തുറയിലെ ജനങ്ങളെ ആരോ ഇളക്കിവിട്ടതാണ്. ജനങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ആരാണ് അവരെ ഇതിന് പ്രേരിപ്പച്ചെന്ന് പരിശോധിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ സമീപനം അംഗീകരിക്കാനാവില്ല. ആളുകള്‍ ഇത്തരക്കാരെ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

ചില പ്രദേശങ്ങളില്‍ മാത്രമാണ് സമ്പര്‍ക്ക വ്യാപനത്തിന്റെ ആശങ്കയുള്ളത്. തീരദേശ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും കെ.കെ ശൈലജ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ