| Sunday, 2nd May 2021, 12:31 pm

ഈ നേട്ടം ടി.പി ചന്ദ്രശേഖരന് സമര്‍പ്പിക്കുന്നു; വടകരയിലെ ലീഡില്‍ കെ.കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി വടകര മണ്ഡലത്തില്‍ 8000ത്തിലേറെ വോട്ടുകളുടെ ലീഡില്‍ മുന്നേറുന്ന ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമ.

നല്ലവരായ വോട്ടര്‍മാരോട്, തന്നെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ചവരോട് ഈ ഘട്ടത്തില്‍ നന്ദി പറയുകയാണ്. ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അവര്‍ വോട്ടുചെയ്തത്.

അരുംകൊലയ്‌ക്കെതിരെയുള്ള മറുപടിയാണ് ഇത്. കേരളത്തിലുടനീളം ഇടത് അനൂകൂല തരംഗം ഉണ്ടായപ്പോഴും ഇവിടെ നടന്ന കൊലപാതകത്തിനുള്ള മറുപടിയാണ് വടകരയിലെ ജനങ്ങള്‍ നല്‍കിയത്. ചരിത്രം പരിശോധിച്ചാല്‍ രണ്ട് തവണ മാത്രമാണ് മറ്റുപാര്‍ട്ടികള്‍ ഇവിടെ ജയിച്ചുപോന്നത്. ഇടതുമുന്നണിയുടെ മണ്ണാണ് ഇത്. അവിടെയാണ് ജയിച്ചുപോന്നത്.

യു.ഡി.എഫിന്റെ നേതൃത്വവും പ്രവര്‍ത്തകരും നന്നായി പ്രവര്‍ത്തിച്ചു. അവര്‍ക്കുള്ള നന്ദി കൂടി ഈ ഘട്ടത്തില്‍ അറിയിക്കുകയാണ്. പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. നല്ല രൂപത്തിലുള്ള ഭൂരിപക്ഷത്തിലേക്ക് വരുന്നുണ്ട്. ഇനിയും കുറച്ചു സമയം കൂടിയുണ്ട്. ഈ വിജയം താന്‍ ടി.പി ചന്ദ്രശേഖരന് സമര്‍പ്പിക്കുകയാണെന്നും കെ.കെ രമ പറഞ്ഞു.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും രമ തന്നെയായിരുന്നു വടകരയില്‍ മുന്നില്‍. മനയത്ത് ചന്ദ്രനാണ് വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. 95 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നേറുമ്പോള്‍ 42 സീറ്റുകളിലാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. 3 സീറ്റുകളില്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം കുറ്റ്യാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയാണ് മുന്നിട്ട് നില്‍ക്കുന്നത്. നാദാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.കെ വിജയനാണ് മുന്നില്‍. കൊയിലാണ്ടി കാനത്തില്‍ ജമീല മുന്നിലാണ്.

പേരാമ്പ്ര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ വിജയിച്ചിട്ടുണ്ട്. ബാലുശേരി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് മുന്നിലാണ്. എലത്തൂരിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ ശശീന്ദ്രന്‍ മുന്നിലാണ്. കോഴിക്കോട് നോര്‍ത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രനും കോഴിക്കോട് സൗത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവില്‍ കോവിലും മുന്നിലാണ്.

ബേപ്പൂരില്‍ പി.എ മുഹമ്മദ് റിയാസ് മുന്നിലാണ്. കുന്ദമംഗലത്തും കൊടുവള്ളിയിലും എല്‍.ഡി.എഫ് തന്നെയാണ് മുന്നില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KK Rema Vatakara Comment

We use cookies to give you the best possible experience. Learn more